ചൈൽഡ് കെയർ ഫീസ് കുറയും; സബ്‌സിഡി കൂടും
രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ചൈൽഡ് കെയർ സബ്‌സിഡി ലഭിക്കും.
അഞ്ച് വയസും താഴെയും പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങളിലെ രണ്ടാമെത്തെയും ഇതിന് താഴെയുമുള്ള കുട്ടികൾക്ക് കൂടുതൽ സബ്‌സിഡി ലഭിക്കും. ഈ മാറ്റം പ്രകാരം സബ്‌സിഡി 30 ശതമാനത്തോളം കൂടും.

അഞ്ച് വയസോ താഴെയോ പ്രായമുള്ള രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികൾക്ക് പരമാവധി 95 ശതമാനം വരെയാകും സബ്‌സിഡി.
ഇതുവഴി നാല് ദിവസം ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് ആഴ്ചയിൽ 95 ഡോളർ വരെ കുറവുണ്ടാകും.
സാമൂഹ്യ സുരക്ഷാ ആനുകൂല്യം കൂടും
ജനുവരി ഒന്നിന് ശേഷം യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും കെയറർമാർക്കുമുള്ള സാമൂഹ്യ സുരക്ഷാ ആനുകൂല്യം 3.5 ശതമാനം കൂടും.
വീട്ടിൽ നിന്ന് മാറി താമസിക്കുന്ന യുവാക്കൾക്ക് രണ്ടാഴ്ച കൂടുമ്പോൾ ലഭിക്കുന്ന അലവൻസ് $537.40ലേക്ക് ഉയരും. കുടുംബത്തോടൊപ്പം വീട്ടിൽ താമസിക്കുന്ന 18 ന് മേൽ പ്രായമുള്ള യുവാക്കൾക്ക് അലവൻസ് $371.60 ലേക്ക് ഉയരും.
യൂത്ത് സബ്‌സിഡിയിൽ യഥാക്രമം 17.90 ഡോളറിന്റെയും 12.40 ഡോളറിന്റെയും വർദ്ധനവാണ് ഉണ്ടാവുന്നത്.
ഓസ്റ്റഡി പദ്ധതിയിൽ ഉൾപ്പെടുന്ന മുതിർന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച കൂടുമ്പോൾ $537.40 ലഭിക്കും.
സിംഗിൾ പേരന്റ്സിന്റെ അലവൻസ് $688.20 ലേക്ക് ഉയരും.
അഞ്ച് വയസും മുകളിലും പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ
ഓസ്‌ട്രേലിയയിൽ അഞ്ച് വയസും മുകളിലും പ്രായമുള്ള കുട്ടികൾക്ക് വാക്‌സിന് അർഹതയുണ്ടാകും.
ജനുവരി 10 മുതൽ ഫൈസർ വാക്‌സിനാണ് സ്വീകരിക്കാൻ കഴിയുക.
കൂടുതൽ വനിതാ ട്രേഡികൾ
വിക്ടോറിയയിൽ സർക്കാർ ചെലവിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഫണ്ടിങ്ങിന്റെ നാല് ശതമാനം സ്ത്രീകളുടെ പരിശീലനത്തിനും അപ്രെന്റിസ്ഷിപ്പിനുമായും ചെലവിടും.

വിക്ടോറിയയിൽ ബിൽഡിംഗ് ഇക്വാളിറ്റി പോളിസിയുടെ ഭാഗമായി, ട്രേഡീ ജോലികളിൽ മൂന്ന് ശതമാനവും സ്ത്രീകൾക്കായിരിക്കണം എന്നതാണ് ഒരു മാറ്റം. നിർമ്മാണ രംഗത്തെ ട്രേഡീ അല്ലാത്ത തൊഴിലുകളിൽ ഏഴ് ശതമാനവും കൂടാതെ മാനേജ്‌മന്റ്, സൂപ്പർവൈസർ സ്പെഷ്യലിസ്റ്റ് ജോലികളിൽ 35 ശതമാനം സ്ത്രീകൾ ആയിരിക്കണം എന്നതാണ് പുതിയ നിബന്ധന.
മാനസികാരോഗ്യ സേവനങ്ങൾക്ക് വേണ്ടി വിക്ടോറിയയിൽ അധിക നികുതി
വിക്ടോറിയയിൽ ജനുവരി ഒന്ന് മുതൽ മാനസിക ആരോഗ്യ സേവനങ്ങൾക്കും റോയൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി അധിക നികുതി ഈടാക്കും (പേറോൾ ടാക്സ് സർചാർജ്).
ആശുപത്രികൾ,സ്വകാര്യ സ്‌കൂളുകൾ, പ്രാദേശിക കൗൺസിലുകൾ, ചാരിറ്റികൾ, വോളന്റീയർ ലീവ് കൂടാതെ പേരന്റൽ ലീവ് എന്നിവയ്ക്കു ഇളവുകൾ ബാധകമായിരിക്കും.
വിക്ടോറിയയിൽ വസ്തുവകകളുടെ നികുതിയിൽ മാറ്റം
വിക്ടോറിയയിൽ $300,000 ലധികം മൂല്യമുള്ള വസ്തുവകകൾക്ക് മാത്രമാണ് നികുതി ബാധകമാകുക. മുൻപ് ഇത് $250,000 വരെ വിലയുള്ള വസ്തുവകൾക്കായിരുന്നു ബാധകം.

