ഓസ്‌ട്രേലിയൻ തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി ലേബർ പാർട്ടി എന്നീ രണ്ട് പാർട്ടികളെ കേന്ദ്രീകരിച്ചാണ് കൂടുതൽ ചർച്ചകളും നടക്കുന്നത്. എന്നാൽ ചെറിയ പാർട്ടികൾക്കും സർക്കാർ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കേണ്ടി വന്നേക്കാം.
ലിബറൽ-നാഷണൽസ് സഖ്യത്തിനോ ലേബറിനോ സ്വന്തമായി സർക്കാർ രൂപീകരിക്കാൻ എളുപ്പമായിരിക്കില്ല എന്നാണ് പോളുകൾ നൽകുന്ന സൂചന. ഇങ്ങനെ വന്നാൽ ചെറിയ പാർട്ടികളുടെ സഹായം ഇവർക്ക് അനിവാര്യമാകും.
ഇതിൽ കണക്കിലെടുക്കേണ്ടത് മൂന്ന് പ്രധാന പാർട്ടികളെയാണ്: ഗ്രീൻസ് പാർട്ടി, യുണൈറ്റഡ് ഓസ്‌ട്രേലിയ പാർട്ടി, വൺ നേഷൻ പാർട്ടി.
ഗ്രീൻസ് പാർട്ടിയുടെ നിലപാടുകൾ
കഴിഞ്ഞ ഫെഡറൽ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം വോട്ടുകൾ ലഭിച്ച മൂന്നാമത്തെ പാർട്ടി ഗ്രീൻസ് പാർട്ടിയാണ്.
പാരിസ്ഥിതിക സുസ്ഥിരത, താഴേക്കിടയിലുള്ളവർക്കും ബാധകമാകുന്ന ജനാധിപത്യം, സാമൂഹ്യ നീതി, സമാധാനവും അഹിംസയും എന്നിവയാണ് ഗ്രീൻസ് പാർട്ടിയുടെ നാല് പ്രധാന തത്വങ്ങൾ.
"കോടീശ്വരന്മാർക്കും വൻകിട കോർപ്പറേഷനുകൾക്കും നികുതി ചുമത്തുക, എല്ലാവർക്കും മെച്ചപ്പെട്ട ജീവിതത്തിന് ആവശ്യമായ കാര്യങ്ങൾ ഒരുക്കുക" എന്നതാണ് 2022ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗ്രീൻസ് പാർട്ടി സ്വീകരിച്ചിരിക്കുന്ന മുദ്രാവാക്യം.
ആദിമവർഗ സമൂഹവുമായുള്ള ഒരു ഉടമ്പടിയാണ് ഈ മുദ്യാവാക്യത്തിൽ ഉൾപ്പെടുന്നത് എന്ന് ഗ്രീൻസ് ചൂണ്ടികാട്ടുന്നു. കൽക്കരിക്ക് പകരം 100 ശതമാനം പുനരുപയോഗം ചെയ്യാവുന്ന വാതകം, സൗജന്യ ദന്ത ചികിത്സ, സൗജന്യ മാനസിക ആരോഗ്യ സംരക്ഷണം, സൗജന്യ വിദ്യാഭ്യാസം, ചെലവുകുറവിൽ വീട് എന്നിവയാണ് ലക്ഷ്യം.
ലേബറും ഗ്രീൻസ് പാർട്ടിയും തമ്മിൽ സഖ്യത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും, ലേബറിന്റെ പല നിലപാടുകൾക്കുമെതിരെയുള്ള എതിർപ്പ് ഗ്രീൻസ് പാർട്ടി നേതാവ് ആദം ബാന്റ് വ്യക്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥ, അഭയാർത്ഥി ബോട്ടുകൾ തിരിച്ചയക്കാനുള്ള ലേബർ നിലപാട്, ഓഫ്‌ഷോർ ഡിറ്റെൻഷൻ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കാലാവസ്ഥ വ്യതിയാനം ചെറുക്കുന്ന നയങ്ങളെ പിന്തുണയ്ക്കുന്ന കൂടുതൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. കാലാവസ്ഥ നയങ്ങളിൽ ലേബറിന്റെയും ലിബറലിൻെറയും കുറവുകൾ ചൂണ്ടിക്കാട്ടാൻ ഇത് സഹായിക്കുമെന്നാണ് ബാന്റ് അഭിപ്രായപ്പെട്ടത്.
114 പുതിയ കൽക്കരി, വാതക ഖനികൾ തുറക്കാൻ ലേബറും ലിബറലും പിന്തുണയ്ക്കുന്നതിനെ ബാന്റ് വിമർശിച്ചു.
ഓസ്‌ട്രേലിയയിലെ കോടീശ്വരന്മാർക്ക് ആറു ശതമാനം അധിക നികുതി ഈടാക്കി കൊണ്ട് രാജ്യത്തെ ജീവിത ചെലവ് കുറയ്ക്കുക എന്നതാണ് ഗ്രീൻസ് പാർട്ടി ഉദ്ദേശിക്കുന്നതെന്ന് ബാന്റ് പറഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്ത് ഓസ്‌ട്രേലിയൻ കോടീശ്വരന്മാരുടെ സമ്പാദ്യം ഇരട്ടിയിലധികം വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു.
വൻകിട കോർപൊറേറ്റ് കമ്പനികളിൽ മൂന്നിലൊന്നും നികുതിയായി ഒന്നും അടക്കുന്നില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു നഴ്‌സ് നൽകുന്ന നികുതി ബഹുരാഷ്ട്ര കമ്പനി നൽകുന്നതിനേക്കാൾ കൂടുതലാണെങ്കിൽ, ആ സംവിധാനത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് ബാന്റ് എബിസിയോട് പറഞ്ഞു.
മാനുസ് ദ്വീപിലും നാറുവിലുമുള്ള ഓഫ്‌ഷോർ ഡിറ്റെൻഷൻ കേന്ദ്രങ്ങൾ നിർത്തണമെന്നാണ് ഗ്രീൻസ് നിലപാട്. കൂടാതെ ഹ്യുമാനിറ്റേറിയൻ അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയയിലേക്ക് ഓരോ വർഷം അനുവദിക്കുന്നവരുടെ എണ്ണം 50,000 മായി ഉയർത്തുന്നതും താത്കാലിക പ്രൊട്ടക്ഷകൻ വിസ റദ്ദാക്കണമെന്നതും ഗ്രീൻസ് നിലപാടുകളിൽ ഉൾപ്പെടുന്നു.
യുണൈറ്റഡ് ഓസ്‌ട്രേലിയ പാർട്ടിയുടെ നിലപാടുകൾ
2013 ൽ മൈനിംഗ് വ്യവസായി ക്ലൈവ് പാമറാണ് യുണൈറ്റഡ് ഓസ്‌ട്രേലിയ പാർട്ടി സ്ഥാപിച്ചത്. ''ഓസ്‌ട്രേലിയയെ വീണ്ടും മികച്ചതാക്കാൻ ഞങ്ങളെ സഹായിക്കൂ'' എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം.
2019 തെരഞ്ഞെടുപ്പിൽ പാർട്ടി 80 മില്യൺ ഡോളർ ചെലവിട്ടതായാണ് റിപ്പോർട്ടുകൾ, എന്നാൽ സീറ്റുകൾ ഒന്നും നേടാനായില്ല. ഈ വർഷം 70 മില്യൺ ഡോളർ ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്ലൈവ് പാമർ പറഞ്ഞു.
ലിബറൽ പാർട്ടിയിൽ നിന്ന് രാജിവച്ച എംപി ക്രെയ്ഗ് കെല്ലിയാണ് UAP നയിക്കുന്നത്.
മഹാമാരിക്കാലത്തെ ലോക്ക്ഡൗണുകൾക്കും വാക്‌സിൻ നിബന്ധനകൾക്കും എതിരെ UAP കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും പാർട്ടി ശക്തമായി എതിർക്കുന്നു.
വാക്‌സിനുകൾ ഉൾപ്പെടെ കൊവിഡിനെതിരെയുള്ള ചികിത്സാ രീതികൾക്ക് UAP വിമർശനം ഉയർത്തിയിരുന്നു. വാക്‌സിൻ പാസ്പോർട്ട് സമ്പ്രദായം ഭിന്നിപ്പിന് കാരണമാകുമെന്നും മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും കണക്കാക്കുന്നു.
സ്വകാര്യ കാരണങ്ങളാലോ ആരോഗ്യ സംബന്ധമായ കാരണങ്ങളാലോ വാക്‌സിനേഷൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവരുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുന്നത് തെറ്റാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും UAP യുടെ വെബ്‌സൈറ്റിൽ പറയുന്നു.
വിദേശ ടെക്ക് ഭീമന്മാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയിലെ രാഷ്ട്രീയ സംവാദം സെൻസർ ചെയ്യുന്നതിന് ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ അനുവദിക്കില്ലെന്നും UAP പറയുന്നു.
വീട് വായ്പ്പയ്ക്കുള്ള പലിശ പരമാവധി മൂന്ന് ശതമാനമേ പാടുള്ളൂ എന്നതാണ് പാർട്ടിയുടെ നിലപാട്.
ലിബറൽ പാർട്ടിയും ലേബർ പാർട്ടിയും രാജ്യത്തിൻറെ കടബാധ്യത കൂട്ടുമെന്നും ഹോം ലോൺ പലിശ രണ്ട് വർഷത്തിനുള്ളിൽ നാല് ശതമാനവും, മൂന്ന് വർഷത്തിൽ ആറു ശതമാനവുമാകുമെന്നുമാണ് UAP ആരോപിക്കുന്നത്.
വൺ നേഷൻ പാർട്ടിയുടെ നയങ്ങൾ
1997ൽ പോളീൻ ഹാൻസൺ സ്ഥാപിച്ചതാണ് വൺ നേഷൻ പാർട്ടി. ഓസ്‌ട്രേലിയക്കാരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുകയും വിദേശ അജണ്ടകൾക്ക് എതിരെ പോരാടുകയും ചെയ്യുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ പ്രസ്ഥാനമാണെന്ന് പാർട്ടി അവകാശപ്പെടുന്നു.
നിലവിൽ ക്വീൻസ്ലാൻറ് സെനറ്റർമാരായ പോളീൻ ഹാൻസനും മാൽക്കം റോബർട്സും പാര്ലമെന്റിലേക്കുള്ള വൺ നേഷൻ പ്രതിനിധികളാണ്.
അഭയാർത്ഥികൾക്കായി അതിർത്തി തുറക്കുന്നതിനെതിരാണ് വൺ നേഷൻ പാർട്ടി. അഞ്ചു വർഷത്തേക്ക് അഭയാർത്ഥികളെ സ്വീകരിക്കുന്നത് കുറച്ചുകൊണ്ട് ഓസ്‌ട്രേലിയൻ സേവനങ്ങൾക്കായി കൂടുതൽ ഫണ്ടിംഗ് ലഭ്യമാക്കണമെന്നാണ് വൺ നേഷൻ പാർട്ടി വിശ്വസിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ 1951ലെ അഭയാർത്ഥി കൺവെൻഷനിൽ നിന്ന് ഓസ്‌ട്രേലിയ പിൻമാറണമെന്നാണ് വൺ നേഷൻ പാർട്ടിയുടെ നിലപാട്.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ 2016 പാരിസ് കരാറിൽ നിന്നും ഓസ്‌ട്രേലിയ പിന്മാറണമെന്നാണ് പാർട്ടിയുടെ നിലപാട്.
രാജ്യാന്തര തലത്തിൽ നിരവധി വിദഗ്ദ്ധന്മാരും നേതാക്കളും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിൽ പാരിസ് കരാർ നിർണ്ണായകമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുമ്പോഴും, ഈ കരാർ സാമ്പത്തിക തകർച്ചക്ക് കാരണമാകുമെന്നും, കരാറിലെ നിർദ്ദേശങ്ങൾക്ക് ആവശ്യത്തിന് തെളിവുകൾ ഇല്ലെന്നും വൺ നേഷൻ പാർട്ടി പറയുന്നു.

