ഓസ്‌ട്രേലിയയിൽ പലയിടങ്ങളിലും RAT കിറ്റുകൾ വീണ്ടും പാക്ക് ചെയ്തോ ലേബൽ മാറ്റിയോ വിൽക്കുന്നതായി ഓസ്‌ട്രേലിയൻ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.
ഇത്തരം കിറ്റുകളിൽ പരിശോധനക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഉണ്ടാകണമെന്നില്ലെന്നാണ് മുന്നറിയിപ്പ്.
ഇതിന് പുറമെ വീട്ടിൽ വച്ചുള്ള പരിശോധനക്ക് അനുയോജ്യമല്ലാത്ത പരിശോധനാ കിറ്റുകൾ ചില റീറ്റെയ്ൽ സ്ഥാപനങ്ങളും ഓൺലൈൻ സൈറ്റുകളും വിൽക്കുന്നതായും തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ 32 തരം RAT കിറ്റുകൾക്കാണ് ഓസ്‌ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരാമുള്ളത്.
അംഗീകൃതമല്ലാത്ത RAT കിറ്റുകൾ TGA യുടെ പരിശോധനക്ക് വിധേയമായിട്ടില്ലെന്നും ഇവയുടെ ഫലപ്രാപ്തിയും, ഗുണമേന്മയും സംബന്ധിച്ച് ഈ കമ്പനികൾ ഉറപ്പ് നൽകുന്നില്ല എന്നും TGA പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അംഗീകൃതമല്ലാത്ത കിറ്റുകൾ ശരിയായ ഫലം നല്കണമെന്നില്ലെന്നും TGA മുന്നറിയിപ്പ് നൽകുന്നു.
ഓസ്‌ട്രേലിയൻ റീറ്റെയ്ൽ സ്ഥാപനങ്ങളിൽ നിന്ന് RAT കിറ്റുകൾ വാങ്ങിക്കുകയും ഇവ TGA അംഗീകരിച്ചിട്ടുള്ള കിറ്റുകളിൽ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതുമായിരിക്കും ഏറ്റവും സുരക്ഷിതമായ മാർഗ്ഗമെന്ന് TGA ചൂണ്ടിക്കാട്ടി.
പുതിയ 35 കൊവിഡ് മരണങ്ങൾ
ഓസ്‌ട്രേലിയയിൽ പുതിയ 35 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൽ 26 മരണങ്ങൾ വിക്ടോറിയിലാണ് സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയിൽസിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചിട്ടുണ്ട്. ക്വീൻസ്ലാന്റിൽ ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വിക്ടോറിയയിൽ പുതിയതായി 6,545 പേർക്ക് കൂടി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ 9,466 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,000 പേർ ആശുപത്രികളിൽ ചികിത്സ തേടുന്നതായും ഇവരിൽ 42 പേർ തീവ്രപരിചരണ വിഭാഗത്തിലുമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ടാസ്‌മേനിയിൽ 937 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 5,432 പേരിലാണ് സജീവമായ രോഗബാധയുള്ളത്.
14 പേർ കൊവിഡ് ബാധിച്ച് ആശുപത്രികളിലുണ്ട്. നാല് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.