ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനി ക്വീൻസ്ലാൻഡിൽ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പ്.
ഫെഡറൽ-സംസഥാന സർക്കാരുകളുടെ പിന്തുണയോടെയാണ് അഞ്ചു ബില്യണ്‍ ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നത് . ഇതിനായി സര്‍ക്കാര്‍ ഒരു ബില്യണ്‍ ഡോളര്‍ അദാനിക്ക് വായ്പ നല്‍കുന്നുമുണ്ട്.
എന്നാല്‍ ഈ പദ്ധതി പരിസ്ഥിതിയെയും, സമുദ്രത്തിലെ പവിഴപ്പുറ്റുകളെയും (കോറല്‍ റീഫ്‌സ്) കൃഷിയെയും എല്ലാം ബാധിക്കും എന്നാരോപിച്ചാണ് രാജ്യവ്യാപകമായി പൊതുജന റാലികള്‍ സംഘടിപ്പിച്ചത്.
പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിന്റെ പാര്‍ലമെന്റ് സീറ്റില്‍ ഉള്‍പ്പെടുന്ന സിഡ്‌നിയിലെ ബോണ്ടായി ബീച്ചായിരുന്നു പ്രതിഷേധത്തിന്റെ ഒരു പ്രധാന കേന്ദ്രം. രണ്ടായിരത്തോളം പേര്‍ അണിനിരന്നുകൊണ്ട് Stop Adani എന്ന മനുഷ്യഹാഷ്ടാഗ് രൂപീകരിച്ചായിരുന്നു ഇവിടത്തെ പ്രതിഷേധം.
നൂറുകണക്കിന് ആളുകളാണ് കാൻബറയിലെ പാര്ലമെന്റ് ഹൗസിന് മുൻപിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തത്. പദ്ധതിക്ക് സർക്കാർ നൽകുന്ന പിന്തുണയ്‌ക്കെതിയായിരുന്നു ഇവരുടെ പ്രതിഷേധം.
'സ്റ്റോപ്പ് അദാനി' എന്നെഴുതിയ പ്ലാക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ ഉരുവിട്ടുകൊണ്ടായിരുന്നു ഇവർ പ്രതിഷേധിച്ചത്.
ബ്രിസ്ബൈൻ, ബോണ്ടായി ബീച്ച്, പോർട്ട് ഡഗ്ലസ്, കാൾട്ടൻ നോർത്ത് എന്നിവിടങ്ങളിൽ ഉൾപ്പെടെ എല്ലാ സംസഥാനങ്ങളിലും ടെറിറ്ററികളിലും 45 ഇടങ്ങളിലായി ഇത്തരത്തിൽ ഡസൻ കണക്കിന് പ്രതിഷേധ റാലികളാണ് നടന്നത്.

Thousands of people have turned out across the country to oppose the proposed Adani coal mine. Source: AAP
ജനം അദാനിക്കെതിരെന്ന് സര്‍വേ ഫലം
ഏതാണ്ട് പകുതിയിലധികം ഓസ്‌ട്രേലിയക്കാർ പദ്ധതിയോടു യോജിക്കുന്നില്ലെന്നാണ് പുതിയ സർവ്വേ തെളിയിക്കുന്നത്. ഈ സർവേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത് .
സർവേയിൽ പങ്കെടുത്തത്തിൽ ഏതാണ്ട് 55 .5 ശതമാനം പേരും പദ്ധതിയെ എതിർത്തിരുന്നു. 26 .1 ശതമാനം പേർ മാത്രമാണ് ഇതിനെ പിന്തുണക്കുന്നത് .
ഫെഡറൽ സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെയുള്ള ഈ ബില്യൺ ഡോളർ അദാനി ഖനി പദ്ധതി പ്രകൃതിയെ ദോഷകരമായി ബാധിക്കുമെന്ന് ക്ലൈമറ്റ് ക്യാംപെയ്‌നർ ബ്ലെയർ പലസ് അഭിപ്രായപ്പെട്ടു.

Protesters opposing the Adani coal mine in the Galilee Basin in September 11, 2017. Source: AAP
രാജ്യത്തുടനീളം നടക്കുന്ന ഈ പ്രതിഷേധ പ്രകടനങ്ങൾക്ക് പുറമെ മാർച്ച് മാസത്തിൽ രൂപപ്പെട്ട ദി സ്റ്റോപ്പ് അദാനി അലയൻസ് എന്ന സംഘടനയും ദേശീയ തലത്തിൽ പ്രകടനങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ട്. 31 സംഘടനകളുടെ പിൻബലത്തോടെ നിലകൊള്ളുന്ന ദി സ്റ്റോപ്പ് അദാനി അലയന്സിന്റെ അംഗത്വം ഇപ്പോൾ ഇരട്ടിയായി വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ.