'ഓപ്പറേഷൻ കൊവിഡ് ഷീൽഡ്' എന്ന ദേശീയ വാക്‌സിൻ പ്രചാരണപദ്ധതിയുടെ ഭാഗമായാണ് ഡ്രൈവ് ത്രൂ ക്ലിനിക്കുകൾ വഴി കൊവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
ഡ്രൈവ് ത്രൂ ക്ലിനിക്കുകൾക്ക് പുറമെ സ്റ്റേഡിയം, ഷോപ്പിംഗ് സെന്ററുകൾ, സ്കൂളുകൾ എന്നിവിടങ്ങളിലും വാക്‌സിൻ വിതരണം ചെയ്യും.
ഓപ്പറേഷൻ കൊവിഡ്ഷീൽഡ് പദ്ധതിയുടെ വിശദാംശങ്ങൾ ചൊവ്വാഴ്ചയാണ് സർക്കാർ പുറത്തുവിട്ടത്.
ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ സെപ്റ്റംബറോടെ പൈലറ്റ് അടിസ്ഥാനത്തിൽ ഇത് നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
വിവിധ റീറ്റെയ്ൽ സംവിധാനങ്ങളിൽ ഒക്ടോബറോടെ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. ഇത് വിജയിച്ചാൽ മിക്ക സംസ്ഥാനങ്ങളിലും ടെറിറ്ററികളിലുമുള്ള റീറ്റെയ്ൽ സംവിധാനങ്ങളിൽ വാക്‌സിനേഷൻ ഹബുകൾ തുടങ്ങാനാണ് പദ്ധതി.
പ്രമുഖ വ്യാപാരശൃംഖലകളായ ബണ്ണിങ്സ്, വെസ്റ്റ്ഫാമേഴ്‌സ്, ഓഫീസ് വർക്സ് എന്നിവർ വാക്‌സിനേഷന് ഹബുകൾ തുടങ്ങാനുള്ള സന്നദ്ധത നേരത്തെ അറിയിച്ചിരുന്നു.
ഇതിന് പുറമെ, തൊഴിലിടങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്.
ഈ മാസം മുതൽ തൊഴിലിടങ്ങളിലുള്ള വാക്‌സിനേഷൻ നടപ്പാക്കുമെന്ന് വെസ്റ്റ്പാക്ക് അറിയിച്ചതായി കൊവിഡ്-19 ടാസ്‌ക്‌ഫോഴ്‌സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ജോൺ ഫ്രേവൻ പറഞ്ഞു. കോമൺവെൽത് ബാങ്കും ജീവനക്കാർക്ക് വാക്‌സിനേഷൻ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ, പോപ്പ്-അപ്പ് ക്ലിനിക്കുകൾ തുടങ്ങുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.
വാക്‌സിനേഷന് പദ്ധതിയുടെ ഈ പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്നത് ജനറൽ ജോൺ ഫ്രേവൻ ആണ്.
ക്രിസ്ത്മസിന് മുൻപായി എല്ലവർക്കും വാക്‌സിൻ നൽകുക എന്ന ലഷ്യത്തോടെയാണ് ഇത്. ജൂണിലാണ് ഓപ്പറേഷൻ കോവിഡ് ഷീൽഡിനെക്കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.