2019-2020 വർഷത്തെ ഓസ്ട്രേലിയൻ കുടിയേറ്റത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടാണ് ആഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ചത്.
ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ കുടിയേറ്റമാണ് ഇക്കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് ഉണ്ടായിരിക്കുന്നത്.
1,40,366 പേരാണ് കഴിഞ്ഞ വർഷം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
1,60,000 ആയിരുന്നു കുടിയേറ്റത്തിന് നിശ്ചയിച്ചിരുന്ന പരിധിയെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ കൊറോണവൈറസ് ബാധ മൂലം ഏർപ്പെടുത്തിയ അതിർത്തി നിയന്ത്രണങ്ങൾ ഇതിനെ കാര്യമായി ബാധിച്ചു.
2018-19ൽ 1,60,323 പേരായിരുന്നു രാജ്യത്തേക്കുള്ള ആകെ കുടിയേറ്റക്കാർ.
മുന്നിൽ ഇന്ത്യ തന്നെ
കഴിഞ്ഞ ഏതാനും വർഷങ്ങളിലേതു പോലെ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ തന്നെയാണ് 2019-20ലും ഏറ്റവും മുന്നിൽ.
ഇന്ത്യയിൽ നിന്ന് 25,698 പേരാണ് കഴിഞ്ഞ വർഷം കുടിയേറിയത്. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ നിന്ന് 18,587 പേരും, മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടനിൽ നിന്ന് 10,681 പേരും കുടിയേറി.
ആകെ കുടിയേറ്റത്തിൽ സ്കിൽഡ് വിസകളിൽ എത്തിയവരാണ് കൂടുതലും. 95,483 പേരാണ് സ്കിൽഡ് വിസകളിൽ എത്തിയത്.
കുടിയേറ്റം കുറയുന്നത് വെസ്റ്റേൺ ഓസ്ട്രേലിയയിൽ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഓസ്ട്രേലിയൻ കുടിയേറ്റത്തിൽ ഏറ്റവുമധികം നഷ്ടമുണ്ടായിരിക്കുന്ന സംസ്ഥാനം വെസ്റ്റേൺ ഓസ്ട്രേലിയയാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മൈനിംഗ് ബൂം സമയത്ത് ഏറ്റവുമധികം കുടിയേറ്റം നടന്ന സംസ്ഥാനങ്ങളിലൊന്നായിരുന്നു വെസ്റ്റേൺ ഓസ്ട്രേലിയ. എന്നാൽ ഇപ്പോൾ ആകെ കുടിയേറ്റത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തു മാത്രമാണ് ഓസ്ട്രേലിയയുടെ മൂന്നിലൊന്ന് (32.9%) വലിപ്പമുള്ള ഈ സംസ്ഥാനം.
2012-13ൽ ഓസ്ട്രേലിയയിലേക്കുള്ള മൊത്തം കുടിയേറ്റത്തിന്റെ 16 ശതമാനവും വെസ്റ്റേൺ ഓസ്ട്രേലിയയിലേക്കായിരുന്നു.
എന്നാൽ ഇപ്പോൾ അത് പകുതിയായാണ് കുറഞ്ഞിട്ടുള്ളത്.
2018-19ൽ ഓസ്ട്രേലിയയിലേക്ക് ആകെ കുടിയേറിയതിൽ 7.6 ശതമാനം പേരും, 2019-20ൽ 8.1 ശതമാനം പേരും മാത്രമാണ് വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് എത്തിയത്.

Source: Migration report 2020
കുടിയേറിയെത്തിയവരുടെ എണ്ണം നോക്കിയാൽ ഈ ഇടിവ് കൂടുതൽ വ്യക്തമാകും.
2012-13ൽ ആകെ 30,383 പേർ വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് കുടിയേറിയതെങ്കിൽ, ഇക്കഴിഞ്ഞ വർഷം അത് 11,377 മാത്രമാണ്.
സ്കിൽഡ് കുടിയേറ്റത്തിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന എംപ്ലോയർ സ്പോൺസേർഡ് വിസകളിൽ എത്തുന്നവരിലെ കുറവാണ് ഇതിന് പ്രധാന കാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
കുടിയേറ്റം കൂടുന്നത് ഈ സംസ്ഥാനങ്ങളിൽ
മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുണ്ടായിരുന്ന ഓസ്ട്രേലിയൻ കുടിയേറ്റം ഉൾനാടൻ ഓസ്ട്രേലിയയിലേക്ക് വികേന്ദ്രീകരിക്കാൻ ഫെഡറൽ സർക്കാർ കഴിഞ്ഞ വർഷം പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ഇതിനായി രണ്ടു പുതിയ വിസകളും കഴിഞ്ഞ നവംബറിൽ സർക്കാർ പ്രഖ്യാപിച്ചു.
ഈ റീജിയണൽ കുടിയേറ്റ പദ്ധതിയുടെ നേട്ടം ഏറ്റവുമധികമുണ്ടായത് ടാസ്മേനിയ, സൗത്ത് ഓസ്ട്രേലിയ, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നീ പ്രദേശങ്ങൾക്കാണ്.
ഓസ്ട്രേലിയയിലേക്കുള്ള ആകെ കുടിയേറ്റം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞപ്പോഴും, ഈ മൂന്നു സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം കൂടുകയാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം ആകെ അനുവദിച്ച 23,372 റീജിയണൽ വിസകളിൽ, 10,572 പേരും കുടിയേറിയത് ഈ മൂന്നു ചെറിയ സംസ്ഥാനങ്ങളിലേക്കാണ്.
അതോടൊപ്പം, നോർതേൺ ടെറിട്ടറിയിലേക്കും 1,302 പേർ റീജിയണൽ വിസകളിലൂടെ കുടിയേറി.
ഇതോടെ ഓസ്ട്രേലിയയിലെ മൊത്തം കുടിയേറ്റത്തിൽ ഈ ചെറിയ സംസ്ഥാനങ്ങളുടെ അനുപാതവും കൂടിയിട്ടുണ്ട്.

Source: SBS
സിഡ്നിയിലേക്കും മെൽബണിലേക്കുമുള്ള കുടിയേറ്റം കുറയ്ക്കാനും, ഉൾനാടൻ മേഖലകളെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാർ ശ്രമം ഈ സംസ്ഥാനങ്ങളെ സഹായിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഒക്ടോബർ രണ്ടാം വാരത്തിൽ ഫെഡറൽ ബജറ്റ് അവതരിപ്പിക്കുമ്പോഴായിരിക്കും 2020-21ലെ കുടിയേറ്റ നയം സംബന്ധിച്ച് സർക്കാർ കൂടുതൽ വ്യക്തത നൽകുന്നത്.