സ്ഥിരമായി വ്യായാമം ചെയ്യുകയും, ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുകയും ചെയ്യുന്ന പല ചെറുപ്പക്കാരും ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന വാർത്തകൾ പതിവാണ്.
അത്തരത്തിൽ നിരവധി പേർ കുഴഞ്ഞുവീണു മരിച്ച സംഭവങ്ങളും അടുത്തകാലത്ത് കൂടിവരുന്നുണ്ട്.
എന്നാൽ ഇതിൽ നല്ലൊരു ഭാഗം കേസുകളിലും എന്തുകൊണ്ടാണ് ഈ ഹൃദയസ്തംഭനമുണ്ടായത് എന്ന കാര്യം കണ്ടെത്താൻ കഴിയാറില്ല.
ഈ വിഷയത്തിൽ പഠനം നടത്തിയ സിഡ്നി യൂണിവേഴ്സിറ്റി സെന്റനറി ഇൻസ്റ്റിറ്റ്യൂട്ടും, റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയുമാണ് (RPA) നിർണ്ണായകമായ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
അറിയാതെ പോകുന്ന വില്ലൻ
ഇത്തരത്തിൽ അപ്രതീക്ഷിതമായി ഹൃദയസ്തംഭനമുണ്ടായെങ്കിലും മരണത്തിൽ നിന്ന് രക്ഷപ്പെട്ട 36 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്.
ഒളിംപിക്സ് ലക്ഷ്യമിട്ട് പരിശീലനം നടത്തുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായ ഓസ്ട്രേലിയൻ തുഴച്ചിൽ താരം ജെയിംസ് മെഡ്വേ ഉൾപ്പെടെയുള്ളവരിലായിരുന്നു ഈ പഠനം.
ഇതിൽ നാലിലൊന്ന് പേരുടെയും ജീനുകളിൽ പരിവർത്തനം (ജനറ്റിക് മ്യൂട്ടേഷൻ) ഉള്ളതായാണ് ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞത്.
ഇന്റർനാഷണൽ ജേർണൽ ഓഫ് കാർഡിയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൃദയത്തിന്റെ പേശികളെ ബാധിക്കുന്ന കാർഡിയോമയോപ്പതി എന്ന രോഗത്തിന് കാരണമാകാവുന്ന തരം പരിവർത്തനമാണ് ജീനുകളിൽ കണ്ടെത്തിയത്. പരമ്പരാഗതമായി പകർന്നുകിട്ടാവുന്ന തരം ജനിതക പ്രശ്നമാണ് ഇത്.

心臟病發作原來與膽固醇有莫大關係。 Source: Getty Images
ഇവർക്ക് നടത്തുന്ന മറ്റു പരിശോധനകളിലൊന്നും ഹൃദയത്തിന് പ്രശ്നം കണ്ടെത്തണമെന്നില്ലെന്ന് RPAയിലെ ജനറ്റിക് ഹാർട്ട് ഡിസീസ് ക്ലിനിക്ക് പ്രൊഫസർ ക്രിസ് സെംസാരിയാൻ സിഡ്നി മോണിംഗ് ഹെറാൾഡിനോട് പറഞ്ഞു.
20 വയസിൽ താഴെയുള്ളവർ പോലും ഇത്തരത്തിൽ അപ്രതീക്ഷിതമായി ഹൃദയസ്തംഭനമുണ്ടായവരുടെ പട്ടികയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനിതക മാറ്റം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഇവരുടെ ഹൃദയസ്തംഭനം ഒറ്റപ്പെട്ട പ്രശ്നമായി കണക്കാക്കുമെന്നും, തുടർ ചികിത്സകൾ നല്കാൻ സാധ്യതയില്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ ഹൃദ്രോഗവിദഗ്ധ ഡോ. ജൂലിയ ഇസ്ബിസ്റ്ററും പറഞ്ഞു.
എന്നാൽ ജനിതക പ്രശ്നം കണ്ടെത്തിയാൽ, ഹൃദയസ്തംഭനം അതിജീവിച്ചവർക്ക് തുടർ ചികിത്സ നൽകാനും അവരുടെ ബന്ധുക്കളെയും പരിശോധനയ്ക്ക് വിധേയരാക്കാനും കഴിയും.
ഇത്തരത്തിൽ ഹൃദയസ്തംഭനമുണ്ടായവരുടെ 11 ബന്ധുക്കളിലും ഗവേഷകർ പഠനം നടത്തിയിരുന്നു. അതിൽ അഞ്ചു പേർക്കും സമാനമായ ജനിതക പരിവർത്തനം കണ്ടെത്തിയിട്ടുണ്ട്.
ഹൃദയസ്തംഭനത്തിന് മറ്റു കാരണങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ ജനിതക പരിശോധന നടത്തണം എന്ന സൂചനയാണ് ഈ പഠനം നൽകുന്നതെന്ന് ഗവേഷകർ പറഞ്ഞു.
ആ ശുപാർശയാണ് പഠനം മുന്നോട്ടുവയ്ക്കുന്നതും.
എന്നാൽ, ഒറ്റ കേന്ദ്രത്തിൽ 36 പേരിൽ മാത്രം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനാ രീതികളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.