ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്ലാന്റ്, ACT എന്നീ സംസ്ഥാനങ്ങളിൽ പേമാരിക്കും, അതി ശക്തമായ കാറ്റിനും, ഇടിമിന്നലിനും ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന സൂചന.
ഈയാഴ്ച മുഴുവൻ നീണ്ടു നിൽക്കുന്ന പേമാരിയാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ക്വീൻസ്ലാന്റിലെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചു സെന്റീമീറ്റർ വരെ വ്യാസമുള്ള ആലിപ്പഴം വീണിരുന്നു.
ടൗൺസ്വിൽ മുതൽ ബ്രിസ്ബൈൻ വരെയുള്ള മേഖലയിൽ തിങ്കളാഴ്ചയും കനത്ത കാറ്റും മഴയും തുടരും എന്നാണ് കാലാവസ്ഥാ വകുപ്പിലെ ഡീൻ നാരമോർ അറിയിച്ചത്.
ചൊവ്വാഴ്ചയോടെ തെക്കുകിഴക്കൻ QLDയിലും വടക്കൻ ന്യൂ സൗത്ത് വെയിൽസിലുമാകും ഇത് കൂടുതൽ ശക്തമാകുക.
ചൊവ്വാഴ്ചയും ബുധനാഴ്ചയും സിഡ്നിയിൽ മഴ കൂടുതൽ കനക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയും അടുത്ത വാരാന്ത്യത്തിലും സമാനമായ രീതിയിൽ കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ബ്രിസ്ബൈന്റെ ചില ഭാഗങ്ങളിൽ ഞായറാഴ്ച 20 മിനിട്ടുകൊണ്ട് 59 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ കൂടുതൽ വലുപ്പമുള്ള ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടാകുമെന്നും ഡീൻ നാരമോർ പറഞ്ഞു.
വിക്ടോറിയയിലും ടാസ്മേനിയയിലും ആഴ്ചയുടെ അവസാനം മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ ഈ വർഷം ലാ നിന പ്രതിഭാസം ഉണ്ടാകുമെന്ന് നേരത്തേ കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ മഴയുള്ള, നനഞ്ഞ വേനൽക്കാലമാണ് ഇത്തവണ കാത്തിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ്.