ജോബ്കീപ്പർ ആനുകൂല്യത്തിനുള്ള മാനദണ്ഡങ്ങൾ ഇളവ് ചെയ്തു; കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും

കൊവിഡ്ബാധയുടെ പശ്ചാത്തലത്തിൽ തൊഴിലുകൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന ജോബ്കീപ്പർ പാക്കേജിന്റെ മാനദണ്ഡങ്ങൾ സെപ്റ്റംബർ മുതൽ ഇളവു ചെയ്യാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. ഇതോടെ അഞ്ചര ലക്ഷത്തോളം പേർക്ക് കൂടുതലായി ആനുകൂല്യം ലഭിക്കുമെന്നും സർക്കാർ അറിയിച്ചു.

Treasurer Josh Frydenberg speaks to the media during an announcement in Melbourne.

Treasurer Josh Frydenberg speaks to the media during an announcement in Melbourne. Source: AAP

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരെ തൊഴിലിൽ നിലനിർത്താനും, ശമ്പളം നൽകാനും സർക്കാർ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് ജോബ് കീപ്പർ.

ഈ വർഷം സെപ്റ്റംബർ വരെ പ്രഖ്യാപിച്ചിരുന്ന ജോബ്കീപ്പർ ആനുകൂല്യം, അടുത്ത മാർച്ച് വരെ നീട്ടാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു.

ആനുകൂല്യമായി നൽകുന്ന തുക കുറച്ചുകൊണ്ടാണ് പദ്ധതി ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.

എന്നാൽ വിക്ടോറിയ നാലാം ഘട്ട ലോക്ക്ഡൗണിലേക്ക് പോകുകയും, ഭൂരിഭാഗം ബിസിനസുകളും അടച്ചിടുകയും ചെയ്ത സാഹചര്യത്തിൽ, ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇളവു ചെയ്യുകയാണെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു.

സെപ്റ്റംബർ മുതൽ, പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ഇളവുകൾ നിലവിൽ വരുന്നത്.

ജൂൺ മാസത്തിലവസാനിച്ച സാമ്പത്തിക വർഷ പാദത്തിലും, സെപ്റ്റംബറിൽ അവസാനിക്കുന്ന പാദത്തിലും വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ, സെപ്റ്റംബർ 28 മുതൽ ജനുവരി 3 വരെ ജോബ് കീപ്പർ ആനുകൂല്യത്തിന് അർഹതയുണ്ടാകൂ എന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

എന്നാൽ ഈ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തി.

സെപ്റ്റംബർ മാസത്തിലവസാനിക്കുന്ന പാദത്തിൽ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി എന്ന് കാണിച്ചാൽ മതിയാകും.

ബിസിനസ് സ്ഥാപനങ്ങൾക്കും, സന്നദ്ധ സ്ഥാപനങ്ങൾക്കും ഈ മാറ്റം ബാധകമാണ്.

Barista Alex Pallas is seen making a coffee at Eeffoc Cafe in Prahran, Melbourne.
Source: AAP

ജൂലൈ ഒന്നിന് ജോലിയിൽ ഉണ്ടായിരുന്നവർക്കും ജോബ്കീപ്പർ ആനുകൂല്യത്തിന് അർഹതയുണ്ടാകും. മാർച്ച് ഒന്നിന് ജോലിയിൽ ഉണ്ടായിരുന്നവർക്ക് മാത്രമായിരുന്നു ഇതുവരെ ജോബ്കീപ്പർ നൽകിയിരുന്നത്.

ജനുവരി മുതൽ മാർച്ച് വരെ ജോബ്കീപ്പറിന്റെ ഭാഗമാകണമെങ്കിൽ, ജനുവരി മാസത്തിൽ വീണ്ടും വിലയിരുത്തൽ നടത്തും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ജൂൺ പാദത്തിലും, സെപ്റ്റംബർ പാദത്തിലും, ഡിസംബറിൽ അവസാനിക്കുന്ന പാദത്തിലും വരുമാനത്തിൽ ഇടിവുണ്ടാകുന്നവർക്കാണ് ജനുവരി മുതൽ ആനുകൂല്യം കിട്ടുക എന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

എന്നാൽ, ഡിസംബറിലെ വരുമാനത്തിലെ ഇടിവ് മാത്രം കാണിക്കുന്നവർക്കും അടുത്ത വർഷം ജോബ്കീപ്പർ ലഭിക്കും എന്ന് പുതിയ പ്രഖ്യാപനത്തിൽ ട്രഷറർ അറിയിച്ചു.

വിക്ടോറിയയിലെ പുതിയ ലോക്ക്ഡൗൺ സംസ്ഥാനത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയെ രൂക്ഷമായി ബാധിക്കുമെന്ന് ട്രഷറർ ചൂണ്ടിക്കാട്ടി.

35 ലക്ഷത്തോളം ഓസ്ട്രേലിയക്കാർക്കാണ് ഇപ്പോൾ ജോബ്കീപ്പർ ആനൂകൂല്യം കിട്ടുന്നത്. 9.6 ലക്ഷം ബിസിനസുകളും സന്നദ്ധ സ്ഥാപനങ്ങളും പദ്ധതിയിലുണ്ട്.

പുതിയ മാറ്റങ്ങൾ വരുന്നതോടെ വിക്ടോറിയയിലെ 5.3 ലക്ഷം പേർക്ക് കൂടി ആനുകൂല്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും ഈ മാറ്റം ബാധകമാണ്.

15 ബില്യൺ ഡോളറാണ് പദ്ധതിക്ക് അധികമായി ചെലവാകുക. ഇതിൽ 13 ബില്യൺ ഡോളറും വിക്ടോറിയയിലാകും ചെലവാകുന്നതെന്ന് ട്രഷറർ സൂചിപ്പിച്ചു.

നിലവിൽ രണ്ടാഴ്ചയിൽ 1,500 ഡോളർ നൽകുന്നത് ഒക്ടോബർ മുതൽ പൂർണസമയ ജീവനക്കാർക് 1,200 ഡോളറായും, ജനുവരി മുതൽ 1,000 ഡോളറായും കുറയും.


Share

2 min read

Published

Source: AAP, SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now