ഓസ്ട്രേലിയയിലെ പ്രമുഖ മൊബൈൽ സേവന ദാതാക്കളായ ടെൽസ്ട്ര, ഒപ്റ്റസ്, വൊഡോഫോൺ എന്നീ കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരക്കുകൾ വർദ്ധിപ്പിച്ചതായാണ് ACCC ചൂണ്ടിക്കാട്ടിയത്.
ഈ കമ്പനികൾ ഭൂരിഭാഗം പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെയും നിരക്ക് വർദ്ധിപ്പിക്കുകയും, പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ മൊബൈൽ ഫോൺ വിപണിയിൽ 87 ശതമാനവും ഈ മൂന്നു കമ്പനികളാണ് നിയന്ത്രിക്കുന്നത്. പോസ്റ്റ് പെയ്ഡ് കണക്ഷനുകൾ മാത്രമെടുത്താൽ, 95 ശതമാനവും ഈ മൂന്നു വൻകിട കമ്പനികളുടെ നിയന്ത്രണത്തിലാണ്.
ഇതിൽ ഏറ്റവും പ്രധാന സേവനദാതാവായ ടെൽസ്ട്ര പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ മാസം അഞ്ചു ഡോളർ മുതൽ 15 ഡോളർ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
പ്രീ പെയ്ഡ് പ്ലാനുകളിൽ 35 ദിവസവും, 42 ദിവസവുമുണ്ടായിരുന്ന റീചാർജ് കാലാവധി 28 ദിവസമാക്കി കുറയ്ക്കുകയും ചെയ്തു. ഫലത്തിൽ, വർഷം 25 ശതമാനവും, 50 ശതമാനവും നിരക്ക് വർദ്ധനവാണ് ആനുപാതികമായി ഉണ്ടാകുന്നത്.
മറ്റൊരു സേവനദാതാവായ ഒപ്റ്റസ് മേയ് മാസത്തിൽ പോസ്റ്റ് പെയ്ഡ് നിരക്കുകൾ ആറു ഡോളർ വീതം വർദ്ധിപ്പിച്ചിരുന്നു.

Telstra to refund $25m over internet plans Source: AAP
അതായത്, എട്ടു ശതമാനം മുതൽ 15 ശതമാനം വരെയാണ് ഒപ്റ്റസിന്റെ പോസ്റ്റ് പെയ്ഡ് നിരക്ക് വർദ്ധനവ്.
പ്രീ പെയ്ഡ് പ്ലാനുകളിൽ ഒപ്റ്റസ് മാറ്റമൊന്നും വരുത്തിയിട്ടില്ല.
വൊഡാഫോണിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലാകട്ടെ, മാസം അഞ്ചു ഡോളർ മുതൽ 40 ഡോളർ വരെയാണ് വർദ്ധനവ്. എന്നാൽ നിരക്ക് വർദ്ധിപ്പിച്ച ശേഷം നിരവധി താൽക്കാലിക ഡിസ്കൗണ്ടുകൾ വൊഡാഫോൺ നൽകുന്നുണ്ട് എന്നാണ് ACCC റിപ്പോർട്ട് പറയുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ വൊഡാഫോൺ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി 35 ദിവസത്തിൽ നിന്ന് 28 ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. TPGയും വൊഡാഫോണുമായുള്ള ലയനത്തിന് പിന്നാലെയായിരുന്നു ഇത്.
നിരക്ക് വർദ്ധിപ്പിച്ചതിനൊപ്പം ഇന്റർനെറ്റ് ഡാറ്റ വർദ്ധിപ്പിച്ചു ഏന്നാണ് സ്ഥാപനങ്ങൾ അവകാശപ്പെടുന്നത്.
ഉദാഹരണത്തിന്, ടെൽസ്ട്രയുടെ സ്മാൾ പോസ്റ്റ് പെയ്ഡ് പ്ലാൻ 50 ഡോളറിൽ നിന്ന് 55 ഡോളറായി ഉയർത്തിയപ്പോൾ 10 GB അധികം ഡാറ്റ നൽകുന്നുണ്ട് എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, മൊബൈൽ പ്ലാനിൽ എത്രത്തോളം ഇന്റർനെറ്റ് ആവശ്യമുണ്ട് എന്ന കാര്യം ഉപയോക്താക്കൾ പരിശോധിക്കണമെന്ന് ACCC നിർദ്ദേശിച്ചു.
ഓസ്ട്രേലിയയിലെ ഒരു ശരാശരി മൊബൈൽ ഉപയോക്താവ് മാസം 15 GBയിൽ താഴെ ഇന്റർനെറ്റ് ഡാറ്റ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ് ഇന്റർനെറ്റ് ആക്ടിവിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ചെറുകിട സേവന ദാതാക്കളുടെ പ്ലാനുകൾ പരിശോധിക്കുന്നതിലൂടെ നിരക്ക് കുറയ്ക്കാൻ ഉപയോക്താക്കൾക്ക് കഴിയുമെന്നും കമ്മീഷൻ ചെയർ റോഡ് സിംസ് പറഞ്ഞു.
ഈ മൂന്ന് വൻകിട സേവനദാതാക്കളും ചെറുകിട സേവനദാതാക്കളും നൽകുന്ന അധിക സേവനങ്ങൾ താരതമ്യം ചെയ്ത ശേഷം പുതിയ ദാതാവിലേക്ക് മാറുകയാണെങ്കിൽ മാസം 25 ഡോളർ വരെ ലാഭിക്കൻ ഉപയോക്താക്കൾക്ക് കഴിയും എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
മൊബൈൽ ഫോൺ പ്ലാൻ തെരഞ്ഞെടുക്കുന്നതിന് സഹായകരമായ വിവരങ്ങൾ ACCCയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.