ഓസ്ട്രേലിയയിലേക്കുള്ള സ്കിൽഡ് വിസകൾ വർദ്ധിപ്പിച്ചു; ഉൾനാടൻ മേഖലകളിലേക്ക് കൂടുതൽ അവസരം

കൊവിഡ് പ്രതിസന്ധി മൂലം കുത്തനെ ഇടിഞ്ഞിരുന്ന ഓസ്ട്രേലിയൻ കുടിയേറ്റം വീണ്ടും വർദ്ധിപ്പിക്കുമെന്ന് ഫെഡറൽ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. സ്കിൽഡ് വിസകൾ വർദ്ധിപ്പിക്കാനാണ് പ്രധാന തീരുമാനം.

Northern Territory & Western Australia received additional Skilled nomination allocations

Source: Getty Images/FotografiaBasica

കൊവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷങ്ങളിൽ ഓസ്ട്രേലിയയിലേക്കുള്ള മൊത്തം കുടിയേറ്റം വൻ തോതിൽ കുറഞ്ഞിരുന്നു.

ഇതിൽ മാറ്റം വരുത്തുമെന്നാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് ബജറ്റിൽ വ്യക്തമാക്കിയത്.

2022-23ൽ 1,60,000 പേർക്കാകും ഓസ്ട്രേലിയയിലേക്ക് പെർമനന്റ് മൈഗ്രന്റ്സായി എത്താൻ അവസരം നൽകുന്നത്.

ഈ പരിധിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.

എന്നാൽ, ഈ പരിധിക്കുള്ളിൽ വിവിധ വിസകൾക്ക് അനുവദിക്കുന്ന ക്വാട്ടയിൽ മാറ്റം വരുത്തി.    

വീണ്ടും സ്കിൽഡ് വിസകളിലുള്ളവർക്കാകും കൂടുതൽ അവസരം നൽകുകയെന്ന് സർക്കാർ അറിയിച്ചു.

1,09,900 പേർക്കാകും സ്കിൽഡ് വിസകളിലൂടെ ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ അവസരം നൽകുന്നത്.

കഴിഞ്ഞ ബജറ്റിൽ ഫാമിലി സ്ട്രീം വിസകൾ വർദ്ധിപ്പിച്ചപ്പോൾ സ്കിൽഡ് വിസകളിലുള്ളവരുടെ അവസരം കുറഞ്ഞിരുന്നു.

79,600 സ്കിൽഡ് വിസകൾ മാത്രമായിരുന്നു കഴിഞ്ഞ വർഷത്തെബജറ്റിൽ പ്രഖ്യാപിച്ചത്.

എന്നാൽ ഫാമിലി സ്ട്രീം വിസകളിൽ നിലവിലുള്ള അപേക്ഷകളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായും,  ഇത് കണക്കിലെടുത്താണ് വീണ്ടും സ്കിൽഡ് വിസക്കാർക്ക് അവസരം നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.

ആകെ അനുവദിക്കുന്ന 1,09,900 സ്കിൽഡ് വിസകളിൽ 30,000 എണ്ണവും എംപ്ലോയർ സ്പോൺസേർഡ് വിസകളായിരിക്കും.

16,652 സ്കിൽഡ് ഇൻഡിപെന്റന്റ് വിസകളാണ് അനുവദിക്കുക. സ്റ്റേറ്റ്, ടെറിട്ടറി നോമിനേറ്റഡ് വിസകളുടെ എണ്ണം 20,000 ആക്കി.

ഏറ്റവുമധികം നേട്ടമുണ്ടായിരിക്കുന്ന ഒരു വിഭാഗം റീജിയണൽ സ്കിൽഡ് വിസകളാണ്.

25,000ലേറെയായാണ് റീജിയണൽ വിസകൾ വർദ്ധിപ്പിച്ചിരിക്കുന്നത്.

ഫാമിലി സ്ട്രീമിൽ 50,000 വിസകളാകും വരും വർഷം അനുവദിക്കുക.

ഇതിൽ 40,500 പാർട്ണർ വിസകളും, 3,000 ചൈൽഡ് വിസകളും, 6,000 പേരന്റ് വിസകളുമാണ്.

അഭയാർത്ഥി വിസകളുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.

എന്നാൽ അഫ്ഗാനിസ്ഥാൻ പൗരന്മാർക്കായി അടുത്ത നാലു വർഷത്തേക്ക് 16,500 അധികം വിസകൾ പ്രഖ്യാപിച്ചു.

2020-21ൽ ഓസ്ട്രേലിയയിലേക്കുള്ള മൊത്തം കുടിയേറ്റത്തിൽ (നെറ്റ് മൈഗ്രേഷൻ) ഇടിവു വന്നിരുന്നു.

രാജ്യത്തേക്ക് എത്തിച്ചേർന്നവരുടെ എണ്ണത്തേക്കാൾ 89,000 അധികം ആളുകളാണ് രാജ്യം വിട്ടുപോയത്. അതായത്, മൈനസ് 89,000 ആയിരുന്നു നെറ്റ് മൈഗ്രേഷൻ.

എന്നാൽ, 2021-22ൽ നെറ്റ് മൈഗ്രേഷൻ 41,000 ആയി വർദ്ധിക്കുമെന്നും, 2023-24 ൽ ഇത് 2,13,000 ആകുമന്നുമാണ് ബജറ്റ് വിലയിരുത്തുന്നത്.


1 min read

Published

Updated

By Deeju Sivadas


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now