ഈ നിയമം നടപ്പിലായാൽ നിലവിലെ പ്ലാസ്റ്റിക് ലൈസൻസ് കാർഡുകൾ കയ്യിൽ കരുതേണ്ടതില്ല. മൊബൈൽ ഫോണുകളിലുള്ള സർവീസ് NSW എന്ന ആപ്പ് വഴി ലഭ്യമാകുന്ന ലൈസൻസ്, വ്യക്തിത്വം തെളിയിക്കുന്നതിനായും, പബ്ബ്കളിലും, ക്ലബ്ബ്കളിലും പ്രായം തെളിയിക്കുവാനും, റോഡുകളിൽ പോലീസ് ലൈസെൻസ് പരിശോധന നടത്തുമ്പോഴും ഉപയോഗിക്കാവുന്നതാണ്.
ഇത് സംബന്ധിച്ച ബിൽ രണ്ടാഴ്ചക്കുള്ളിൽ പാർലമെന്റിൽ അവതരിപ്പിക്കും. ബിൽ പാസായാൽ പ്ലാസ്റ്റിക് ഡ്രൈവിംഗ് ലൈസൻസ് പൂർണമായും ഇല്ലാതാക്കിക്കൊണ്ട് ഡിജിറ്റൽ ലൈസൻസ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ ഓസ്‌ട്രേലിയൻ സംസ്ഥാനമായി മാറും ന്യൂസ് സൗത്ത് വെയിൽസ് എന്ന് എൻ എസ് ഡബ്യു സർവീസസ് മന്ത്രി വിക്ടർ ഡോമിനെല്ലോ അറിയിച്ചു.
ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ ആക്കുന്നതിനുള്ള നിർദ്ദേശം കഴിഞ്ഞ വർഷം മുൻപോട്ടു വച്ചിരുന്നു. ന്യൂ സൗത്ത് വെയിൽസിലെ ഡബ്ബോയിൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ഫെബ്രുവരി വരെ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു.
ഈ സംവിധാനം കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുമെന്നും ഇതുവഴി വ്യാജ ലൈസൻസ് ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.