ഓസ്‌ട്രേലിയയിൽ പ്രൊഫഷണൽ കായിക രംഗത്ത് കാഴ്ചക്കാരിൽ നിന്നുള്ള വംശീയത തടയുന്നത് ലക്ഷ്യമിട്ട് പുതിയ മാർഗരേഖ പുറത്തുവിട്ടു.
കാണികളിൽ നിന്ന് വിവേചനപരമായ പ്രവർത്തികൾ കൂടുന്നത് കണക്കിലെടുത്താണ് ഓസ്‌ട്രേലിയൻ മുനഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ പുതിയ മാർഗരേഖ തയ്യാറാക്കിയതെന്ന് റേസ് ഡിസ്ക്രിമിനേഷൻ കമ്മീഷണർ ചിൻ ടാൻ പറഞ്ഞു.
കായിക വേദികളിൽ സംഭവിക്കുന്ന വംശീയ വിവേചനത്തിന് വ്യക്തമായ നിർവചനം നൽകുകയും ഉടൻ പരാതി നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കുകയൂം ചെയ്യുക എന്നതാണ് ഒരു നിർദ്ദേശം.
വംശീയ വിവേചനം നേരിടുന്ന സാഹചര്യത്തിൽ കാണികൾക്കും കളിക്കാർക്കും അധികൃതർക്കും എളുപ്പത്തിൽ വിവരങ്ങൾ അറിയിക്കാൻ SMS സംവിധാനവും ഓൺലൈൻ ഉപാധികളും ഒരുക്കും.
പുതിയ നയങ്ങൾ സംബന്ധിച്ച് കളിക്കാർക്കും അധികൃതർക്കും പരിശീലനം നൽകുന്നതും പുതിയ മാർഗരേഖയുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
പരാതി ലഭിച്ചാൽ സംഭവത്തിന് ഉത്തരവാദികളെ ആവശ്യമെങ്കിൽ സ്റ്റേഡിയത്തിൽ നിന്ന് മാറ്റുവാനും നിർദ്ദേശമുണ്ട്. ഇതിനുപുറമെ സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമായി ശേഖരിക്കുകയും അവലോകനം നടത്തുകയും വേണം.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ മെമ്പർഷിപ്പ് റദ്ദാക്കുക, സ്റ്റേഡിയത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുക, വംശീയ വിവേചനം തടയുന്നതിനുള്ള പരിശീലനത്തിന് വിധേയരാക്കുക തുടങ്ങിയവയും മാർഗരേഖയുടെ ഭാഗമാണ്.
ഇതിന് പുറമെ സ്റ്റേഡിയത്തിൽ കാണികൾ വിവേചനപരമായ പെരുമാറ്റത്തിൽ ഏർപ്പെടുമ്പോൾ ഇക്കാര്യം മറ്റുള്ള കാണികൾ അധികൃതരെ അറിയിക്കുന്നത് സംബന്ധിച്ചുള്ള പരിശീലനവും പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
വംശീയ വിവേചനം തടയുന്നതിനുള്ള പുതിയ നടപടികളെക്കുറിച്ച് പൊതുജനത്തിന് അറിവ് പകരുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക തുടങ്ങി നിരവധി പുതിയ നടപടികൾ നടപ്പിലാക്കുന്നത് വഴി കാണികളിൽ നിന്നുള്ള വംശീയ വിവേചനം തടയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.
ഇതുവഴി കായിക വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചിൻ ടാൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
കായിക രംഗത്ത് കണ്ട് വരുന്ന വംശീയ വിവേചനം സംബന്ധിച്ച് പ്രധാനപ്പെട്ട ചർച്ചകൾക്ക് പുതിയ മാർഗരേഖ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളിക്കാരും, അസോസിയേഷനുകളും, മുഖ്യ കായിക സംഘടനകളും, വേദികളും, ക്ലബുകളും ഉൾപ്പെടെയുള്ളവർ ഒരുമിച്ച് നിന്ന് നടപ്പിലാക്കേണ്ട പദ്ധതിയാണ് ഇതെന്നും മനുഷ്യവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.