ന്യൂ സൗത്ത് വെയിൽസിൽ ഏഴു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറെണ്ണവും സാമൂഹിക വ്യാപനമാണ്.
രോഗവ്യാപനം ഓരോ ദിവസവും കൂടിവരുന്നതിനിടെയാണ് സംസ്ഥാനത്തെ പബ്ലിക് സ്കൂളുകളിൽ നിയന്ത്രണം പ്രഖ്യാപിച്ചത്.
നിലവിൽ സംസ്ഥാനത്ത് സ്കൂൾ പഠനം സാധാരണ രീതിയിൽ തുടരുകയാണ്. എന്നാൽ വൈറസ് ബാധയുടെ രണ്ടാം വ്യാപനം തുടങ്ങിയത് മുതൽ നിരവധി സ്കൂളുകളിൽ രോഗബാധ സ്ഥിരീകരിക്കുകയും സ്കൂൾ അടച്ചിടുകയും ചെയ്തു.
സിഡ്നി ഗേൾസ് ഹൈ സ്കൂളാണ് രോഗബാധയെത്തുടർന്ന് ഒടുവിൽ അടച്ചത്. ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് തിങ്കളാഴ്ച സ്കൂൾ അടച്ചത്.
സ്കൂളുകളിൽ രോഗബാധ കൂടുന്നതിനെത്തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്തെ പബ്ലിക് സ്കൂളുകൾക്കാണ് ഈ നിയന്ത്രണങ്ങൾ ബാധകമാകുന്നത്.
കൊറോണവൈറസ് രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവാദം നല്കുകയുള്ളുവെന്ന് NSW വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മാത്രമല്ല സ്കൂളുകളിൽ നടക്കുന്ന നിരവധി പരിപാടികളും റദ്ദാക്കിക്കൊണ്ടാണ് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
- സ്കൂളുകളിലെ ക്വയർ, ചില സംഗീതോപകരണങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കില്ല
- വിദ്യാർത്ഥികൾ സ്വന്തം ക്ലാസ് മുറിയിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ കുട്ടികളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാനാണിത്
- സ്കൂൾ തലത്തിലുള്ള കായിക പരിപാടികളും മറ്റും പ്രാദേശികമായി നടത്തണം. മാത്രമല്ല ഇവ സംഘടിപ്പിക്കുന്ന ഇടങ്ങളിൽ 100 പേർക്ക് മാത്രമേ അനുവാദമുള്ളൂ
- പരിപാടികൾ കാണാൻ സ്കൂൾ ഗ്രൗണ്ടിലോ മറ്റ് ഇടങ്ങളിലോ രക്ഷിതാക്കളെയും കെയറർമാരെയും പ്രവേശിപ്പിക്കില്ല
- സ്കൂളുകളിലെ നൃത്ത പരിപാടികൾ, ഗ്രാജുവേഷൻ, മറ്റ് സാമൂഹിക പരിപാടികൾ അനുവദിക്കില്ല
സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ, സന്ദർശകർക്ക് അത്യാവശ്യമല്ലാത്ത കാര്യത്തിന് സ്കൂൾ സന്ദർശിക്കുന്നതിലുള്ള വിലക്ക് തുടങ്ങി നിലവിലുള്ള നിർദ്ദേശങ്ങൾക്ക് പുറമെയാണ് ഈ പുതിയ നിയന്ത്രണങ്ങൾ.
ബുധനാഴ്ച മുതൽ നിയന്ത്രണം നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസിലെ പാരമറ്റ പ്രാദേശിക കോടതിയിലെ സെക്യൂരിറ്റി ഗാർഡിന് കഴിഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കൂടാതെ മെട്രോ നോർത്ത് സ്ട്രാത്ഫീൽഡിലെ വൂൾവർത്സ്, ഡി എഫ് ഒ ഹോംബുഷ് എന്നിവിടങ്ങളിലും രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് ഇവിടം സന്ദർശിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിശോധന നടത്തണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.