ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഡ് ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനാണ് പുതിയ ഗൈഡ്.
ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണേഴ്‌സ് റെഗുലേറ്ററി അതോറിറ്റി (AHPRA)യാണ് ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന സോഷ്യല്‍ മീഡിയ പോളിസിക്ക് പകരമാണ് ഇത്. 2014ല്‍ തയ്യാറാക്കിയിരുന്ന പോളിസിയില്‍, സോഷ്യല്‍ മീഡിയ ഉപയോഗം കൂടുതല്‍ വ്യാപകമായ സാഹചര്യം കണക്കിലെടുത്തുള്ള പരിഷ്‌കരണങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും, ലിങ്ക്ഡ് ഇന്‍ പോലുള്ള പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, വിക്കിപീഡിയ എന്നീ സൈറ്റുകളിലുമെല്ലാം ഈ ഗൈഡ് ബാധകമായിരിക്കും.
സ്വകാര്യ അക്കൗണ്ടുകള്‍ക്കും ബാധകം
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍ ജോലിസ്ഥലത്തും പുറത്തും മറ്റുള്ളവരോട് ഇടപെടുമ്പോള്‍ പാലിക്കേണ്ട എല്ലാ ഉത്തരവാദിത്തങ്ങളും സോഷ്യല്‍ മീഡിയയിലും പാലിക്കണം എന്നാണ് ഈ ഗൈഡ് പറയുന്നത്.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എന്ന വിവരം സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും ഈ ഗൈഡ് ബാധകമാകും.
മെഡിക്കല്‍ ബോര്‍ഡും, നഴ്‌സിംഗ് ആന്റ് മിഡൈ്വഫറി ബോര്‍ഡും പോലുള്ള ഓരോ ഏജന്‍സികളും പുരത്തിറക്കിയിട്ടുള്ള പെരുമാറ്റച്ചട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലും ബാധകമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ഗൈഡെന്ന് AHPRA വക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: Shuttlecock
സോഷ്യല്‍ മീഡിയയില്‍ പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അതാത് ബോര്‍ഡുകള്‍ക്ക് ഉചിതമായ നടപടിയെടുക്കാന്‍ കഴിയും
ഇതില്‍ നല്‍കിയിരിക്കുന്ന ഏറ്റവും പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
- സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ചികിത്സിക്കുന്ന രോഗികളുടെയോ അവരുടെ ബന്ധുക്കളുടെയോ സ്വകാര്യത ഹനിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
- സോഷ്യല്‍ മീഡിയിയല്‍ നടത്തുന്ന പരാമര്‍ശങ്ങളും നിലപാടുകളും ഒരു രോഗിയുടെ സാംസ്‌കാരിക വിശ്വാസങ്ങളെ ഹനിക്കുകയോ, അതിലൂടെ അവര്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാവുകയോ ചെയ്യാന്‍ പാടില്ല. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട പ്രൊഫഷണലിസവും, രോഗികളോടുള്ള ബഹുമാനവും സോഷ്യല്‍ മീഡിയയിലും കാണിക്കണം.
- രോഗികളുമായി സോഷ്യല്‍ മീഡിയിലൂടെ സംസാരിക്കുമ്പോള്‍ ഔദ്യോഗിക അതിര്‍ വരമ്പുകള്‍ ലംഘിക്കുകയോ, വ്യക്തിപരമായ രീതിയിലേക്ക് കടക്കുകയോ ചെയ്യരുത്.
- പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ള പ്രചാരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വിരുദ്ധമായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളുടെ ഭാഗമാകരുത്.
ഈ സാഹചര്യങ്ങള്‍ വ്യക്തമാക്കാന്‍ നിരവധി ഉദാഹരണങ്ങളും AHPRA നല്‍കുന്നുണ്ട്.
വ്യാജ പ്രചാരണങ്ങള്‍
പൊതുജനാരോഗ്യ സംവിധാനങ്ങളെക്കുറിച്ചും അവ ഫലപ്രദമാണോ എന്നതിനെക്കുറിച്ചും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കരുത് എന്നാണ് ഈ ഗൈഡ് പറയുന്നത്.
ശാസ്ത്രീയ തെളിവുകള്‍ക്ക് വിരുദ്ധമായ പ്രചാരണങ്ങള്‍ ലൈക്കോ, ഷെയറോ, അനുകൂല കമന്റോ ചെയ്യുന്നത് വ്യാജ ആരോഗ്യ പ്രചാരണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കും എന്ന് AHPRA വ്യക്തമാക്കി. ഇത് പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളുടെ ലംഘനമാകാം എന്നും സോഷ്യല്‍ മീഡിയ ഗൈഡ് ചൂണ്ടിക്കാട്ടുന്നു.
ശാസ്ത്രീയ തെളിവുകളുടെ പിന്തുണയില്ലാത്ത ആരോഗ്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലൈക്കും, ഷെയറും അനുകൂല കമന്റും ചെയ്യുമ്പോള്‍ ആരോഗ്യമേഖലാ ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പാലിക്കണം.
ഉദാഹരണത്തിന്, വാക്‌സിനേഷനെതിരെ നടക്കുന്ന പ്രചാരണങ്ങളെ അനുകൂലിച്ചുകൊണ്ട് ഒരു നഴ്‌സ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അത് പെരുമാറ്റച്ചട്ട ലംഘനമായി നഴ്‌സിംഗ് ആന്റ് മിഡൈ്വഫറി ബോര്‍ഡിന് കണക്കാക്കാന്‍ കഴിയും.
ഇത്തരം സാഹചര്യങ്ങളില്‍ സ്വമേധയാ ഉചിതമായ തീരുമാനമെടുക്കാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെല്ലാം കഴിയണമെന്നും, അതിന് സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നതെന്നും AHPRA മാധ്യമ വിഭാഗം വക്താവ് എസ് ബി എസ് മലയാളത്തോട് ചൂണ്ടിക്കാട്ടി.

Social media apps Facebook, Twitter and Instagram Source: AAP
സ്വകാര്യത ഉറപ്പാക്കാന്‍
സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ രോഗികളുടെ സ്വകാര്യത ഹനിക്കുന്നില്ല എന്ന കാര്യം പ്രത്യേകം ഉറപ്പു വരുത്തണമെന്നും ഇതില്‍ പറയുന്നുണ്ട്.
ഉദാഹരണത്തിന്, ആശുപത്രി വാര്‍ഡില്‍ നിന്ന് ഒരു സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ രോഗികളുടെ വിശദാംശങ്ങളോ ആരോഗ്യ വിവരങ്ങളോ അതില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ അത്തരം വിവരങ്ങള#് ഉണ്ടെങ്കില്‍ പോലും ആര്‍ക്കെങ്കിലും അത് പരാതിയായി ഉന്നയിക്കാന്‍ കഴിയും.
സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചോ സമാനമായ വിഷയങ്ങളെക്കുറിച്ചോ സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിക്കുമ്പോഴും ശ്രദ്ധിക്കണം എന്നാണ് ഗൈഡ് പറയുന്നത്. അതിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നു എന്ന പരാതി ഉന്നയിക്കാന്‍ രോഗികള്‍ക്ക് സാധിച്ചേക്കും.
പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ ഗൈഡ് ലംഘിക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ കഴിയുമെന്നും AHPRA വക്താവ് അറിയിച്ചു.
നിര്‍ദ്ദിഷ്ട ബോര്‍ഡുകളായിരിക്കും ഈ പരാതികള്‍ പരിഗണിച്ച് തുടര്‍ നടപടികളെടുക്കുക.