ഓസ്ട്രേലിയയിലെയും ഇന്ത്യയിലെയും നയതനന്ത്രരംഗത്തുള്ളവർ ഏറെ നാളായി തയ്യാറെടുക്കുന്ന കൂടിക്കാഴ്ചയായിരുന്നു സ്കോട്ട് മോറിസനും നരേന്ദ്രമോഡിയും തമ്മിലുള്ളത്.
എന്നാൽ മോറിസൻ ഇന്ത്യയിലേക്കെത്തി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം രണ്ടു തവണയും യാഥാർത്ഥ്യമായില്ല. ആദ്യം ഓസ്ട്രേലിയയിലെ കാട്ടുതീ മൂലമാണ് ഇന്ത്യാ സന്ദർശനം മാറ്റിവയ്ക്കേണ്ടി വന്നത്. ഇപ്പോൾ കൊവിഡ് യാത്രാവിലക്കുകൾ മൂലവും.
ഇതിനു പിന്നാലെയാണ്, വീഡിയോ വഴി ഈ കൂടിക്കാഴ്ച നടത്തുമെന്ന് സ്കോട്ട് മോറിസൻ പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച താനുണ്ടാക്കിയ സമോസകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് മോറിസൻ വീഡിയോ ഉച്ചകോടിയുടെ വിവരം വെളിപ്പെടുത്തിയത്.
“ഒറ്റക്ക് ഉണ്ടാക്കിയ ഈ സ്കോമോസകളും മാങ്ങാ ചട്നിയും മോഡിയുമായി ഒരുമിച്ചിരുന്ന് കഴിക്കാൻ കഴില്ലല്ലോ” എന്ന വിഷമവും അദ്ദേഹം പങ്കുവച്ചു.
കൊവിഡ് കാലം കഴിയുമ്പോൾ ഒരുമിച്ചിരുന്ന് സമോസ കഴിക്കാം എന്ന മറുപടിയോടെയാണ് നരേന്ദ്രമോഡി ഈ വീഡിയോ ചർച്ചയുടെ കാര്യം സ്ഥിരീകരിച്ചത്.
സമോസ നയതന്ത്രത്തിലെ ചൈന
കൊവിഡ്-19 കാലഘട്ടത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിലെ പ്രഥമ ചർച്ചാവിഷയം രോഗപ്രതിരോധ പ്രവർത്തനങ്ങൾ തന്നെയാകും.
എന്നാൽ ഇരു രാജ്യങ്ങളും ഇപ്പോൾ സമാനമായി നേരിടുന്ന ഒരു വിഷയം ചൈനയുമായുള്ള തർക്കമാണ്.
കൊറോണവൈറസ് ഉദ്ഭവത്തെക്കുറിച്ച് WHO അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ പ്രമേയം പാസായത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഓസ്ട്രേലിയയുമായുള്ള വാണിജ്യബന്ധത്തിൽ കടുത്ത നിലപാടുകളിലേക്കാണ് ചൈന കടന്നത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കവും സംഘർഷത്തിലേക്ക് നീങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, വാണിജ്യ രംഗത്ത് കൂടുതൽ സഹകരിക്കാൻ ഓസ്ട്രേലിയയും ഇന്ത്യയും തീരുമാനമെടുത്തേക്കും. അതു സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാകും ഇന്ന് പ്രധാനമായും പ്രതീക്ഷിക്കാവുന്നത്.
ഓസ്ട്രേലിയയുടെ എട്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
എന്നാൽ ഇത് പ്രധാനമായും ഇന്ത്യയിലേക്കുള്ള കയറ്റുമതിയാണ്. മറിച്ച് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഇപ്പോഴും കുറവാണ്.
2018ൽ 17 ബില്യൺ ഡോളറിന്റെ കയറ്റുമതി ഇന്ത്യയിലേക്ക് നടത്തിയപ്പോൾ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി അഞ്ചു ബില്യണിന്റേത് മാത്രമായിരുന്നു.
എന്നാൽ വിദ്യാഭ്യാസം, കാർഷികബിസിനസുകൾ, ഊർജ്ജം, ടൂറിസം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിന് വേദികളുണ്ടെന്ന് മലയാളിയായ മുൻ ഓസ്ട്രേലിയൻ വിദേശകാര്യ സെക്രട്ടറി പീറ്റർ വർഗീസ് തയ്യാറാക്കിയ ഇന്ത്യ എക്കണോമിക് സ്ട്രാറ്റജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിദ്യാഭ്യാസ രംഗത്ത് ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണം എന്ന ആവശ്യം ഓസ്ട്രേലിയയ്ക്കുള്ളിൽ തന്നെ ശക്തമാണ്. ഇതിനായി, ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള മാർഗ്ഗങ്ങളും ഓസ്ട്രേലിയ പരീക്ഷിക്കും.
ശാസ്ത്ര സാങ്കേതിക രംഗമായിരിക്കും ചർച്ചയാകുന്ന മറ്റൊരു പ്രധാന വിഷയം.
പ്രതിരോധ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും ഏറെ നാളായി നടക്കുന്നതാണ്. ഇതിലും കൂടുതൽ മുന്നോട്ടുപോകാൻ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ.