തിരുവോണം കഴിഞ്ഞെങ്കിലും ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ ഇപ്പോഴും ഓണാഘോഷം സജ്ജീവമാണ്.
വിവിധ മലയാളി കൂട്ടായ്മകളുടെ ഓണാഘോഷങ്ങള്‍ക്ക് കൗണ്‍സിലുകളും മറ്റു പ്രാദേശിക ഭരണകൂടങ്ങളുമൊക്കെ പിന്തുണ നല്‍കുന്നുമുണ്ട്.
എന്നാല്‍ നോര്‍തേണ്‍ ടെറിട്ടറിയില്‍ ഓണാഘോഷം സംഘടിപ്പിച്ചത് പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെയാണ്.
വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടെറിട്ടറി മന്ത്രിമാര്‍ നല്‍കുന്ന സ്വീകരണ പരിപാടികളുടെ ഭാഗമായാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചത്. ടെറിട്ടറി ഉപമുഖ്യമന്ത്രിയും മള്‍ട്ടികള്‍ച്ചറല്‍ വകുപ്പ് മന്ത്രിയുമായ നിക്കോള്‍ മാനിസന്റെ ആതിഥേയത്വത്തില്‍ ആയിരുന്നു ആഘോഷം.
150ലേറെ മലയാളികളാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ഓണാഘോഷത്തില്‍ പങ്കെടുത്തത്. ടെറിട്ടറിയിലെ മന്ത്രിമാരുള്‍പ്പെടെ നിരവധി പ്രമുഖരും ആഘോഷത്തിനായി എത്തിയിരുന്നു.

വ്യവസായം ഉൾപ്പെടെ വിവിധ മേഖലകളിൽ കേരളവുമായി ബന്ധം സ്ഥാപിക്കാൻ നോര്‍തേണ്‍ ടെറിട്ടറി ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി പ്രതിനിധികൾ അടുത്തിടെ കേരളം സന്ദർശിച്ചിരുന്നതായും മന്ത്രി നിക്കോൾ മാനിസൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
"നോര്‍തേണ്‍ ടെറിട്ടറിയിലെ മലയാളി സമൂഹത്തിന്റെ പ്രവർത്തനങ്ങൾ വളരെ വലുതാണ്," നിക്കോൾ മാനിസൺ
ടെറിട്ടറിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ സമൂഹമാണ് മലയാളികള്‍.
2016ലെ സെന്‍സസ് പ്രകാരം 1269 മലയാളികളാണ് നോര്‍തേണ്‍ ടെറിട്ടറിയിലുള്ളത്. ഹിന്ദി സംസാരിക്കുന്ന 852 പേരും പഞ്ചാബി സംസാരിക്കുന്ന 669 പേരും ഉള്ളപ്പോഴാണ്, മലയാളം അതിനേക്കാളൊക്കെ മുന്നിലെത്തിയത്.
ടെറിട്ടറിയിലെ മൊത്തം കുടിയേറ്റനിരക്ക് നോക്കിയാലും ഗ്രീക്ക്, മാന്‍ഡറിന്‍, ഫിലിപ്പീനോ എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന ഭാഷ മലയാളമാണ്.
പാര്‍ലമെന്റിലെ ഓണക്കളികള്‍
നോര്‍തേണ്‍ ടെറിട്ടറിയിലെ വിവധ മലയാളി കൂട്ടായ്മകളാണ് ഓണാഘോഷത്തിന്റെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്.
തിരുവാതിരയ്‌ക്കൊപ്പം, ഓണ സന്ദേശവുമായുള്ള തീം ഡാന്‍സും, ദശാവതാര കഥയുടെ ദൃശ്യാവിഷ്‌കാരവുമൊക്കെ ഒരുക്കിയിരുന്നു.
ഓണക്കോടിയുടുത്തെത്തിയ മലയാളികള്‍ പാര്‍ലമെന്റിലെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി എന്നു പറഞ്ഞ ഉപമുഖ്യമന്ത്രി, ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുകയും ചെയ്തു.
മന്ത്രിക്ക് പുറമെ സംസ്ഥാന ടൂറിസം മന്ത്രി ലോറൻ മോസ്, പാമർസ്റ്റൺ മേയർ അതീന പാസ്‌കോ-ബെൽ, പാമർസ്റ്റൺ ഡെപ്യൂട്ടി മേയർ ആൽഡർമാൻ ബെഞ്ചമിൻ ജിസെക്കി, ചെന്നൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ സൂസൻ ഗ്രേസ്, പെർത്തിലെ ഇന്ത്യൻ കോൺസുൽ എന്നിവരും ഓണാഘോഷത്തിൽ പങ്കുചേർന്നു.
മുഖ്യ അതിഥികൾ കലാപരിപാടികളെല്ലാം ആസ്വദിച്ചതായും മന്ത്രിമാരുമായും മറ്റും ഇടപെടാൻ മലയാളി സമൂഹത്തിന് ലഭിച്ച നല്ലൊരു അവസരം കൂടിയായിരുന്നു ഇതെന്നും എഡ്വിൻ സൂചിപ്പിച്ചു.

Source: Supplied

Source: Facebook
NTയിലെ മലയാളി സമൂഹത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഈ ഓണാഘോഷമെന്ന് മൾട്ടികൾച്ചറൽ കൗൺസിൽ ഓഫ് നോര്‍തേണ്‍ ടെറിട്ടറിയുടെ പ്രസിഡന്റും കമ്മ്യൂണിറ്റി സ്റ്റേക്ക്ഹോൾഡറുമായ എഡ്വിൻ ജോസഫ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: Supplied
ഇത് രണ്ടാം തവണയാണ് NT പാർലമെന്റ് ഓണം ആഘോഷിക്കുന്നത്. മൾട്ടികൾച്ചറൽ അഫയേഴ്സ് മന്ത്രി ഡെയ്ൽ വെകെഫീൽഡിന്റെ ആതിഥേയത്വത്തിലായിരുന്നു കഴിഞ്ഞ വർഷത്തെ ഓണാഘോഷം.