വിക്ടോറിയക്കുള്ളിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കാണ് ഈ പുതിയ സംങ്കേതിക വിദ്യ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്. നിലവിൽ ട്രെയിനിലോ ബസ്സിലോ ട്രാമിലോ യാത്ര ചെയ്യുന്നവർ പ്രത്യേക ടിക്കറ്റ് എടുക്കുന്നതിന് പകരമായി മൈകി കാർഡ് ആണ് ഉപയോഗിക്കുന്നത്.
മൊബൈൽ ടിക്കറ്റിങ് സംവിധാനം നടപ്പിലാകുന്നതോടെ കാർഡിന് പകരമായി പുതിയ മൊബൈൽ ആപ്പ് ഉപയോഗിക്കാം.
ഈ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന സംവിധാനം നിലവിൽ ആൻഡ്രോയിഡ് ഫോണിൽ മാത്രമേ ലഭ്യമാകുകയുള്ളു.
എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ സാങ്കേതിക വിദ്യ ഏതാണ്ട് 33 ശതമാനം യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നതായി സംസ്ഥാന പൊതുഗതാഗത മന്ത്രി മെലിസ ഹോൺ പറഞ്ഞു.
ഇത് നിലവിൽ വരുന്നതോടെ ഗൂഗിൾ പേയിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ കാർഡ് ടോപ് അപ് ചെയ്യാനും കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.
വിക്ടോറിയയിലെ ടിക്കറ്റിങ് പ്രൊവൈഡറായ എൻ ടി ടി ഡാറ്റയും ഗൂഗിളുമായി ചേർന്നാണ് ഈ പ്രത്യേക സംവിധാനം നടപ്പിലാക്കിയത്.
ഇപ്പോൾ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാവുന്ന ആപ്പ് ഐഫോണിലും ലഭ്യമാക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ഇതിനായി ആപ്പിൾ കമ്പനിയുമായി സർക്കാർ ചർച്ചയിലാണ് .
മൈകി കാർഡുകൾക്ക് പകരമായി മൊബൈൽ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ കഴിഞ്ഞ വര്ഷം മുതൽ പദ്ധതിയിട്ടിരുന്നു. ഈ സാങ്കേതിക വിദ്യ പരീക്ഷിക്കാനായി 4000 ത്തോളം പേരാണ് മുന്നോട്ടു വന്നതെന്ന് മന്ത്രി പറഞ്ഞു.