മുൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ രാജിവച്ച ഒഴിവിലാണ് ന്യൂ സൗത്ത് വെയിൽസിലെ വെൻറ്്വർത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഓസ്ട്രേലിയ ഫെഡറേഷനായി മാറിയ 1901നു ശേഷം ഇതുവരെയും ലിബറൽ പാർട്ടി മാത്രം ജയിച്ചിട്ടുള്ള മണ്ഡലമാണ് ഇത്. എന്നാൽ ഓസ്ട്രേലിയയിലെ ഉപതെരഞ്ഞെടുപ്പ് ചരിത്രത്തിൽ സർക്കാരിനെതിരെയുണ്ടാകുന്ന ഏറ്റവും വലിയ വോട്ടുചോർച്ചയിലൂടെയാണ് ഈ സീറ്റ് ലിബറൽ പാർട്ടി കൈവിട്ടത്.
20 ശതമാനത്തിലേറെ വോട്ടുചോർച്ചയാണ് സർക്കാരിന് എതിരായി ഉണ്ടായത്. പ്രൈമറി വോട്ടുകളിൽ ലിബറലിന്റെ ഡേവ് ശർമ്മ മുന്നിലെത്തിയെങ്കിലും, ലേബറിൽ നിന്നും ഗ്രീൻസ് പാർട്ടിയിൽ നിന്നുമുള്ള പ്രിഫറൻസ് വോട്ടുകളുടെ പിൻബലത്തിലാണ് കെറിൻ ഫെൽപ്സ് വിജയത്തിലേക്ക് എത്തിയത്.
ഈ തോൽവിയോടെ ലിബറൽ പാർട്ടിക്ക് പാർലമെന്റിലുണ്ടായിരുന്ന ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷം നഷ്ടമായി.

Kerryn Phelps joined the partying after achieving what she initially thought would be a miracle win. (AAP) Source: AAP
എന്നാൽ സർക്കാരിന്റെ നിലനിൽപ്പിന് തൽക്കാലം ഇത് ഭീഷണിയുയർത്തില്ല എന്നാണ് വിലയിരുത്തൽ. ക്രോസ് ബഞ്ച് അംഗങ്ങളുടെ സഹായത്തോടെ സർക്കാരിന് തുടരാൻ കഴിയും. പക്ഷേ ഓരോ വിഷയത്തിലും ക്രോസ് ബഞ്ച് അംഗങ്ങളെ അനുനയിപ്പിക്കേണ്ടിയും, അവരുടെ നിലപാടുകൾക്ക് വഴങ്ങേണ്ടിയും വരും.
ഇതോടെ പല പുതിയ നിയമങ്ങളും പാസാക്കാൻ സർക്കാരിന് കഴിയില്ല എന്ന് ഉറപ്പായിരിക്കുകയാണ്.
ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി മൂന്നാം സ്ഥാനത്താണ്. രാജിവച്ച പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളിന്റെ മകൻ അലക്സ് ടേൺബുൾ ഉൾപ്പെടെ ഇവിടെ ലേബറിന് അനുകൂലമായി രംഗത്തു വന്നിരുന്നു.