ഓസ്ട്രേലിയൻ ബാങ്കിംഗ് മേഖലയിൽ നടക്കുന്ന തട്ടിപ്പുകളെയും അധാർമ്മിക രീതികളെയും കുറിച്ചന്വേഷിക്കാനാണ് കെന്നത്ത് ഹെയ്ൻ അധ്യക്ഷനായ ബാങ്കിംഗ് റോയൽ കമ്മീഷനെ നിയോഗിച്ചത്.
ഒരു വർഷം നീണ്ട പ്രവർത്തനത്തിൽ 130 സാക്ഷികളുടെ മൊഴിയെടുത്തും, പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പതിനായിരത്തോളം അഭിപ്രായങ്ങൾ പരിഗണിച്ചുമാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഓസ്‌ട്രേലിയയിലെ എല്ലാ പ്രമുഖ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലുള്ള അധാര്‍മ്മിക നടപടികളെ റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
76 ശുപാർശകളാണ് റിപ്പോർട്ടിൽ. ഇതെല്ലാം നടപ്പാക്കുന്നതിനായി പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്
മോർട്ഗേജ് ബ്രോക്കറുടെ ഫീസിൽ മാറ്റം
കമ്മീഷന്റെ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വീടു വാങ്ങാൻ ലോണെടുക്കുമ്പോൾ മോർട്ഗേജ് ബ്രോക്കർമാരുടെ സേവനം ഉപയോഗിക്കുന്നതിലുള്ള മാറ്റം.
മോർട്ഗേജ് ബ്രോക്കർമാർക്ക് ബാങ്കുകളും മറ്റു വായ്പാ സ്ഥാപനങ്ങളും കമ്മീഷൻ നൽകുന്ന രീതി അനഭിലഷണീയമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒരു ഉപഭോക്താവ് ലോണെടുക്കുമ്പോൾ ബ്രോക്കർമാർക്ക് ബാങ്കുകൾ മുൻകൂറായി ഒരു കമ്മീഷനും, പിന്നെ ലോണിന്റെ കാലാവധി മുഴുവൻ നീണ്ടു നിൽക്കുന്ന കമ്മീഷനും (ട്രെയിൽ കമ്മീഷൻ) നൽകുന്നുണ്ട്.
അതായത്, ഒരു ഉപഭോക്താവിനെ ആകർഷിക്കാനായി കൂടുതൽ കമ്മീഷൻ നൽകി ബ്രോക്കർമാരെ സ്വാധീനിക്കാൻ ബാങ്കുകൾക്ക് കഴിയും. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് ബ്രോക്കർമാർ പ്രവർത്തിക്കേണ്ടതെങ്കിലും ഈ കമ്മീഷൻ വ്യവസ്ഥ കാരണം ബാങ്കുകളുടെ താൽപര്യമാണ് നടപ്പാകുന്നതെന്ന് റോയൽ കമ്മീഷൻ കുറ്റപ്പെടുത്തുന്നു.
മാത്രമല്ല, ഒരിക്കൽ കമ്മീഷൻ തുക നൽകിക്കഴിഞ്ഞാൽ പിന്നെ ലോണിന്റെ കാലാവധി മുഴുവൻ നീണ്ടു നിൽക്കുന്ന ട്രെയിൽ കമ്മീഷൻ നൽകേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. ലോൺ നൽകുന്നതോടെ ബ്രോക്കർമാരുടെ ഉത്തരവാദിത്തം അവസാനിക്കുന്നുവെന്നും, പിന്നീടും അവർക്ക് കമ്മീഷൻ നൽകണ്ട എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ബാങ്കുകൾ കമ്മീഷൻ നൽകുന്നതിന് പകരം, ലോണെടുക്കുന്ന ഉപഭോക്താക്കൾ തന്നെ മോർട്ഗേജ് ബ്രോക്കർമാരുടെ ഫീസ് നൽകുന്ന രീതിയിലേക്ക് മാറണം എന്നാണ് ഏറ്റവും പ്രധാന നിർദ്ദേശം. ഉപഭോക്താക്കൾക്ക് അധിക ചെലവാണെങ്കിലും, അവരുടെ താൽപര്യമാണ് ബ്രോക്കർമാർ സംരക്ഷിക്കുന്നത് എന്ന് ഉറപ്പാക്കാൻ ഇതിലൂടെ കഴിയും - കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.

Australian currency house real estate price mortgage concept Source: iStockphoto
2020 ജൂലൈ മുതലുള്ള പുതിയ ലോണുകൾക്ക് ട്രെയിൽ കമ്മീഷനും മറ്റ് അനഭിലഷണീയമായ കമ്മീഷനുകളും നിർത്തലാക്കുമെന്ന് ശുപാർശയോട് പ്രതികരിച്ചുകൊണ്ട് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താവ് ഫീസ് നൽകുന്ന കാര്യം മൂന്നു വർഷത്തിനു ശേഷം തീരുമാനിക്കും.
എന്നാൽ ബാങ്ക് ലോണുകളുടെ പലിശ നിരക്ക് കൂടുന്നതിന് ഇത് കാരണമാകുമെന്ന് മോർട്ഗേജ് ബ്രോക്കർമാർ പ്രതികരിച്ചു.
കാർ ലോണുകൾ
കാർ വാങ്ങാനായി ലോണെടുക്കുമ്പോൾ അതിനൊപ്പം അനാവശ്യ ഇൻഷ്വറൻസുകൾ അടിച്ചേൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് റോയൽ കമ്മീഷന്റെ ശുപാർശ.
കാറിന്റെ ചില ഭാഗങ്ങൾക്കു മാത്രമായോ, ചില സേവനങ്ങൾക്കു മാത്രമായോ അധിക ഇൻഷ്വറൻസെടുക്കാൻ വിൽപ്പന നടത്തുന്ന ഡീലർമാർ നിർബന്ധിക്കാറുണ്ട്. ഇതുകൂടി ഉൾപ്പെടുത്തിയായിരിക്കും ലോൺ തുക നൽകുന്നത്.
പലപ്പോഴും ഉപഭോക്താവിന് കൃത്യമായി മനസിലാക്കാനും ആലോചിച്ച് തീരുമാനമെടുക്കാനും സമയം ലഭിക്കാറില്ല.

Source: iStockphoto
ഇത്തരം ഇൻഷ്വറൻസുകളെ കുറിച്ച് തീരുമാനിക്കാൻ കാർ വാങ്ങുന്നവർക്ക് കൂടുതൽ സമയം നൽകണം എന്നാണ് റോയൽ കമ്മീഷൻ നിർദ്ദേശം. വായ്പ നൽകുന്ന ധനകാര്യ സ്ഥാപനത്തിന്റെ താൽപര്യം സംരക്ഷിക്കാനായി ഡീലർമാർ ഇൻഷ്വറൻസ് അടിച്ചേൽപ്പിക്കുന്ന രീതി അനുവദിക്കാനാവില്ല എന്നും റിപ്പോർട്ട് പറയുന്നു.
ഇത്തരം ഇൻഷ്വറൻസുകളിലൂടെ കാർ ഡീലർമാർക്ക് ലഭിക്കാവുന്ന കമ്മീഷന് പരിധി നിശ്ചയിക്കണമെന്നും ശുപാർശയുണ്ട്.
സൂപ്പറാന്വേഷൻ
സൂപ്പറാന്വേഷൻ അക്കൗണ്ടുടമകൾ അറിയാതെ തന്നെ അക്കൗണ്ടിൽ നിന്ന് ഫീസ് പോകുന്ന രീതികൾ അവസാനിപ്പിക്കണം എന്നാണ് റോയൽ കമ്മീഷന്റെ നിർദ്ദേശം.
സുപ്പറാന്വേഷൻ സംബന്ധിച്ചുള്ള ഉപദേശങ്ങൾ നൽകുന്നതിന് മൈ-സൂപ്പർ അക്കൗണ്ടിൽ നിന്ന് ഫീസ് ഇടാക്കുന്നത് അവസാനിപ്പിക്കണം. മൈ-സൂപ്പർ അല്ലാത്ത മറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള ഫീസ് നിബന്ധനകൾ പാലിച്ചുള്ളതാകണം.
അതുപോലെ, അക്കൗണ്ടുടമ ആവശ്യപ്പെടാതെ തന്നെ സൂപ്പറാന്വേഷൻ ഉത്പന്നങ്ങളും സേവനങ്ങളും അടിച്ചേൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ശുപാർശയുണ്ട്. നിലവിൽ സൂപ്പറാന്വേഷൻ അക്കൗണ്ടിൽ നിന്ന് ഇൻഷ്വറൻസുകളും മറ്റ് അധിക സേവനങ്ങളും നൽകുകയും, അതിന് ഫീസീടാക്കുകയും ചെയ്യുന്നത് പലപ്പോഴും അക്കൗണ്ടുടമകൾ വ്യക്തമായി അറിയാറുപോലുമില്ല. ഇത് അനാവശ്യ സേവനങ്ങൾക്കായി പലരും ഫീസ് നൽകുന്നതിന് വഴിവയ്ക്കുന്നുണ്ട്.

Source: Getty Images
ഇത് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം.
ഇതിനു പുറമേ, ഒരാൾക്ക് ഒരു സൂപ്പറാന്വേഷൻ അക്കൗണ്ട് മാത്രമേയുള്ളൂ എന്ന കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയായി സൂപ്പറാന്വേഷൻ സംവിധാനത്തിലേക്ക് എത്തുന്നവർക്കാകും ഇത് ബാധകം.
സേവനമില്ല, ഫീസ് മാത്രം
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കുകയും, എന്നാൽ സേവനം നൽകാതിരിക്കുകയും ചെയ്യുന്ന നിരവധി ഉദാഹരണങ്ങളാണ് കമ്മീഷൻ പരിശോധിച്ചത്. മാത്രമല്ല, എന്താണ് ഉത്പന്നമെന്ന് പോലും അറിയാത്ത ഉപഭോക്താക്കളെ അത് അടിച്ചേൽപ്പിക്കുന്ന രീതിയും കമ്മീഷൻ കണ്ടെത്തി.
പലപ്പോഴും ഉപഭോക്താക്കളുടെ ദൗർബല്യങ്ങൾ മുതലാക്കിയാണ് ഇത്.
ഉദാഹരണത്തിന്, ഡൗൺസ് സിൻഡ്രോം ഉള്ള ഒരാളെ അയാൾക്ക് ആവശ്യമില്ലാത്തതും, മനസിലാകാത്തതുമായ ധനകാര്യ സേവനം അടിച്ചേൽപ്പിച്ചിരിക്കുന്നത് കമ്മീഷൻ കണ്ടെത്തി.
ആളുകൾ മരിച്ച ശേഷം പോലും അവരുടെ പേരിൽ ബാങ്കുകൾ ഫീസീടാക്കുന്നുണ്ട്.
ഇത്തരം ധനകാര്യസ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കണം എന്നാണ് റോയൽ കമ്മീഷൻ ശുപാർശ. പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് 850 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം നൽകണമെന്നും ശുപാർശയുണ്ട്.
നിയമനടപടികൾ
ഇത്തരം തെറ്റായ പ്രവണതകളുടെയും തട്ടിപ്പുകളുടെയും പേരിൽ പ്രമുഖ ബാങ്കുകൾക്കെതിരെ നിയമ നടപടിയെടുക്കാൻ 24 ശുപാർശകളാണ് റോയൽ കമ്മീഷൻ നൽകിയിരിക്കുന്നത്. വെസ്റ്റ്പാക് ഒഴികെ മറ്റെല്ലാ പ്രമുഖ ബാങ്കുകൾക്കെതിരെയും അന്വേഷണം നടത്തി നിയമ നടപടിയെടുക്കാന് നിർദ്ദേശിച്ചിട്ടുണ്ട്.
ബാങ്കുകൾ ക്ഷമ പറയുന്നതുകൊണ്ട് മാത്രം കാര്യമില്ല, നടപടികൾ നേരിടണമെന്ന് കമ്മീഷൺ കെന്നത്ത് ഹെയ്ൻ നിർദ്ദേശിച്ചു.
ശുപാർശകൾ നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ ധനകാര്യമേഖലയിൽ നിന്ന് വ്യത്യസ്ത പ്രതികരണമാണ് ഉണ്ടായത്. അതേക്കുറിച്ച് ഇവിടെ വായിക്കാം.