Highlights
- അതിർത്തി തുറക്കുമ്പോൾ പുതിയ സംവിധാനം
- പേപ്പർ കാർഡുകളിൽ നിന്ന് വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിലുള്ള സമയനഷ്ടം ഒഴിവാക്കാം
- കൊവിഡ് സമ്പർക്കപ്പട്ടിക കണ്ടെത്തുന്നതിൽ നിർണ്ണായകമാകും
ഓസ്ട്രേലിയയിലേക്ക് വിമാനത്തിലോ കപ്പലിലോ എത്തുന്ന എല്ലാ യാത്രക്കാരും പൂരിപ്പിച്ചു നൽകേണ്ടതാണ് ഇൻകമിംഗ് പാസഞ്ചർ കാർഡ്.
രാജ്യത്തേക്കെത്തുന്നവരുടെ വിശദാംശങ്ങളും, അവരെ ബന്ധപ്പെടാനുള്ള വിലാസവുമെല്ലാം ശേഖരിക്കുന്നത് ഈ കാർഡുപയോഗിച്ചാണ്.
അതോടൊപ്പം, രാജ്യത്തേക്ക് എത്തുന്നവർ എന്തൊക്കെ കൊണ്ടുവരുന്നു എന്ന കാര്യം വെളിപ്പെടുത്തുന്നതും ഈ കാർഡ് മുഖേനയാണ്.
വിമാനത്താവളത്തിലെത്തുമ്പോൾ ഈ കാർഡിലെ വിശദാംശങ്ങൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കമ്പ്യൂട്ടറിലേക്ക് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം അതിർത്തികൾ തുറക്കുകയും, രാജ്യാന്തര യാത്ര പുനരാരംഭിക്കുകയും ചെയ്യുമ്പോൾ ഈ പേപ്പർ കാർഡുകൾ ഉണ്ടാകില്ലെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

A sample incoming passenger card Source: abf.gov.au
അതിനു പകരം ഡിജിറ്റൽ പാസഞ്ചർ ഡിക്ലറേഷൻ (DPD) എന്ന പുതിയ സംവിധാനത്തിലേക്ക് മാറും.
ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുന്നവർക്ക് അവരുടെ മൊബൈൽ ഫോണിലേ കമ്പ്യൂട്ടറിലോ ഇത് പൂരിപ്പിക്കാൻ കഴിയുമെന്ന് ആക്ടിംഗ് കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജ് പറഞ്ഞു.
ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ കൊവിഡിനൊപ്പമുള്ള ജീവിതത്തിൽ നിർണായകമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യാന്തര യാത്രകൾ സജീവമാകുമ്പോൾ കോൺടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാൻ ഡിജിറ്റൽ വിവരശേഖരണം സഹായിക്കുമെന്ന് കുടിയേറ്റമന്ത്രി ചൂണ്ടിക്കാട്ടി.
പേപ്പർ കാർഡുകളിൽ നിന്നുള്ള വിവരം ശേഖരിക്കുന്നതിനുണ്ടാകുന്ന കാലതാമസം കൊവിഡ് കോൺടാക്ട് ട്രേസിംഗിനെ ബാധിക്കാമെന്നും, അത് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
കൊവിഡ് വാക്സിൻ വന്നു കഴിഞ്ഞ ശേഷം, വാക്സിനെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ പ്രാബല്യത്തിൽ വരികയാണെങ്കിൽ DPDക്കൊപ്പം അതും ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടുത്തുമെന്ന് അലൻ ടഡ്ജ് അറിയിച്ചു.
ഇത് നടപ്പാക്കുന്നതിനായി പുതിയ സാങ്കേതിക സംവിധാനവും സർക്കാർ വികസിപ്പിക്കുന്നുണ്ട്.
പാസഞ്ചർ കാർഡ് ഡിജിറ്റൽ രൂപത്തിലേക്ക് മാറുമ്പോൾ, ശരിയായ വിവരങ്ങൾ തന്നെയാണോ യാത്രക്കാർ രേഖപ്പെടുത്തുന്നത് എന്നത് ഉടനടി പരിശോധിക്കാനും, സംസ്ഥാന സർക്കാരുകളുമായി വിവരങ്ങൾ കൈമാറാനും കഴിയും.
കൊവിഡ് പ്രതിരോധത്തിൽ ഇതും നിർണ്ണായകമാകും എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.