ഓരോ വാർഡുകളിലെയും രോഗികളുടെ സംരക്ഷണത്തിന് ആവശ്യമായ നഴ്സുമാരുടയും മിഡ്‌വൈഫുമാരുടെയും എണ്ണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ടോറിയയിൽ പുതിയ നിയമഭേദഗതി കൊണ്ടുവന്നത്.
രോഗികൾക്ക് ആനുപാതികമായി നഴ്സുമാരെയും മിഡ്‌വൈഫുമാരെയും നിയമിക്കണം എന്നത് നിർബന്ധമാക്കിക്കൊണ്ട് 2015ൽ കൊണ്ടുവന്ന സേഫ് പേഷ്യന്റ് കെയർ (നഴ്സ് ടു പേഷ്യന്റ് ആൻഡ് മിഡ്‌വൈഫ് ടു പേഷ്യന്റ് റേഷ്യോസ്) നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്.
നഴ്സുമാരുടെ എണ്ണം നിശ്ചയിക്കുമ്പോൾ ഓരോ വാർഡിലും ആവശ്യമുള്ളതിനെക്കാൾ ഒരു നഴ്സിനെ കുറച്ചു മാത്രം നിയമിക്കാൻ മാനേജ്മെന്റുകൾക്ക് അവസരം നൽകിയിരുന്ന 50 പെർസെന്റ് റൂൾ എന്ന വ്യവസ്ഥ ഈ ഭേദഗതിയിലൂടെ ഇല്ലാതാക്കി.
ആശുപത്രിയിലെ കിടക്കകൾക്ക് ആനുപാതികമായി നഴ്സുമാരുടെ എണ്ണം നിശ്ചയിക്കുമ്പോൾ കൃത്യമായ ഒരു പൂർണസംഖ്യ കിട്ടിയില്ലെങ്കിൽ, ഒരു നഴ്സിനെ കുറച്ചു മാത്രം നിയമിക്കാൻ അനുവാദം നൽകുന്നതാണ് 50 പെർസെന്റ് റൂൾ.
അതായത്, നാലു രോഗികള്‍ക്ക് ഒരു നഴ്‌സ് എന്ന അനുപാതമുള്ള വാര്‍ഡില്‍ 30 രോഗികളെയാണ് അനുവദിച്ചിട്ടുള്ളതെങ്കില്‍ അവിടെ നിയമിക്കാവുന്ന നഴ്‌സുമാരുടെ എണ്ണം 7.5 ആയിരിക്കും.
50 പെർസെന്റ് റൂൾ പ്രകാരം ഏഴു നഴ്‌സുമാരെ മാത്രമാണ് ആ വാര്‍ഡില്‍ അനുവദിക്കുക. റൗണ്ടിംഗ് ഡൗണ്‍ എന്നാണ് ഇതിനു പറയുന്നത്.
ഇതിനു പകരം ആ വാര്‍ഡില്‍ എട്ടു നഴ്‌സുമാരെ അനുവദിക്കുന്ന തരത്തിലാണ് പുതിയ നിയമം. റൗണ്ടിംഗ് അപ് എന്നാണ് ഇതിന് പറയുന്നത്.
ഓരോ വാർഡുകളിലും, രാത്രിയിലും, പുലർച്ചെയും, വൈകുന്നേരവും എത്രത്തോളം നഴ്സുമാർ വീതം വേണമെന്ന് കൃത്യമായി ഈ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Source: Flickr
പാലിയേറ്റീവ് കെയറിലും, പ്രസവ വാർഡുകളിലും, പ്രത്യേക സംരക്ഷണം ആവശ്യമായ നഴ്സറികളിലും നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും അനുപാതം മെച്ചപ്പെടുത്തും.
അതുപോലെ കാൻസർ വാർഡുകൾ, മസ്തിഷ്കാഘാതം ഉണ്ടായവരെ ചികിത്സിക്കുന്ന വാർഡുകൾ, ഹെമറ്റോളജി വാർഡുകൾ എന്നിവിടങ്ങളിലും ഓരോ സമയത്തുമുള്ള നഴ്സുമാരുടെ എണ്ണം വ്യക്തമാക്കിയിട്ടുണ്ട്.
സ്പെഷ്യൽ കെയർ നഴ്‌സറികളിലും, പ്രസവാനന്തര ശുശ്രൂഷകൾ നൽകുന്ന വാർഡുകളിലും നഴ്‌സുമാരുടെയും മിവൈഫുമാരുടെയും എണ്ണം കൂട്ടേണ്ട സാഹചര്യങ്ങൾക്കനുസരിച്ച് ഇവിടുത്തെ സൗകര്യം വർധിപ്പിക്കും.
ഈ അനുപാതത്തിൽ മാറ്റം വരുത്താനും അതിലൂടെ നഴ്സുമാരുടെ എണ്ണം കുറയ്ക്കാനും മാനേജ്മെന്റുകൾക്ക് കഴിയുന്ന തരത്തിലുള്ള വ്യവസ്ഥകൾ നിയമത്തിൽ നിന്ന് എടുത്തുകളഞ്ഞിട്ടുമുണ്ട്.
നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് വിക്ടോറിയൻ സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി കൂടുതൽ നഴ്സുമാരെയും മിഡ്‌വൈഫുമാരെയും നിയമിക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രുസ് കഴിഞ്ഞ വര്ഷം ജൂലൈയിൽ വാഗ്ദാനം ചെയ്തിരുന്നു.