കുട്ടികളിൽ പടർന്നു പിടിക്കുന്ന അപകടകാരിയായ മെനിഞ്ജോകോക്കൽ രോഗത്തിനെ തടയാനായി ന്യു സൗത്ത് വെയിൽസിലെ 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
എൻ എസ് ഡബ്യു മെനിഞ്ജോകോക്കൽ ഡബ്യു റെസ്പോൺസ് പ്രോഗ്രാം എന്ന ഈ കുത്തിവയ്പ്പ് പദ്ധതി 17 - 18 വയസ്സുള്ള കുട്ടികളിൽ രണ്ടാം ടേമിൽ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.
ഇതിനായി സർക്കാർ ഒൻപത് മില്യൺ ഡോളറാണ് അനുവദിച്ചിരിക്കുന്നത്. ഇത് വഴി ഏതാണ്ട് 1,80,000 കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കഴിയുമെന്ന് ബ്രാഡ് ഹസാഡ് പറഞ്ഞു.
എല്ലാ സ്വകാര്യ- പൊതുമേഖലാ സ്‌കൂളുകളിലൂടെയും, കത്തോലിക്ക സ്‌കൂളുകളിലൂടെയും കുട്ടികൾക്ക് വാക്സിൻ നൽകാനാണ് പദ്ധതി.
2015 മുതൽ ഈ രോഗം വളരെയധികം വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. 2015 നെ അപേക്ഷിച്ച് 2016 ൽ ഇത് മൂന്നിരട്ടിയായി വർധിച്ചിരുന്നു. മാത്രമല്ല 2017 ൽ ഇതുവരെ രണ്ടു പേർക്ക് ഈ രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഹൈസ്‌കൂൾ കുട്ടികളിൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്.