ജൂണ്‍ ഒന്നു മുതല്‍ ന്യൂ സൗത്ത് വെയില്‍സിലുള്ളവര്‍ക്ക് സംസ്ഥാനനത്തിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുവാദം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സാമൂഹിക നിയന്ത്രണങ്ങളില്‍ വിവിധ ഇളവുകള്‍ നടപ്പില്‍ വരികയും, സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ യാത്രാ ഇളവുകളും പ്രഖ്യാപിച്ചത്.
നിലവില്‍ സംസ്ഥാനത്തിന്റെ പ്രമുഖ നഗരകേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്കുള്ള യാത്രകള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യം പ്രഖ്യാപിച്ച നിയന്ത്രണങ്ങളിലൊന്നായിരുന്നു ഇത്.
ലോക്ക്ഡൗണില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാനും, ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് ലഭിക്കാനും ഈ തീരുമാനം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ പറഞ്ഞു.
യാത്ര പോകുമ്പോഴും എല്ലാവരും സാമൂഹികമായ അകലം പാലിക്കല്‍ തുടരണമെന്നും പ്രീമിയര്‍ നിര്‍ദ്ദേശിച്ചു.

NSW Premier Gladys Berejiklian. Source: AAP
അതേസമയം, മുമ്പത്തേതുപോലാകില്ല ഇനിയുള്ള യാത്രകളെന്ന് ഡെപ്യൂട്ടി പ്രീമിയര്‍ ജോണ്‍ ബറിലാറോ പറഞ്ഞു.
താമസസ്ഥലങ്ങളും മറ്റും മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമേ യാത്ര തുടങ്ങാന്‍ പാടുള്ളൂവെന്നും, സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു എന്ന കാര്യവും നേരത്തേ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തെ സ്‌കീ സീസണില്‍ അതും തുറക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കാരവന്‍ പാര്‍ക്കുകളും ക്യാംപിംഗ് കേന്ദ്രങ്ങളും ജൂണ്‍ ഒന്നിന് തുറക്കും. അതും നേരത്തേ ബുക്ക് ചെയ്ത് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും ഉള്‍നാടന്‍ NSW ലേക്ക് പോകാന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ തിരിച്ചു പോകുമ്പോള്‍ അതാത് സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ പാലിക്കണം.
ഇതോടൊപ്പം സംസ്ഥാനത്തെ ലൈബ്രറികളും, മ്യൂസിയങ്ങളും, ആര്‍ട്ട് ഗാലറികളും ജൂണ്‍ ഒന്നിന് തുറക്കും.
ക്വീന്‍സ്ലാന്റ് യാത്ര വൈകും
അതേസമയം, ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ളവര്‍ക്ക് ക്വീന്‍സ്ലാന്റിലേക്ക് പോകാന്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരും.
NSWഉം വിക്ടോറിയയുമായുള്ള അതിര്‍ത്തികള്‍ ത തുറക്കാന്‍ സെപ്റ്റംബര്‍ കഴിഞ്ഞും കാത്തിരിക്കേണ്ടി വന്നേക്കാമെന്് ക്വീന്‍സ്ലാന്റ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജീനറ്റ് യംഗ് പറഞ്ഞു.
നിലവില്‍ നിയന്ത്രിത സാഹചര്യങ്ങളില്‍ മാത്രമാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വീന്‍സ്ലാന്റിലേക്ക് എത്താന്‍ കഴിയുന്നത്.
ജൂലൈ മാസത്തില്‍ അതിര്‍ത്തികള്‍ തുറക്കാന്‍ നേരിയ സാധ്യതയുണ്ടെന്നും, എന്നാല്‍ സെപ്റ്റംബര്‍ കഴിയുന്നതു വരെ ഇതിനായി കാത്തിരിക്കാന്‍ ടൂറിസം മേഖല തയ്യാറാകണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

A road block in Queensland last month. Source: AAP
സംസ്ഥാനത്തിനകത്തുള്ള യാത്രകള്‍ക്ക് ഇളവുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
സൗത്ത് ഓസ്‌ട്രേലിയയില്‍ ഇളവുകള്‍
സൗത്ത് ഓസ്‌ട്രേലിയയില്‍ രണ്ടാം ഘട്ട ഇളവുകള്‍ തുടങ്ങുന്നത് നേരത്തേയാക്കി.
ഈ വെളളിയാഴ്ച മുതല്‍ റെസ്‌റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും ഉള്ളിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കും. പരമാവധി 20 പേരെയാണ് അനുവദിക്കുക. ഇതില്‍ പത്ത് പേര്‍ക്ക് കെട്ടിടത്തിനുള്ളിലും (ഇന്‍ഡോര്‍) പത്തു പേര്‍ക്ക് പുറത്തും (ഔട്ട്‌ഡോര്‍) ഇരിക്കാം.
ഇവര്‍ക്ക് മദ്യം വിളമ്പാനും അനുവാദം നല്‍കും.
നിലവില്‍ ഔട്ട്‌ഡോറില്‍ പത്തു പേരെ മാത്രമാണ് അനുവദിക്കുന്നത്.
ജൂണ്‍ അഞ്ച് വെള്ളിയാഴ്ച മുതല്‍ പബുകളും ക്ലബുകളും തുറക്കും. ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഇവ തുറക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം.
എന്നാല്‍ ക്വീന്‍സ് ബര്‍ത്ത്‌ഡേ ലോംഗ് വീക്കെന്റിന് മുമ്പു തന്നെ ഇവ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.