ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ച മാർച്ച് മുതൽ ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിൻറ്സിനും ഇവരുടെ അടുത്ത ബന്ധുക്കൾക്കും മാത്രമാണ് രാജ്യത്തേക്കെത്താൻ അനുവാദമുള്ളത്.
എന്നാൽ അടുത്ത ബന്ധുക്കൾ അഥവാ ഇമ്മീഡിയേറ്റ് ഫാമിലി മെംബേർസ് എന്ന ഗണത്തിൽ ഓസ്‌ട്രേലിയൻ പൗരന്മാരുടെയും പെർമനന്റ് റെസിഡന്റ്സിന്റെയും മാതാപിതാക്കൾ ഉൾപ്പെടുന്നില്ല.
ഇവരെ ഇമ്മീഡിയേറ്റ് ഫാമിലി മെംബേർസ് ആയി കണക്കാക്കണമെന്നാവശ്യപ്പെട്ട് 11,000 ലേറെ പേർ ഒപ്പ് വച്ച നിവേദനമാണ് സീലിയ ഹാമൻഡ് എം പി പാർലമെന്റിൽ അവതരിപ്പിച്ചത്.
കോവിഡ് പ്രതിസന്ധി ഇനിയും ദീർഘകാലം നിലനിൽക്കുമെന്നും അതിനാൽ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം സന്തോഷം ദുഖവും ഒരുമിച്ച് പങ്കിടാൻ കഴിയാത്തത് മാനസിക സമ്മർദ്ദമുണ്ടാകുന്നുവെന്നും നിവേദനത്തിൽ പറയുന്നു.
മാത്രമല്ല, മാതാപിതാക്കളിൽ നിന്നുള്ള വേർപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും ഇതിൽ പറയുന്നു. കൂടാതെ യു എസ്, കാനഡ, യു കെ എന്നീവിടങ്ങൾ ഈ കൊറോണ പ്രതിസന്ധിയിലും പൗരന്മാരുടെ മാതാപിതാക്കൾക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തെക്കുറിച്ചും നിവേദനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
"കൊറോണക്കാലത്ത് മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട പലരും ഇവിടുണ്ട്. നാട്ടിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന രക്ഷിതാവിനെ രാജ്യത്തേക്ക് കൊണ്ടുവരാൻ പാടുപെടുകയാണ് ഇവർ. ഓസ്‌ട്രേലിയയിൽ ഇവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത് മനുഷ്യത്വരഹിതമാണ്," പ്രചാരണത്തിനായി രംഗത്തുള്ള മാൻഡി ബിൻഡാൽ എസ് ബി എസ് ഹിന്ദിയോട് പറഞ്ഞു.
ഓസ്‌ട്രേലിയയിൽ ഉള്ള നല്ലൊരു ശതമാനം പേരും വിദേശത്ത് ജനിച്ചവരാണെന്നും ഇവരുടെ മാതാപിതാക്കൾ ഇപ്പോഴും വിദേശ രാജ്യങ്ങളിൽ കഴിയുന്നവരാണെന്നും സെലീന ഹാമാൻഡ് പറഞ്ഞു. യാത്ര വിലക്ക് മൂലം ഇവരെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയാത്തത് പലരിലും മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ടെന്നും ഹാമൻഡ് ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച നിവേദനം ഇനി ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിൽ സന്തോഷകരമായ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹാമൻഡ് എം പി പറഞ്ഞു.