2018 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയുടെ ആറു സംസ്ഥാനങ്ങളിൽ സ്ട്രോബറികളിൽ തയ്യൽ സൂചികൾ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ക്വീൻസ്ലാൻറ് പൊലീസ് നടത്തിയ അന്വേഷണത്തെത്തുടർന്ന് 52 വയസുള്ള മൈ ഉട്ട് ട്രിൻ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതിയുടെ ഡി എൻ എ പരിശോധനയുടെ ഫലം പുറത്തുവന്ന ശേഷമാണ് ഇവർക്കെതിരെ കഴിഞ്ഞ വര്ഷം അന്വേഷണ സംഘം കേസെടുത്തത്.
എന്നാൽ ഭക്ഷണപദാർത്ഥങ്ങൾ മലിനമാക്കിയെന്ന കേസുകളുടെ വിചാരണ തുടങ്ങാനിരുന്ന ദിവസം ഇവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചു.
ഇവർക്കെതിരെ ചുമത്തിയ ഏഴ് കുറ്റങ്ങളാണ് പ്രോസിക്യൂഷൻ പിൻവലിച്ചത്. കേസുകൾ പിൻവലിച്ചതിന്റെ കാരണം കോടതി വ്യക്തമാക്കിയില്ല.
അതേസമയം, വിചാരണക്ക് മുൻപ് ബ്രിസ്‌ബൈൻ ജില്ലാ കോടതിയിൽ നടന്ന പ്രാഥമിക വാദം കേൾക്കലിൽ ഇവർക്ക് ശിക്ഷ ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതായി പ്രോസിക്യൂഷൻ വക്താവ് അറിയിച്ചു. ഇതേത്തുടർന്നാണ് കേസുകൾ പിൻവലിച്ചതെന്ന് പ്രോസിക്യൂഷൻ വക്താവ് പറഞ്ഞു.

കേസുകളുമായി മുൻപോട്ട് പോകുന്നില്ലെന്ന് പ്രോസിക്യൂഷൻ സൂചിപ്പിച്ചുവെന്നും അതിനാൽ കോടതി വിട്ടു പോകാമെന്നും ജസ്റ്റിസ് മൈക്കൽ ബൈർണി ട്രിന്നിനോട് പറഞ്ഞു.
കേസിൽ പ്രതിചേർത്ത് മൂന്ന് വർഷത്തിന് ശേഷമാണ് കോടതി ട്രിന്നിനെതിരെയുള്ള കേസ് പിൻവലിച്ചത്. ഇതിൽ ഏറെ സന്തോഷമുണ്ടെന്ന് ട്രിൻ പ്രതികരിച്ചു.
വടക്കൻ ബ്രിസ്‌ബൈനിലെ കാബുൾച്ചറിലുള്ള സ്ട്രോബറി ഫാമിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു ട്രിൻ. ഇതിനിടെയാണ് സ്ട്രോബറിയിൽ തയ്യൽ സൂചി കണ്ടെത്തിയ കേസിൽ ട്രിൻ പിടിയിലായത്.
സംഭവത്തെത്തുടർന്ന് പല സൂപ്പര്‍മാര്‍ക്കറ്റുകളും സ്‌ട്രോബറി വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചതോടെ ഇത് മേഖലയെ സാരമായി ബാധിക്കുകയും 160 മില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാവുകയും ചെയ്തു.
ദേശവ്യാപകമായി സ്ട്രോബറിയിൽ സൂചി കണ്ടെത്തിയ 230 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

