കൊവിഡ് സമ്പർക്കപ്പട്ടികയിലുള്ള ഇടം സന്ദർശിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാർഷിക മന്ത്രി ആദം മാർഷലിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
സിഡ്‌നിയിലെ പാഡിംഗ്ടണിലുള്ള ക്രിസ്റ്റോ പിസ ഇദ്ദേഹവും മൂന്ന് എംപി മാരും തിങ്കളാഴ്ച രാത്രി സന്ദർശിച്ചിരുന്നു. ബോണ്ടായ് ക്ലസ്റ്ററിൽ വൈറസ്ബാധ സ്ഥിരീകരിച്ചയാൾ ഇവിടം സന്ദർശിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് ക്രിസ്റ്റോ പിസ റെസ്റ്റോറന്റിനെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രെവർ ഖാൻ, സ്റ്റെഫ് കുക്ക്, ബെൻ ഫ്രാങ്ക്‌ളിൻ എന്നിവരാണ് ഐസൊലേറ്റ് ചെയ്യുന്ന എംപിമാർ.
മന്ത്രിക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും ചൊവ്വാഴ്ച രാത്രി മുതൽ ഐസൊലേഷനിലാണെന്നും അദ്ദേഹം 2GB റേഡിയോയോട് പറഞ്ഞു.
ഇദ്ദേഹത്തിന് പുറമെ ആരോഗ്യ മന്ത്രി ബ്രാഡ് ഹസ്സർഡും ഇപ്പോൾ ഐസോയലേഷനിലാണ്. കൊവിഡ്ബാധ സ്ഥിരീകരിച്ചയാളുമായി NSW പാർലമെന്റിൽ വച്ച് അടുത്ത സമ്പർക്കം പുലർത്തിയെന്ന് മനസിലാക്കിയതോടെയാണ് ബ്രാഡ് ഹസാഡ് സ്വയം ഐസൊലേറ്റ് ചെയ്യുന്നത്.
ഇദ്ദേഹം പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയനും ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റിനുമൊപ്പം ബുധനാഴ്ച രാവിലെ മാധ്യമ സമ്മേളനം നടത്തിയിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സിഡ്‌നിയിൽ വൈറസ്‌ബാധിതരുടെ എണ്ണം ദിവസം തോറും വർദ്ധിക്കുന്നതിനെത്തുടർന്ന് സിഡ്‌നിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

NSW Health Minister Brad Hazzard. Source: AAP
എന്നാൽ, സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന് മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.
സിഡ്‌നിയിൽ 16 പുതിയ കേസുകളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.
വീട് സന്ദർശനത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ, സിഡ്‌നിയിലെ ഏഴ് സബർബുകളിൽ ഉള്ളവർക്ക് ബുധനാഴ്ച വൈകിട്ട് മുതൽ യാത്രാ വിലക്കും ഏർപ്പെടുത്തി.
നിയന്ത്രണങ്ങൾ ഇങ്ങനെ:
- കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ
- സിഡ്നി, വേവേർലി, റാൻഡ്വിക്ക്, കാനഡ ബേ, ഇന്നർ വെസ്റ്റ്, ബേസൈഡ്, വൂളാരാ എന്നിവിടങ്ങളിൽ ഉള്ളവർ അവശ്യകാര്യങ്ങൾക്കല്ലാതെ മെട്രോ മേഖലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ പാടില്ല
- കെട്ടിടത്തിനകത്തും പുറത്തും നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് നാല് ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ വീണ്ടും നടപ്പാക്കും
- ഹോസ്പിറ്റാലിറ്റി മേഖലയിലും, നിശാ ക്ലബുകളിലും നൃത്തം അനുവദിക്കില്ല
- വിവാഹത്തിന് 20 പേർക്ക് നൃത്തം ചെയ്യാം
- കെട്ടിടത്തിന് പുറത്തുള്ള പരിപാടികളിൽ 50 ശതമാനം പേർ മാത്രമേ പാടുള്ളു
- നൃത്തം-ജിം ക്ലാസ്സുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. ഇവിടെ മാസ്ക് നിർബന്ധമാണ്