ബെയ്ജിങ് വിമാനത്താവളത്തിന്റെ ആകാശം തുളച്ച് ഞങ്ങള്‍ സഞ്ചരിച്ച വിമാനം ചുവപ്പു പരവതാനി വിരിച്ച മണ്ണിലേക്കാണ് ഇറങ്ങിച്ചെന്നത്. ചൈനീസ് പുതുവര്‍ഷമായ ലൂണാര്‍ ന്യൂ ഇയറിന്റെ ആരവങ്ങള്‍ക്ക് കൊടിയിറങ്ങിത്തുടങ്ങിയിരുന്നതേ ഉണ്ടായിരുന്നുള്ളൂ.
നിരനിരയായി തൂക്കിയിട്ടിരുന്ന ചുവന്ന ചൈനീസ് കടലാസു വിളക്കുകള്‍ കൊണ്ട് (Paper Lanterns) ബെയ്ജിങ് വിമാനത്താവളം അണിഞ്ഞൊരുങ്ങിയിരുന്നു. ശരിക്കും ഒരു പരവതാനി പോലെ. പതിനൊന്ന് മണിക്കൂര്‍ നീണ്ട വിരസമായ ആകാശയാത്രയ്ക്കു ശേഷം വന്നിറങ്ങിയ എനിക്കും കുടുംബത്തിനും അതൊരു ഊഷ്മളമായ വരവേല്‍പ്പായിരുന്നു. ശരിക്കും ഒരു റെഡ്കാര്‍പ്പറ്റ് വെല്‍ക്കം. 

കടലാസ് വിളക്കുകൾ കൊണ്ട് അലങ്കരിച്ച ചൈന Source: Salvi Manish
ടൂര്‍ ഗൈഡ് പറഞ്ഞയച്ച ചൈനക്കാരനായ ടാക്‌സി ഡ്രൈവര്‍ വിമാനത്താവളത്തിനു പുറത്ത് പ്ലക്കാര്‍ഡുമായി കാത്തുനില്‍പ്പുണ്ടായിരുന്നു. അയാള്‍ക്ക് ഇംഗ്ലീഷ് ഭാഷ ലവലേശം അറിയില്ലെന്ന തിരിച്ചറിവായിരുന്നു ആ യാത്രയിലെ ഞങ്ങളുടെ ആദ്യത്തെ ആശങ്ക.
മലയാളവും ഇംഗ്ലീഷും അത്യാവശ്യം കുറച്ച് ഇന്ത്യന്‍ ഭാഷകളും മാത്രം വശമുള്ള ഞങ്ങള്‍ക്ക് ചൈനീസ് ഭാഷ ഒരു പ്രശ്‌നം തന്നെയായിരുന്നു. മെല്‍ബണില്‍ വിമാനത്തിലേക്ക് കയറുമ്പോള്‍ എയര്‍ഹോസ്റ്റസ് തലയൊന്ന് കുനിച്ച് 'നി ഹാവ്' എന്ന് പറഞ്ഞ് കയറിവരുന്ന ഓരോരുത്തരെയും സ്വീകരിക്കുന്നത് കണ്ടിരുന്നു. സ്വാഗതം ചെയ്യാനുള്ള ആ ഉപചാരമടക്കം അത്യാവശ്യം പിടിച്ചു നില്‍ക്കാനുള്ള ചില ചൈനീസ് വാക്കുകള്‍ ഒരു പേപ്പറില്‍ എഴുതി കയ്യില്‍ കരുതിയിരുന്നു. ഞങ്ങള്‍ ഹോട്ടലിലേക്ക് യാത്ര തിരിച്ചു. അടുക്കും ചിട്ടയോടും കൂടി നാലുവരിപ്പാതയിലൂടെ വണ്ടികള്‍ ചീറിപ്പായുന്നു. റോഡിനിരു വശവും വൃത്തിയും വെടിപ്പുമുള്ള സ്ഥലങ്ങള്‍. പറഞ്ഞുകേട്ടതില്‍ നിന്ന് ചൈന ഏറെ വ്യത്യസ്തമാണെന്ന് തിരിച്ചറിയുകയായിരുന്നു ഞങ്ങള്‍. 

Source: Salvi Manish
തണുത്തുറഞ് ചൈന
ഓസ്‌ട്രേലിയയിലെ വേനല്‍ക്കാലം തലയ്ക്കു മുകളില്‍ ചുട്ടുപൊള്ളുന്ന കാലത്താണ് ഞങ്ങള്‍ ചൈനയിലേക്ക് പോന്നത്. ചൈനയില്‍ അതിശൈത്യം കെട്ടടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. തണുത്തുറഞ്ഞ്, ഒഴുകാനാകാതെ മരവിച്ചു കിടക്കുന്ന പുഴകളും ജലാശയങ്ങളും. 

ചൈനയിലെ കഠിനമായ തണുപ്പിൽ തണുത്തുറഞ്ഞ ഒരു തടാകം Source: Salvi Manish
മരം കോച്ചുന്ന തണുപ്പില്‍ മുരടിച്ചു നില്‍ക്കുന്ന വൃക്ഷങ്ങള്‍. ഈ തണുപ്പ്, ആവേശം തിളയ്ക്കുന്ന ഞങ്ങളുടെ മനസ്സുകളെക്കൂടി മരവിപ്പിച്ചേക്കുമോ എന്ന ആശങ്ക മനസ്സിനെ അസ്വസ്ഥമാക്കി. ഇതിനിടെ ഡ്രൈവര്‍ കയ്യിലിരുന്ന ഫോണ്‍ എടുത്തു ചൈനീസ് ഭാഷയില്‍ ആരോടെന്നില്ലാതെ എന്തോ പറയുന്നത് കേട്ടു. പിന്നെക്കേട്ടത് ഹോട്ടലിലേക്കുള്ള ദൂരം ഫോണ്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷില്‍ പറഞ്ഞുതരുന്നതാണ്.
ചൈനീസ് ഭാഷ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് സംസാരിക്കുന്ന ആപ്പ് ആണത്രേ! ബിങ് ട്രാന്‍സ്ലേറ്റര്‍, വെയ്‌ഗോ എന്നീ ആപ്പുകള്‍ ഉപയോഗിച്ചാണത്രേ ചൈനക്കാര്‍ ഇവിടെ വരുന്ന വിദേശികളോട് സംസാരിക്കുന്നത്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ അതിശയം കൂറുന്നതിനിടയില്‍ തന്നെ ഞങ്ങളും ആപ്പ് ഡൗണ്‍ലോഡ് ചെയ്തു.
സംസാരിച്ചു കൊണ്ട് തര്‍ജ്ജമ ചെയ്യാവുന്നത്, ചൈനീസ് അക്ഷരങ്ങളിലൂടെ ഫോണ്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ഇംഗ്ലീഷില്‍ വായിക്കാനാകുന്നത്, ഇംഗ്ലീഷില്‍ എഴുതി അത് ചൈനീസിലേക്ക് തര്‍ജ്ജമചെയ്തു വായിക്കാന്‍ കഴിയുന്നത്- ഇങ്ങനെ വിവിധയിനം ആപ്പുകള്‍ ആളുകള്‍ ഉപയോഗിക്കുന്നത് കണ്ടു. ചൈനയിലെ തുടര്‍ന്നുള്ള ഷോപ്പിംഗിനും ഭക്ഷണം കഴിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ ആ ആപ്പ് ശരിക്കും ഒരു ടൂര്‍ ഗൈഡിന്റെ ഗുണം ചെയ്തു.
ചൈനയില്‍ ഒരുദിവസത്തേക്കായാലും ഭാഷയറിയാതെ ജീവിക്കുന്നത് എളുപ്പമല്ല. വിശന്നുവലഞ് ചില റെസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ വെച്ചുനീട്ടുന്നത് ചൈനീസിലുള്ളമെനുകാര്‍ഡ്. എന്നിട്ട് ഓര്‍ഡറിനായി കാതും കണ്ണും തുറന്ന് പരിചാരികമാരായ ചൈനീസ് യുവതികൾ കാത്തുനില്‍ക്കും. ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ ആപ്പിന്റെ വില ഞങ്ങള്‍ തിരിച്ചറിഞ്ഞു. ആപ്പ് തുറന്ന് ചൈനീസിലുള്ള മെനുകാര്‍ഡിലെ വാചകങ്ങളിലൂടെ ഫോണ്‍ ഓടിച്ചപ്പോള്‍ അവ ഞങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വായിക്കാന്‍ കഴിഞ്ഞു. നവസാങ്കേതികതയുടെ വിസ്മയം.

ചൈനീസ് അക്ഷരങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു വായിക്കാവുന്ന ആപ്പ് Source: Salvi Manish
എന്നാല്‍ എല്ലായിടത്തും ഇങ്ങനെ ചൈനീസിന്റെ അമ്പരപ്പ് മാത്രമായിരുന്നില്ല. ഓരോ മുക്കിലും മൂലയിലും വെച്ചിരിക്കുന്ന ബോര്‍ഡുകളില്‍ ഇംഗ്ലീഷുമുണ്ടായിരുന്നു. എന്തിന്, വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പോലും ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നു.
ചരിത്രമുറങ്ങുന്ന ബെയ്ജിങ്
എയര്‍ ലാഗും യാത്രാക്ഷീണവുമൊന്നും ചൈനയുടെ തലസ്ഥാന നഗരി കാണുവാനുള്ള ആകാംക്ഷയേക്കാള്‍ വലുതായിരുന്നില്ല. നേരത്തെ ഏര്‍പ്പാടാക്കിയ ബാന്‍ബോ എന്ന ടൂര്‍ ഗൈഡ് ബെയ്ജിങിന്റെ ചരിത്രം തൂകുന്ന നെറുകയിലേക്ക് ഞങ്ങളെ കൂട്ടികൊണ്ടുപോയി. പാഠപുസ്തകങ്ങളിലെ ചരിത്രത്താളുകളിലൂടെ വായിച്ചറിഞ്ഞിട്ടുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ മായാത്ത അടയാളമാണ് ടിയാനെന്‍മന്‍ സ്‌ക്വയര്‍. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോഡ്ഫാദറുമായ മാവോ സെദൂങ്ങിന്റെ ചിത്രം പതിപ്പിച്ച ഈ ടിയാനെന്‍മന്‍ സ്‌ക്വയറില്‍ നിന്നായിരുന്നു ചൈനീസ് കാഴ്ചകള്‍ക്ക് തുടക്കം കുറിച്ചത്.
കമ്മ്യൂണിസ്റ്റ് ഭരണത്തോട് ചൈനീസ് യുവത്വം കലഹിച്ചിരുന്ന കാലത്ത് ചൈനയില്‍ ജനാധിപത്യം ഉറപ്പാക്കാന്‍ 1989-ല്‍ ടിയാനെന്‍മന്‍ സ്‌ക്വയറിലേക്ക് നടന്ന വിദ്യാര്‍ത്ഥികളുടെ കൂറ്റന്‍ റാലി ഓര്‍മ്മകളില്‍ നിറഞ്ഞു. 2600-ഓളം വിദ്യാര്‍ത്ഥികളാത്രെ അന്ന് ഭരണകൂടത്തിന്റെ പീരങ്കികള്‍ക്ക് ഇരയായത്.

ടിയാനെന്‍മന്‍ സ്‌ക്വയർ Source: Salvi Manish
ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ചെറുപ്പക്കാരുടെ ചോര ഉണങ്ങിയ മണ്ണിനു മേല്‍, കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ബൂട്ടുകള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്ന് തെളിവുകളവശേഷിപ്പിക്കാതെ മാഞ്ഞുപോയ പ്രതിരോധശബ്ദങ്ങള്‍ ഇപ്പോഴും നാവറ്റ് കിടക്കുന്നു. അയോദ്ധ്യ പ്രശ്‌നം-ബാബ്‌റി മസ്ജിദിന്റെ തകർച്ച, ഗുജറാത്ത് കലാപം എന്നിങ്ങനെ ഓരോ ദുരന്തങ്ങളും വര്‍ഷം തോറും മാധ്യമങ്ങളിലൂടെയും അല്ലാതെയും ഓര്‍ത്തെടുക്കുന്ന ഇന്ത്യയില്‍ വളര്‍ന്ന ഞങ്ങള്‍ക്ക് ഇവിടെ നടന്ന ദുരന്തത്തിന്റെ ഒരു സ്മാരകം പോലും ഇല്ലാതിരുന്നതും, എന്തിനും ഏതിനും നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും തന്നിരുന്ന ഗൈഡിന്റെ മൗനവും അതിശയമായി.
ചെന്നെത്തിയിടത്തെല്ലാം സൂചി കുത്താന്‍ ഇടയില്ലാത്തത്ര തിരക്കായിരുന്നു. ജനപ്പെരുപ്പം കുറഞ്ഞ ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് അതും മറ്റൊരു അത്ഭുതമായിരുന്നു. കൂട്ടം തെറ്റിയാലും എളുപ്പത്തില്‍ തിരിച്ചറിയാനായി പല വര്‍ണങ്ങളിലുള്ള കൊടികളേന്തിയ കുറെ ഗൈഡുകളുടെ പിന്നാലെ നിര നിരയായി പോകുന്ന ജനാവലി. കൈവശമുള്ള കോളാമ്പി മൈക്കിലൂടെ ഗൈഡുകള്‍ ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും ജനപ്പെരുപ്പമുള്ള രാജ്യം എന്ന യാഥാര്‍ഥ്യം കണക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് മുന്നിലുള്ള ജനക്കൂട്ടം കണ്ട് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ടിക്കറ്റ് കൗണ്ടറുകളില്‍ മാത്രം രണ്ടു മണിക്കൂറോളം നീളുന്ന ക്യൂ.
ഭക്ഷണം കഴിക്കാനായി കയറുന്ന റെസ്റ്റോറന്റുകളില്‍ ഒക്കെ 50 ഓളം പേര്‍ ഞങ്ങള്‍ക്ക് മുന്നേ കാത്തു നില്‍ക്കുന്നു. എന്തിന്, ചൈനയ്ക്കകത്തുള്ള വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനക്ക് പോലും എപ്പോഴും നീണ്ടനിര തന്നെയുണ്ടാകും. സത്യം പറഞ്ഞാല്‍ ചൈനയോട് യാത്ര പറയുമ്പോള്‍ ഉണ്ടായിരുന്ന ഏക ആശ്വാസവും നീണ്ട ക്യൂവിലെ നീളുന്ന കാത്തിരിപ്പ് ഇനി വേണ്ടല്ലോ എന്നതായിരുന്നു.

ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിൾ, ബെയ്ജിങ് Source: Salvi Manish

Source: Salvi Manish
'വിലക്കപ്പെട്ട നഗരം'
ടിനാന്‍മന്‍ സ്‌ക്വയറിലേക്കുള്ള വലിയ കവാടത്തില്‍ കൂടി ഞങ്ങള്‍ കയറി ഇറങ്ങിയത്, 1420 മുതല്‍ 1912 വരെ നീണ്ട രാജവാഴ്ചയുടെ ഓര്‍മ്മകള്‍ നിലകൊള്ളുന്ന ഫോര്‍ബിഡ്ഡന്‍ സിറ്റിയിലേക്കാണ്. ചൈനയുടെ ഗതകാല ഓര്‍മകള്‍ കുടികൊള്ളുന്ന പ്രാചീന ശൈലിയിലുള്ള ഒരു കൊട്ടാര സമുച്ചയം. 76 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 14 വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കിയ 980 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. രാജഭരണകാലത്ത് സാധാരണക്കാര്‍ക്ക് ഇവിടെ പടികടന്നു വരാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊട്ടാരമുറ്റത്തിന് ഫോര്‍ബിഡ്ഡന്‍ സിറ്റി എന്ന പേര് തന്നെ വന്നത്.
'വിലക്കപ്പെട്ട നഗര'ത്തിന്റെ കവാടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന രണ്ട് സിംഹങ്ങള്‍. ചൈനയുടെ ചരിത്രവും സംസ്‌കാരവും അലങ്കാരമാകുന്ന ആ കൊട്ടാരമുറ്റത്തിന്റെ സകല സൗന്ദര്യങ്ങള്‍ക്കും കാവല്‍നില്‍ക്കുകയാകണം ആ സിംഹങ്ങള്‍. ഇതില്‍ ആണ്‍ സിംഹത്തെയും പെണ്‍ സിംഹത്തെയും കണ്ടുപിടിക്കാമോ എന്ന് ഗൈഡ് ഒരു കടംകഥ പോലെ ചോദിച്ചപ്പോള്‍ സിംഹകുട്ടികളുടെ തലങ്ങും വിലങ്ങും നോക്കാന്‍ തുടങ്ങി ഞങ്ങളോരോരുത്തരും.

ഫോർബിഡ്ഡൻ സിറ്റി Source: Salvi Manish
ഉത്തരം മുട്ടിയ ഞങ്ങള്‍ക്ക് ഗൈഡ് തന്ന ഉത്തരം രസകരമായിരുന്നു. ആണ്‍ സിംഹത്തിന്റെ ഇടത്തെ മുന്‍ കാല്‍കീഴില്‍ ഒരു ഗോളം അടക്കിപിടിച്ചിരിക്കുന്നു. ഇത് സ്വന്തം രാജ്യം കൈവെള്ളയ്ക്കുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന രാജാവിനെയാണ് സൂചിപ്പിക്കുന്നതെങ്കില്‍, ഇടത്തെ കയ്യില്‍ ഒതുക്കിപിടിച്ചിരിക്കുന്ന കുഞ്ഞുങ്ങളുമായി നില്‍ക്കുന്ന പെണ്‍ സിംഹം രാജ്ഞിയെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെപ്പോലെ ഇവിടെയും ചരിത്രം പെണ്ണുങ്ങള്‍ക്കായി കല്‍പ്പിച്ചുവെച്ചിരിക്കുന്നത് അടുക്കളയും കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തലുമാണെന്ന തിരിച്ചറിവിന്റെ നൊമ്പരത്തോടെ ഹോട്ടലിലേക്ക് മടങ്ങി. ഒന്ന് വേഗം നേരം വെളുത്തിരുന്നെങ്കില്‍ എന്ന ചിന്തയിലാണ് അന്ന് രാത്രി ഉറങ്ങാന്‍ കിടന്നത്. കാരണം പിറ്റേന്ന് കാണാനിരുന്നത് ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്മതിലായിരുന്നു.

Source: Salvi Manish