ഓസ്‌ട്രേലിയയില്‍ ഔദ്യോഗിക വിവര്‍ത്തകരാകാനും, കുടിയേറ്റത്തിനും, ഭാഷാ പ്രാവീണ്യം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഔദ്യോഗിക ഏജൻസിയാണ് നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റേഴ്സ് ആന്റ് ഇന്റർപ്രെട്ടേഴ്സ് അഥവാ NAATI.
ഇതിൽ കുടിയേറ്റത്തിന് അധിക പോയിന്റുകള്‍ ലഭിക്കുന്നതിനുള്ള ക്രെഡൻഷ്യൽഡ് കമ്മ്യൂണിറ്റി ലാംഗ്വേജ് ടെസ്റ്റ് (CCL) എന്ന പട്ടികയിലേക്കാണ് മലയാളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാളത്തിന് NAATI അംഗീകാരം ലഭിച്ചാൽ നിരവധി ഗുണങ്ങളുണ്ട്. അതിനാൽ NAATI അംഗീകാരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വിവിധ മലയാളി കൂട്ടായ്മകൾ പരിശ്രമം നടത്തിയിരുന്നു.
മലയാളി കൂട്ടായ്മയുടെ ദീർഘ നാളത്തെ പരിശ്രമത്തിന്റെ ഫലമായി മലയാള ഭാഷക്ക് NAATI അംഗീകാരം ലഭിച്ചു.
NAATI അംഗീകാരമായ ക്രെഡൻഷ്യൽഡ് കമ്മ്യൂണിറ്റി ലാംഗ്വേജ് ടെസ്റ്റ് (CCL) നായി മലയാളത്തെ ഉൾപ്പെടുത്തി എന്നും ഇതിനായുള്ള അപേക്ഷകൾ ക്ഷണിക്കാൻ തുടങ്ങിയെന്നും NAATI നാഷണൽ ഓപ്പറേഷൻസ് മാനേജർ മൈക്കൽ നെമറിച്ച് എസ് ബി എസ് മലയാളത്തോട് സ്ഥിരീകരിച്ചു.
മെയ് പത്തിനാകും മലയാളത്തിനുള്ള CCL പരീക്ഷകൾ തുടങ്ങുക.
എന്നാൽ തുടക്കത്തിൽ മലയാളത്തിലുള്ള പരീക്ഷകളുടെ എണ്ണം പരിമിതമായിരിക്കുമെന്നും ജൂൺ മുതൽ ശേഷി വർദ്ധിപ്പിച്ച് അപേക്ഷിക്കുന്ന എല്ലാവർക്കും പരീക്ഷ എഴുതുവാനുള്ള അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷ എഴുതാൻ താത്പര്യമുള്ളവർ NAATI വെബ്സൈറ്റിൽ myNAATI അക്കൗണ്ട് രൂപീകരിച്ച് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ച് രണ്ട് ആഴ്ചകൾക്കകം പരീക്ഷക്ക് യോഗ്യരാണെന്ന ഇമെയിൽ സന്ദേശം അപേക്ഷകർക്ക് ലഭിക്കുമെന്നും നെമറിച്ച് ചൂണ്ടിക്കാട്ടി.
NAATI അംഗീകാരമുള്ള പല ഭാഷകളിലും പ്രാവീണ്യമുള്ളവർക്ക് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിനായി അധിക പോയിന്റ് ലഭിക്കും.
നിർദ്ദിഷ്ട ഭാഷകളിൽ CCL ടെസ്റ്റ് വിജയിക്കുന്നവർക്ക് വിവിധ വിസകൾക്ക് അപേക്ഷിക്കുമ്പോൾ അഞ്ചു പോയിന്റാണ് അധികമായി ലഭിക്കാറുള്ളത്.
ബോണസ് പോയിന്റ് എന്നാണ് പൊതുവിൽ ഇത് അറിയപ്പെടുന്നത്.
നിലവിൽ 48 ഭാഷകളാണ് ഈ പട്ടികിയിലുള്ളത്. ഹിന്ദി, പഞ്ചാബി, തമിഴ് തുടങ്ങിയ ഇന്ത്യൻ ഭാഷകൾ ഈ പട്ടികയിലുമുണ്ട്. ഇതോടൊപ്പമാണ് മലയാളത്തെയും ഗുജറാത്തിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, വിവർത്തകരായും പരിഭാഷകരായും പ്രവർത്തിക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NAATI സർട്ടിഫിക്കേഷൻ ഇപ്പോഴും മലയാളത്തിന് നൽകിയിട്ടില്ലെന്ന് നെമറിച്ച് അറിയിച്ചു. എന്നാൽ നിലവിലുള്ള Recognised Practicing Interpreter സേവനം തുടരും.