ഓസ്ട്രേലിയൻ ഫെഡറൽ പൊലീസും (AFP) അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (FBI) ചേർന്ന് മൂന്നു വർഷം മുമ്പ് തുടങ്ങിയ സംയുക്ത ഓപ്പറേഷനിലാണ് 224 പേർ രാജ്യത്ത് അറസ്റ്റിലായത്.
33 രാജ്യങ്ങളിലായി മറ്റു നിരവധി പേരും അറസ്റ്റിലായിട്ടുണ്ട്.
കൊലപാതകശ്രമം, മയക്കുമരുന്ന് കടത്ത്, കള്ളപ്പണ ഇടപാട് തുടങ്ങിയ പദ്ധതികൾക്ക് ശ്രമിച്ച മാഫിയ-ക്രിമിനൽ സംഘങ്ങളെയാണ് അറസ്റ്റ് ചെയ്തതെന്ന് സർക്കാർ അറിയിച്ചു.
ഓസ്ട്രേലിയയിലെ ഒരു കഫേയിൽ മെഷീൻ ഗൺ ഉപയോഗിച്ച് കൂട്ടവെടിവയ്പ്പ് നടത്താനും, ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്താനുമുള്ള പദ്ധതികൾ തകർക്കാൻ കഴിഞ്ഞെന്നും ഫെഡറൽ പൊലീസ് വ്യക്തമാക്കി.
ഓപ്പറേഷൻ അയൺസൈഡ്
ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള മികച്ച പ്രഹരമാണ് ഓപ്പറേഷൻ അയൺസൈഡ് (Operation Ironside) എന്ന പേരിലെ ഈ നടപടിയെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
അമേരിക്ക, എഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലെ നിരവധി ക്രിമിനൽ ഗ്യാംഗുകളമായി ഓസ്ട്രേലിയൻ ക്രിമിനൽ സംഘങ്ങൾക്കുള്ള ബന്ധം ഇതിലൂടെ പുറത്തുകൊണ്ടുവന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

Scott Morrison has used a stunning international organised crime bust to pressure the opposition to back new wide-ranging surveillance powers. Source: AAP
ഓസ്ട്രേലിയയിൽ മാത്രം 4,500ലേറെ പൊലീസ് ഉദ്യോഗസ്ഥരാണ് ഈ ഓപ്പറേഷന്റെ ഭാഗമായിരുന്നത്.
2019 നവംബർ എട്ടിനായിരുന്നു ഈ ഓപ്പറേഷന്റെ ഭാഗമായിട്ടുള്ള ആദ്യ അറസ്റ്റ് നടന്നത്.
തുടർന്നിങ്ങോട്ട് തുടർച്ചയായി ഓപ്പറേഷനുകൾ നടത്തിയ പൊലീസ്, ഇന്നലെ രാത്രി മാത്രം ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ 300ലേറെ റെയിഡുകൾ നടത്തി.
ഓപ്പറേഷനിലൂടെ ഇതുവരെ 21 കൊലപാതക പദ്ധതികൾ തകർക്കാനും, 3,000 കിലോഗ്രാമിലേറെ മയക്കുമരുന്നും, 45 മില്യൺ ഡോളർ പണവും പിടിച്ചെടുക്കാനും കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു.
ഓസ്ട്രേലിയയിലെ നിരോധിത ബൈക്കീ ഗാംഗുകളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളിലും സമാനമായ അറസ്റ്റുകൾ നടന്നിട്ടുണ്ട്.
ആപ്പുണ്ടാക്കി പൊലീസ്, ആപ്പിലായി മാഫിയ
2018ൽ AFPയുടെയും FBIയുടെയും ഉദ്യോഗസ്ഥർ ഒരുമിച്ചിരുന്ന് ബിയർ കുടിച്ച ഒരു സായാഹ്നത്തിലാണ് ഈ അധോലോകവേട്ടയുടെ പദ്ധതി തയ്യാറാക്കുന്നത്.
ക്രിമിനൽ സംഘങ്ങൾക്ക് ഉപയോഗിക്കാനായി ഒരു “രഹസ്യ മൊബൈൽ ആപ്പ്” ഉണ്ടാക്കി നൽകുകയായിരുന്നു പൊലീസ്.
ANOM എന്നാണ് ഈ ആപ്പിന്റെ പേര്. എൻക്രിപ്റ്റഡ് ആയി പരസ്പരം രഹസ്യ സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്നതായിരുന്നു ഈ ആപ്പ്.
ഓസ്ട്രേലിയയിൽ അഭയം തേടിയ ഹകൻ ആയിക് എന്ന മയക്കുമരുന്ന് കടത്തുകാരന്, വേഷം മാറിയ പൊലീസ് ഉദ്യോഗസ്ഥർ ANOM ഇൻസ്റ്റാൾ ചെയ്ത ഫോൺ നൽകി.
മറ്റാരുമറിയാതെ രഹസ്യ സന്ദേശങ്ങൾ അയയ്ക്കാൻ ഉള്ള മാർഗ്ഗം എന്ന രീതിയിൽ, ഹകൻ ആയിക് ക്രിമിനൽ സംഘങ്ങൾക്ക് ഈ ആപ്പ് നിർദ്ദേശിച്ചു.
കരിഞ്ചന്ത വഴിയാണ് ANOM ഇൻസ്റ്റാൾ ചെയ്ത ഫോണുകൾ ക്രിമിനൽ സംഘങ്ങൾ വാങ്ങിയത്.
എന്നാൽ ഇതിൽ അയയ്ക്കുന്ന ഓരോ സന്ദേശങ്ങളും തത്സമയം തന്നെ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന് വായിക്കാൻ കഴിയുമായിരുന്നു.
പക്ഷേ ആരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത് എന്ന കാര്യം കണ്ടെത്താൻ പലപ്പോഴും മാസങ്ങൾ എടുത്തുവെന്ന് പൊലീസ് എ ബി സിയോട് പറഞ്ഞു.
ലോകത്താകെ 11,000ലേറെ പേരാണ് ANOM ഉള്ള ഫോൺ ഉപയോഗിച്ചത്. ഇതിൽ 1,650 പേർ ഓസ്ട്രേലിയയിലായിരുന്നു.
ഓസ്ട്രേലിയയിൽ ഈ ക്രിമിനൽ സംഘങ്ങളിലെ പകുതിയിലേറെ പേരും ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ്.
ANOM ആപ്പിലെ സന്ദേശങ്ങൾ പിന്തുടർന്ന് ക്രിമിനൽ സംഘങ്ങളുടെ ഉള്ളറകളിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞുവെന്ന് AFP കമ്മീഷണർ റീസ് കെർഷോ പറഞ്ഞു.