ന്യൂ സൗത്ത് വെയിൽസിലെ റോഡുകളിൽ ഒക്ടോബർ മുതൽ ഒരു മാസത്തേക്ക് ഈ പുതിയ ഹൈ ഡെഫനിഷൻ ക്യാമറകൾ പരീക്ഷിച്ചിരുന്നു. ഇത് വഴി ഏതാണ്ട് 11,000ത്തിൽ പരം ആളുകളാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്ന് ഗതാഗതമന്ത്രി മെലിൻഡ പാവേയ് അറിയിച്ചു.
റോഡ് അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ക്യാമറ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിട്ടത്. അടുത്ത വർഷം ജനുവരി മുതൽ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറ സ്ഥാപിക്കാനാണ് സർക്കാരിന്റെ തീരുമാനം.
എന്നാൽ ഈ കാലയളവിൽ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയാലും പിഴ ഈടാക്കുകയില്ല. പകരം നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പായി ഒരു കത്ത് അയയ്ക്കും.
പദ്ധതി വിജയിക്കുന്ന പക്ഷം ഈ ക്യാമറ സ്ഥിരമായി സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. സ്ഥിരമായി ക്യാമറ സ്ഥാപിച്ചു കഴിഞ്ഞാൽ നിയമ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും.
300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഉള്ളിൽ നിന്നും ദൃശ്യങ്ങൾ പകർത്തി അവ സൂക്ഷിച്ച് വയ്ക്കാൻ ഈ ക്യാമറക്ക് കഴിയും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവ വിലയിരുത്തിയ ശേഷം പുനഃപരിശോധനക്കായി അയയ്ക്കും.
ഏതൊരു കാലാവസ്ഥയിലും രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കാനും ഈ ക്യാമറക്ക് സാധിക്കും.
ഓസ്‌ട്രേലിയൻ കമ്പനിയായ അക്യുസെൻസസിലെ അലക്സ് ജെന്നിങ്ക് ആണ് ഈ പുതിയ ക്യാമറ വികസിപ്പിച്ചത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമൂലം അദ്ദേഹത്തിന്റെ സുഹൃത്ത് റോഡ് അപകടത്തിൽ മരണമടഞ്ഞിരുന്നു. ഇതാണ് ഇത്തരത്തിലൊരു ക്യാമറ വികസിപ്പിക്കാൻ അലക്സിനെ പ്രേരിപ്പിച്ചത്.