നിലവിൽ രാജ്യത്ത് പാരാമെഡിക്കായി ജോലി ചെയ്യുന്നതിന് രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ ഡിസംബർ ഒന്ന് മുതൽ പാരാമെഡിസിൻ ബോർഡ് ഓഫ് ഓസ്‌ട്രേലിയയിൽ ഇവർ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പാരാമെഡിസിൻ ബോർഡ് വക്താവ് അറിയിച്ചു.
ആരോഗ്യ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ജോലികളിൽ ഒന്നാണ് പാരാമെഡിക്‌സിന്റേത്. ദേശീയ റെഗുലേഷൻ സ്‌കീമിൽ രജിസ്റ്റർ ചെയ്യുന്നത് വഴി ഓരോ വ്യക്തികളും കൃത്യമായി ട്രെയ്നിങ്ങും വിദ്യാഭ്യാസ യോഗ്യതയും ഉള്ള അംഗീകൃത പാരാമെഡിക്‌സാണെന്ന് ഉറപ്പു വരുത്താൻ കഴിയുമെന്ന് നാഷണൽ ബോർഡ് ചെയർ അസ്സോസിയേറ്റ് പ്രൊഫസർ സ്റ്റീഫൻ ഗൗഗ് എ എസ് എം പറഞ്ഞു.
ഇതോടെ ഇത്തരത്തിൽ രജിസ്ട്രേഷൻ ലഭിച്ചവർക്ക് മാത്രമേ പാരാമെഡിക് എന്ന സ്വയം വിശേഷിപ്പിക്കുവാനും പാരാമെഡിക്കായി ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാനും അനുവാദമുള്ളൂ
മാത്രമല്ല, പാരാമെഡിസിനിൽ പഠനം നടത്തിയവർക്കും പാരാമെഡിക്കായി ജോലി ചെയ്യാൻ താൽപര്യപ്പെടുന്ന രജിസ്റ്റേർഡ് നഴ്സുമാർക്കും ഡ്യുവൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
അതായത് രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി ചെയ്യുന്നവർ പോലും പാരാമെഡിക്കായി ജോലി ചെയ്യാൻ പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമാണെന്ന് പാരാമെഡിസിൻ ബോർഡ് ഓഫ് ഓസ്‌ട്രേലിയ വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
രജിസ്റ്റേർഡ് നേഴ്സ് ആയി ജോലി ചെയ്യണമെങ്കിൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ബോർഡിലും പാരാമെഡിക്കായി ജോലിനോക്കണമെങ്കിൽ പാരാമെഡിസിൻ ബോർഡ് ഓഫ് ഓസ്‌ട്രേലിയയിലും ഇവർ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പാരാമെഡിസിൻ ബോർഡിൽ രജിസ്റ്റർ ചെയ്യുന്നതിനായി അഞ്ച് മാനദണ്ഡങ്ങളാണ് ബോർഡ് മുന്പോട്ടുവച്ചിരിക്കുന്നത്. അപേക്ഷകരുടെ ജോലിയിലെ തുടർച്ചയായുള്ള പുരോഗതി, ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തത്, ഇംഗ്ലീഷ് ഭാഷാ കൈകാര്യം ചെയ്യാനുള്ള കഴിവ്, പ്രൊഫഷണൽ ഇൻഡെമിനിറ്റി ഇൻഷുറൻസ്, അതുകാലത്തുള്ള ജോലിയിലെ പ്രവർത്തിപരിചയം എന്നിവയാണ് പാരാമെഡിസിൻ ബോർഡിൽ രജിസ്റ്റർ ചെയ്യാൻ വേണ്ട മാനദണ്ഡങ്ങൾ.
ഇതിന് പുറമെ നിലവിൽ പാരാമെഡിക്കായി ജോലി ചെയ്യുന്ന അംഗീകൃത പ്രവർത്തന യോഗ്യത ഇല്ലാത്തവർക്ക് താത്കാലികമായി മറ്റൊരു രജിസ്ട്രേഷൻ സംവിധാനത്തിനും ബോർഡ് പദ്ധതിയിടുന്നു. ടൈം ലിമിറ്റഡ് ഗ്രാൻഡ്പേരന്റിംഗ് രജിസ്ട്രേഷൻ സ്റ്റാൻഡേർഡ് എന്നതാണ് ഈ സംവിധാനം. ഇത് വഴി ട്രെയ്‌നിങ്ങിലൂടെയും, പ്രവർത്തിപരിചയത്തിലൂടെയും, വിദ്യാഭ്യാസ യോഗ്യതയിലൂടെയും ഇവരുടെ യോഗ്യത തെളിയിക്കാൻ കഴിയും.
രോഗികളുടെ സുരക്ഷക്ക് മുൻതൂക്കം കൊടുക്കുന്ന നാഷണൽ രജിസ്ട്രേഷൻ ആൻഡ് അക്രെഡിറ്റേഷൻ സ്‌കീമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഏറ്റവും പുതിയ തൊഴിൽ മേഖലയാണ് പാരാമെഡിസിൻ. ആരോഗ്യ മേഖലയിലെ 15ൽ പരം തൊഴിലുകളിൽ നിന്നുള്ള 750,000ൽ പരം ജോലിക്കാർ ഈ നാഷണൽ സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ നഴ്‌സിംഗ് ആന്റ് മിഡ്-വൈഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യരംഗത്ത് വീണ്ടും ഒരു നിയമ മാറ്റം.