ന്യൂസിലന്റിലേക്ക് യാത്ര ചെയ്‌തെന്നുവരുടെ ബാഗേജ് പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണുകളുടെയോ മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുടെയോ പാസ് വേര്‍ഡ് ആവശ്യപ്പെട്ടാല്‍ അത് വെളിപ്പെടുത്തണം എന്നാണ് പുതിയ നിയമം. അങ്ങനെ വെളിപ്പെടുത്താവരില്‍ നിന്ന് 3295 ഡോളര്‍ പിഴയീടാക്കുകയോ, മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യും.
ന്യൂസിലന്റും അമേരിക്കയും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ യാത്രക്കാരുടെ സെല്‍ഫോണുകള്‍ പരിശോധിക്കാന്‍ കസ്റ്റംസ് ഓഫീസര്‍മാരെ ഇപ്പോള്‍ തന്നെ നിയമം അനുവദിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ നടപടികള്‍ സംശയിക്കുന്നുണ്ടെങ്കില്‍ ഫോണ്‍ പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ പാസ് വേര്‍ഡ് നല്‍കുകയോ, ഫേസ് ഐ ഡിയോ, വിരലടയാളമോ ഉപയോഗിച്ച് അത് തുറന്നു നല്‍കുകയോ വേണമെന്ന് ഇതുവരെ ഒരു രാജ്യത്തും നിയമമില്ലായിരുന്നു.
ന്യൂസിലന്റാണ് ആദ്യമായി ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്.
വിദേശ യാത്രക്കാര്‍ക്കും ന്യൂസിലന്റ് പൗരന്‍മാര്‍ക്കും ഈ നിയമം ഒരുപോലെ ബാധകമാണ്. പാസ് വേര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ പ്രാഥമിക പരിശോധനകള്‍ മാത്രമായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുകയെന്ന് കസ്റ്റംസ് വകുപ്പ വക്താവ് ടെറി ബ്രൗണ്‍ പറഞ്ഞു.
ഉപകരണങ്ങള്‍ ഫ്‌ളൈറ്റ് മോഡിലാക്കിയിട്ടായിരിക്കും പരിശോധന നടത്തുക. അതിലേക്ക് സേവ് ചെയ്തിട്ടുള്ള ഫയലുകള്‍ മാത്രമാണ് പരിശോധിക്കുകയെന്നും, ഇന്റര്‍നെറ്റ് ബ്രൗസിംഗ് ഹിസ്റ്ററിയോ, ക്ലൗഡ് സ്‌റ്റോറേജോ പരിശോധിക്കില്ലെന്നും കസ്റ്റംസ് വക്താവ് വ്യക്തമാക്കി.
പാസ് വേര്‍ഡ് നല്‍കാത്തവരുടെ മൊബൈലും കമ്പ്യൂട്ടറും പിടിച്ചുവയ്ക്കാം
കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍, ക്രിമിനല്‍ കേസെടുക്കാവുന്ന മറ്റു ദൃശ്യങ്ങള്‍, മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയായിരിക്കും അധികൃതര്‍ പരിശോധിക്കുക. കുറ്റകൃത്യത്തിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയാല്‍ മാത്രമായിരിക്കും പാസ് വേര്‍ഡ് ഉപയോഗിച്ചുള്ള ഈ പരിശോധനയെന്നും, അതിനായി നിയമത്തില്‍ കര്‍ശന വ്യവസ്ഥയുണ്ടെന്നും കസ്റ്റംസ് വക്താവ് അവകാശപ്പെട്ടു.
പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ആ ഉപകരണം പിടിച്ചുവയ്ക്കും. പാസ് വേര്‍ഡ് നല്‍കിയില്ലെങ്കിലും ഉപകരണം പിടിച്ചുവയ്ക്കാം എന്നാണ് പുതിയ നിയമം പറയുന്നത്.
ഈ നിയമത്തിനെതിരെ ന്യൂസിലന്റിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ പോലും ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സൂക്ഷിക്കാമെന്നും, അത് പരിശോധിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമല്ലെന്നും ന്യൂസിലന്റ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് കുറ്റപ്പെടുത്തി.