ന്യൂ സൗത്ത് വെയിൽസിൽ പുതുതായി 1,431 കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് നിരക്ക് ഇനിയും കൂടുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന കണക്കുകൾ. വരും ദിവസങ്ങളിൽ രോഗബാധാ നിരക്ക് കൂടാൻ സാധ്യതയുള്ളതായി പ്രീമിയർ വ്യക്തമാക്കി.
ഏറ്റവും അധികം കൊവിഡ് കേസുകൾ അടുത്ത രണ്ടാഴ്ച സ്ഥിരീകരിക്കാൻ സാധ്യതയുള്ളതായി പ്രീമിയർ പറഞ്ഞു.
പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്ന 12 കൊവിഡ് മരണങ്ങളിൽ 30 വയസിനും 35നും ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി. ഇവർ വാക്‌സിനേഷൻ സ്വീകരിച്ചിരുന്നില്ല എന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
സിഡ്‌നിയുടെ പലഭാഗങ്ങളിലായി 60 വയസിനും 80 വയസിനും മേൽ പ്രായമുള്ളവരാണ് മരിച്ച മറ്റുള്ളവർ. ബ്ലൂ മൗണ്ടെയ്ൻസിലുള്ള 90 വയസിനും മേൽ പ്രായമുള്ള ഒരാളും മരിച്ചവരിൽ ഉൾപ്പെടുന്നു.
നിലവിൽ 979 കൊവിഡ് രോഗികൾ ന്യൂ സൗത്ത് വെയിൽസിലെ ആശുപത്രികളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 160 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 63 പേർ വെന്റിലേറ്ററിലും.
എന്നാൽ ഇപ്പോൾ എത്ര കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു എന്നതിലല്ല മറിച്ച് എത്ര പേർ വാക്‌സിനേഷൻ സ്വീകരിക്കുന്നു എന്നതിലാണ് ശ്രദ്ധിക്കേണ്ടത് എന്നും പ്രീമിയർ ചൂണ്ടിക്കാട്ടി.
ന്യൂ സൗത്ത് വെയിൽസിൽ ഇതിനോടകം ഏഴ് മില്യൺ ഡോസ് വാക്‌സിൻ നൽകി കഴിഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ട് മണിവരെയുള്ള 24 മണിക്കൂറിൽ 44,248 ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി.
വിക്ടോറിയ
വിക്ടോറിയയിലും ഉയർന്ന പ്രതിദിന രോഗബാധാ നിരക്ക് റിപ്പോർട്ട് ചെയ്തു. പുതുതായി 208 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധയിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.
സംസ്ഥാനത്ത് പുതുതായി ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ഥിരീകരിച്ച കേസുകളിൽ 96 എണ്ണം നിലവിലുള്ള ക്ലസ്റ്ററുകളുമായി ബന്ധമുള്ളതാണ്.
രോഗബാധാ നിരക്ക് വിക്ടോറിയയിലും കൂടുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഷേപ്പാർട്ടണിൽ ഐസൊലേഷനിൽ കഴിയുന്ന 3000 പേരുടെ 13 ആം ദിവസത്തെ സ്വാബ് പരിശോധന വ്യാഴാഴ്ച നടത്തി. ഇതിന്റെ ഫലം വരുമ്പോൾ വെളിയാഴ്ചത്തെ കണക്കുകൾ കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

