മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
ആസ്ട്രസെനക്ക വാക്സിൻ ഉപയോഗം താത്കാലികമായി നിർത്തി വെയ്ക്കാൻ കൂടുതൽ രാജ്യങ്ങൾ തീരുമാനിച്ചു.വാക്സിൻ രക്തം കട്ടപിടിക്കാനിടയാക്കുമെന്ന ആശങ്കകളെ തുടർന്നാണ് ജർമനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ,പോർച്ചുഗൽ എന്നീ രാജ്യങ്ങൾ തിങ്കളാഴ്ച മുതൽ വാക്സിൻ വിതരണം നിർത്തി വെച്ചത്.
അതേ സമയം വാക്സിൻ സുരക്ഷിതമാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും, ലോകാരോഗ്യ സംഘടനയും, ആസ്ട്രസെനക്കയും വ്യക്തമാക്കി.അതേസമയം മുൻകരുതലോടുകൂടിയ താത്കാലിക നടപടിയാണിതെന്ന് വാക്സിൻ വിതരണം നിർത്തി വെച്ച രാജ്യങ്ങൾ പ്രതികരിച്ചു.
ആസ്ട്രസെനക്ക വാക്സിൻ വിതരണം തുടരുമെന്ന് ഓസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ തെറാപ്യൂട്ടിക്ക് ഗുഡ്സ് അഡ്മിനിസ്ട്രേഷനും ലോകാരോഗ്യ സംഘടനയും ആസ്ട്രസെനക്ക വാക്സിൻ സുരക്ഷിതമാണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ നിലപാട്.
വാക്സിൻ സ്വീകരിച്ച ചിലരിൽ ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് യൂറോപ്യൻ യൂണിയനിലെ നാലു വലിയ രാജ്യങ്ങൾ ആസ്ട്രസെനക്ക വാക്സിൻ ഉപയോഗം താത്ക്കാലികമായി നിർത്തിയത്.എന്നാൽ റിപ്പോർട്ട് ചെയ്ത പാർശ്വഫലങ്ങളുണ്ടായത് വാക്സിൻ ഉപയോഗത്തിലൂടെയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.
രണ്ടാഴ്ചത്തേക്കാണ് സ്പെയ്ൻ വാക്സിൻ ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചത്.സൈപ്രസും സ്ലോവേനിയയും വാക്സിൻ ഉപയോഗം നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂർ നേരത്തേക്ക് വാക്സിൻ ഉപയോഗിക്കുന്നത് നിർത്തി വെയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
‘’മുൻകരുതൽ നടപടിയാണിത്, യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ പരിശോധനാ ഫലം വന്നാൽ വിതരണം വേഗത്തില്‍ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ’’ മാക്രോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ, രക്തം കട്ട പിടിക്കാനിടയാക്കുമെന്ന ആശങ്കകളെ തുടർന്ന് ആസ്ട്രസെനക്ക വാക്സിൻ വിതരണം ഡെന്മാർക്ക്, ഐസ്ലാൻഡ്, നോർവേ,അയർലണ്ട് എന്നീ രാജ്യങ്ങളും താത്കാലികമായി നിർത്തി വെച്ചിരുന്നു.
തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
ലോകത്താകമാനം 2.7 മില്യണിലധികം മരണങ്ങൾക്ക് കാരണമായ മഹാമാരിക്കെതിരെയുള്ള വാക്സിനേഷൻ നിർത്തലാക്കരുതെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
‘’ഇതു വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം, വാക്സിൻ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നതിന് യാതൊരു തെളിവും ഇല്ല. ജീവൻ രക്ഷിക്കുന്നതിനും വൈറസിനെ തടയുന്നതിനും വാക്സിൻ വിതരണം തുടരേണ്ടത് പ്രധാനമാണ്," ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്ത്യൻ ലിൻഡ്മെയർ പറഞ്ഞു.
യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ മാർച്ച് 10 വരെയുള്ള കണക്ക് പ്രകാരം 30 യൂറോപ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന യൂറോപ്യൻ ഇക്കണോമിക് ഏരിയയിൽ, ആസ്ട്രസെനക്ക വാക്സിൻ എടുത്ത അഞ്ച് ദശലക്ഷം ആളുകളിൽ ഏകദേശം 30 ഓളം പേരിൽ മാത്രമാണ് രക്തം കട്ടപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേ സമയം ആശങ്കകളെ തുടർന്ന് കമ്പനി കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും പുനപരിശോധനകളൊന്നും ആശങ്കയ്ക്ക് കാരണമായിട്ടില്ലെന്നും ആസ്ട്രസെനെക്ക കമ്പനി അറിയിച്ചു.