NSWൽ പുതുതായി സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്യാത്ത 24 മണിക്കൂറാണ് കടന്നുപോയത്.
ഇതിനു പിന്നാലെയാണ് കൂടുതൽ ഇളവുകൾ നടപ്പാക്കുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പ്രഖ്യാപിച്ചത്.
ഈ വെള്ളിയാഴ്ച മുതലാകും കൂടുതൽ ഇളവുകൾ.
റെസ്റ്റോറന്റുകളിൽ വെള്ളിയാഴ്ച മുതൽ 30 പേർക്ക് വരെ ഒരുമിച്ചിരിക്കാൻ കഴിയും. നിലവിൽ പത്തു പേരുടെ സംഘങ്ങൾക്ക് മാത്രമാണ് ഒരുമിച്ച് അനുവാദം നൽകിയിരുന്നത്.
അതോടൊപ്പം, കെട്ടിടങ്ങൾക്ക് പുറത്തുള്ള പൊതുസ്ഥലങ്ങളിൽ 30 പേർക്ക് വരെ ഒത്തുകൂടാൻ കഴിയും. നിലവിൽ 20 പേർക്ക് മാത്രമായിരുന്നു അനുവാദം.
വേനൽക്കാലത്തിനും ക്രിസ്ത്മസിനുമായി തയ്യാറെടുക്കാൻ ഇതിലൂടെ ജനങ്ങൾക്ക് കൂടുതൽ അവസരം കിട്ടുമെന്നും പ്രീമിയർ പറഞ്ഞു.
എന്നാൽ, റെസ്റ്റോറന്റുകളിലും മറ്റും ജനങ്ങൾ കൂടുതൽ പരസ്പരം ഇടപെടാൻ അനുവദിക്കില്ലെന്നും പ്രീമിയർ വ്യക്തമാക്കി. ഇരിപ്പിടങ്ങളിൽ ഇരുന്ന് മാത്രമേ മദ്യപിക്കാനും ഭക്ഷണം കഴിക്കാനും പാടുള്ളൂ.
ഡിസംബർ ഒന്നു മുതൽ വിവാഹചടങ്ങുകളുടെയും നിയന്ത്രണം മാറും. 300 പേരെ വരെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കും.
കെട്ടിടങ്ങൾക്ക് പുറത്ത് രണ്ടു ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥയിലായിരിക്കും ഈ മാറ്റങ്ങൾ. നിലവിൽ നാലു ചതുരശ്ര മീറ്ററിൽ ഒരാൾ എന്നതാണ് വ്യവസ്ഥ.
കെട്ടിടങ്ങൾക്കുള്ളിൽ നാലു ചതുരശ്രമീറ്റർ വ്യവസ്ഥ തുടരും.
യാത്രാ ബബ്ളിൽ ആശയക്കുഴപ്പം
NSWഉം നോർതേൺ ടെറിട്ടറിയും മാത്രമേ ന്യൂസിലാന്റുമായുള്ള യാത്രാ ബബ്ളിന്റെ ഭാഗമായുള്ളൂവെങ്കിലും, ഇതിലൂടെ എത്തിയ ന്യൂസിലന്റുകാർ മറ്റു സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്.
യാത്ര ബബ്ളിലൂടെ സിഡ്നിയിലേക്കെത്തിയ 90 പേരെങ്കിലും വിക്ടോറിയ, വെസ്റ്റേൺ ഓസ്ട്രേലിയ, ടാസ്മേനി എന്നീ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
ഇതേക്കുറിച്ച് ഫെഡറൽ സർക്കാർ വ്യക്തമായ ചിത്രം നൽകിയിരുന്നില്ലെന്ന് സംസ്ഥാന സർക്കാരുകൾ കുറ്റപ്പെടുത്തി.
സിഡ്നിയിലോ ഡാർവിനിലോ എത്തുന്ന ന്യൂസിലാന്റുകാർക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയുമോ എന്ന കാര്യം ഫെഡറൽ സർക്കാർ വ്യക്തമാക്കിയിരുന്നില്ലെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
അതേസമയം, ന്യൂസിലാന്റിൽ നിന്നെത്തുന്നവർ വിക്ടോറിയയിൽ ക്വാറന്റൈൻ ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.
വൈറസ്ബാധ കുറഞ്ഞ ന്യൂസിലന്റിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിബന്ധന ഉണ്ടാകില്ലെന്നും, എന്നാൽ അവർ സംസ്ഥാനത്തെ മറ്റു നിയന്ത്രണങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെസ്റ്റേൺ ഓസ്ട്രേലിയയിലും ടാസ്മേനിയയിലും എത്തുന്നവർ 14 ദിവസം ഹോട്ടൽ ക്വാറന്റൈൻ ചെയ്യേണ്ടി വരും.
ആഭ്യന്തര യാത്രക്കാർക്കുള്ള നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്.
കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഈ സാഹചര്യം കൈകാര്യം ചെയ്യാമായിരുന്നുവെന്നും, എന്നാൽ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്താണ് അതെന്നും വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക്ക്ഗവൻ പറഞ്ഞു.