മൈ ഹെൽത്ത് റെക്കോർഡ് നിലവിൽ വരുന്നതോടെ വ്യക്തികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏകീകൃതമായി ഓൺലൈനിൽ ലഭ്യമാകും. എന്നാൽ താല്പര്യമില്ലാത്തവർക്ക് ഈ സേവനം നിരസിക്കാൻ വ്യാഴാഴ്ച വരെ അവസരമുണ്ട്.
ഓസ്‌ട്രേലിയൻ ആരോഗ്യമേഖലയെ കൂടുതൽ മെച്ചപ്പെടുത്താൻ മൈ ഹെൽത്ത് റെക്കോർഡ് പദ്ധതി സഹായിക്കുമെന്നാണ് ഫെഡറൽ സർക്കാറിന്റെ നിഗമനങ്ങൾ.
ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് രോഗികളുടെ ശരിയായ ആരോഗ്യ അവസ്ഥ പെട്ടെന്ന് മനസ്സിലാക്കാൻ മൈ ഹെൽത്ത് റെക്കോർഡിലൂടെ സാധിക്കും.
മൈ ഹെൽത്ത് റെക്കോർഡ് ഓൺലൈനായി ലഭ്യമാകുന്നത് ഉപഭോക്താക്കൾക്കും കൂടുതൽ ഗുണകരമാവുമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ രേഖകൾ ഏകീകൃതമായി ലഭ്യമാകുന്നതോടെ അത്യാഹിത വിഭാഗങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ കഴിയും. കൂടാതെ ഓസ്‌ട്രേലിയയിലെവിടേയും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താനും മൈ ഹെൽത്ത് റെക്കോർഡ് പദ്ധതിയിലൂടെ സാധ്യമാകും.
എന്നാൽ രേഖകൾ ഏകീകൃതമാക്കുമ്പോൾ സ്വകാര്യ രേഖകളുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാരിനാവില്ലന്ന് ആരോപണങ്ങളുണ്ട്.
മൈ ഹെൽത്ത് റെക്കോർഡ് സിസ്റ്റത്തിലെ രേഖകളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പു വരുത്താനാവില്ലന്നും ഹാക്കർമാർക്ക് എളുപ്പത്തിൽ രേഖകൾ ചോർത്താനാവുമെന്നും മെൽബൺ യൂണിവേഴ്സിറ്റി സൈബർ സെക്യൂരിറ്റി വിഭാഗത്തിലെ വനേസ്സ റ്റീഗ് പറഞ്ഞു.

Australians have until January 31 to opt-out of having a digital medical record created. Source: Getty Image
വിവരങ്ങൾ ചോർത്തുന്ന ഒരാൾക്ക് എളുപ്പത്തിൽ ഉപഭോക്താക്കളെ തിരിച്ചറിയാനും അവരുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ ചോർത്തിയെടുക്കാനും കഴിയുമെന്ന് വനേസ്സ റ്റീഗ് അഭിപ്രായപ്പെട്ടു.
എന്നാൽ ഇത്തരം ആശങ്കകൾക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ലന്ന് ഓസ്‌ട്രേലിയൻ അക്കാഡമി ഓഫ് ടെക്നോളജി ആൻഡ് എഞ്ചിനീയറിംഗ് തലവൻ ഹ്യു ബ്രാഡ്‌ലോ അറിയിച്ചു.
നിലവിൽ, ആശുപത്രികളിലെ റിസപ്‌ഷനിസ്റ്റുകൾക്ക് വ്യക്തികളുടെ ആരോഗ്യ രേഖകൾ ലഭ്യമാണെന്നും പേപ്പറിലുള്ള രേഖകൾ മറ്റുപലർക്കും പരിശോധിക്കുവാനും സാധിക്കുമെന്നും ഹ്യു ബ്രാഡ്‌ലോ ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ മൈ ഹെൽത്ത് റെക്കോർഡ് നിലവിൽ വരുമ്പോൾ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുമെന്ന ആശങ്കകൾക്ക് പ്രസക്തിയില്ലെന്ന് ഹ്യു ബ്രാഡ്‌ലോ പറഞ്ഞു.
പൊതുജന താത്പര്യാർത്ഥം ഇത് രണ്ടാം തവണയാണ് സേവനം നിരസിക്കുവാനുള്ള സമയ പരിധി നീട്ടിയിരിക്കുന്നത്. മൈ ഹെൽത്ത് റെക്കോർഡ് ഓൺലൈനായി ആവശ്യമില്ലാത്തവർക്ക് www.myhealthrecord.gov.au എന്ന വെബ്സൈറ്റിലൂടെ സേവനം നിരസിക്കാൻ സാധിക്കും. 1800 723 471 എന്ന നമ്പരിൽ വിളിച്ചും പോസ്റ്റ് ഓഫീസുകൾ വഴിയും സേവനം നിരസിക്കാൻ അവസരങ്ങളുണ്ട്.
സ്വകാര്യ വിവരങ്ങളുടെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മൈ ഹെൽത്ത് റെക്കോഡിലെ വിവരങ്ങൾ തൊഴിൽസ്ഥാപനങ്ങൾക്കോ, ഇൻഷുറൻസ് കമ്പനികൾക്കോ ലഭ്യമാകില്ലന്നും അധികൃതർ അറിയിച്ചു. കൂടാതെ ഉപഭോക്താക്കൾക്ക് ഹെൽത്ത് റെക്കോർഡ് സ്വയം നീക്കം ചെയ്യാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.