മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
സംസ്ഥാനത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തുടരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതേതുടർന്ന് വിവിധയിടങ്ങളിൽ നിന്ന് കൂടുതൽ പേരോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി.
സംസ്ഥാനത്ത് 18,000 ത്തോളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. NSW മിഡ് നോർത്ത് കോസ്റ്റ് മേഖലയിലുള്ളവരാണ് ഇതിൽ ഭൂരിഭാഗം പേരും.
ഇതിന് പിന്നാലെയാണ് പലയിടങ്ങളിലായി 15,000 പേരെ കൂടി ഒഴിപ്പിച്ചേക്കുമെന്ന് സർക്കാർ അറിയിച്ചത്.
അടുത്ത 24 മുതൽ 48 മണിക്കൂറിൽ 15,000 പേരെ കൂടി ഒഴിപ്പിക്കേണ്ടി വരുന്നത് ആശങ്കയുയർത്തുന്നുവെന്നും ആളൊഴിഞ്ഞ സ്ഥലത്തേക്കാണ് ജനങ്ങൾ മാറി താമസിക്കുന്നതെങ്കിലും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും പ്രീമിയർ പറഞ്ഞു.
വെള്ളം കയറിയ പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനായി അഞ്ഞൂറ് മുതൽ ആയിരം ഡിഫൻസ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് വിന്യസിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. കൊളോ റിച്ച്മണ്ട് പ്രദേശങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും ഡിഫൻസ് ഫോഴ്‌സ് സഹായിക്കുന്നുണ്ട്.
കൂടാതെ സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത് 24 മണിക്കൂറും രക്ഷാപ്രവർത്തനം നടത്താനായി ഡിഫൻസ് ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്റ്ററുകളും എത്തും.
കോളോ നദിയുടെ തീരത്തും വെള്ളപ്പൊക്കം രൂക്ഷമാകുന്നതിനാൽ ഇവിടെനിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പെൻറിത്തിലെ നേപ്പിയൻ നദിയുടെ സമീപപ്രദേശത്തും വെള്ളം കൂടുതൽ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവർക്കും SES മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലുള്ള 150 സ്കൂളുകൾ ചൊവ്വാഴ്ചയും തുറന്ന് പ്രവർത്തിക്കില്ല. ഈ സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
1961നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് ഹോക്‌സ്ബറി പ്രദേശത്ത്. ചൊവ്വാഴ്ചയും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത് 100 മുതൽ 200 മില്ലിമീറ്റർ വരെയും മറ്റ് ചിലയിടങ്ങളിൽ 300 മില്ലിമീറ്റർ വരെയും മഴ പെയ്യുമെന്നാണ് പ്രവചനം.
സംസ്ഥാനത്തിന്റെ പലയിടങ്ങളിൽ നിന്നുമായി 9,700 പേർക്ക് സഹായം എത്തിച്ചതായി SES അറിയിച്ചു.