ന്യൂ സൗത്ത് വെയിൽസിൽ ഒരാഴ്ചയോളമായി പെയ്യുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 11,000ത്തിലേറെ പേരാണ് സഹായം അഭ്യർത്ഥിച്ച് അടിയന്തര വിഭാഗത്തെ ബന്ധപ്പെട്ടത്.
ഏതാണ്ട് 950 പേരെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായും ആയിരക്കണക്കിന് പേർ ഇൻഷുറൻസ് ക്ലെയിമുകൾ നല്കിയതായുമാണ് റിപ്പോർട്ടുകൾ. കൂടാതെ ക്വീൻസ്ലാന്റിലും മുന്നറിയിപ്പുകളുണ്ട്.
എന്തൊക്കെ സഹായം ലഭിക്കാം?
വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച 38 കൗൺസിലുകളിൽ ഉള്ളവർക്ക് ഫെഡറൽ സർക്കാർ ഡിസാസ്റ്റർ റിക്കവറി പേയ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയം മൂലം വീടുകൾ നഷ്ടപ്പെട്ടവർക്കും, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കും, ഗുരുതര പരിക്കേറ്റവർക്കും, സ്വത്തുക്കൾ നഷ്ടപ്പെട്ടവർക്കുമാണ് ധനസഹായം ലഭിക്കുന്നത്. കൂടാതെ വരുമാനം നഷ്ടപ്പെട്ട ബിസിനസ് ഉടമകൾക്കും തൊഴിലാളികൾക്കും ഈ ധനസഹായത്തിനായി അപേക്ഷിക്കാം.
മുതിർന്നവർക്ക് 1,000 ഡോളറും കുട്ടികൾക്ക് 400 ഡോളറുമാണ് ലഭിക്കുക.
കൂടാതെ ഇൻഷുറൻസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ ഡിസാസ്റ്റർ ഹോട്ട്ലൈൻ നമ്പറും ഇപ്പോൾ സജീവമാണ്. 1800 734 621 എന്നതാണ് നമ്പർ. എന്നാൽ ഇത് ഇൻഷുറൻസ് ക്ലെയിമിനായുള്ളതല്ല. മറിച്ച് പോളിസി ഉള്ളവർക്ക് ഇൻഷുറൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാണിത്.
ലോക്കൽ ലാൻഡ് സർവീസസ്, NSW ഡിപ്പാർട്ടമെന്റ് ഓഫ് പ്രൈമറി ഇൻഡസ്ട്രീസ് എന്നിവ വെറ്റിനറി സേവനങ്ങൾക്കും മൃഗ സംരക്ഷണത്തിനും മറ്റും സഹായം നൽകുന്നുണ്ട്. ഈ സഹായത്തിനായി 1800 814 647 എന്ന ഹോട്ട്ലൈൻ നമ്പറിൽ അഗ്രികൾച്ചർ ആൻഡ് അനിമൽ സർവീസസിനെ ബന്ധപ്പെടാം.
അടിയന്തര സേവനങ്ങൾ
കാലാവസ്ഥയെക്കുറിച്ച് അറിയാനുള്ള ആധികാരിക സ്രോതസ് കാലാവസ്ഥാ കേന്ദ്രം തന്നെയാണ്. ബ്യുറോ ഓഫ് മാറ്ററോളജിയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ച് അറിയാം.
ന്യൂ സൗത്ത് വെയിൽസിലെ കാട്ടുതീയെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ NSW റൂറൽ ഫയർ സർവീസിൽ നിന്ന് വിവരങ്ങൾ ലഭിക്കാം.
വിക്ടോറിയയിലെ കാട്ടുതീ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, സുനാമി തുടങ്ങിയവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ സംസ്ഥാന സർക്കാരിന്റെ VicEmergency യിൽ നിന്ന് ലഭിക്കാം.
ക്വീൻസ്‌ലാന്റിലെ വെള്ളപ്പൊക്കം, കാറ്റ് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റേറ്റ് എമർജൻസി സർവീസിൽ നിന്ന് അറിയാം.
സൗത്ത് ഓസ്‌ട്രേലിയയിൽ കാട്ടുതീ അല്ലെങ്കിൽ മറ്റ് അടിയന്തര കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ AlertSA യിൽ നിന്ന് ലഭിക്കും.
നോർത്തേൺ ടെറിട്ടറിയിലെ പൊലീസ്, അഗ്നി മറ്റ് അടിയന്തര മെഡിക്കൽ സേവനങ്ങൾ എന്നിവ NT Public Safety യിൽ നിന്ന് അറിയാവുന്നതാണ്.
നിങ്ങൾക്ക് എങ്ങനെ സഹായിക്കാം ?
പ്രകൃതി ദുരന്തവും മറ്റും ബാധിച്ചവരെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് NSW സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന GIVIT ൽ ബന്ധപ്പെടാവുന്നതാണ്.
ഇതിന് പുറമെ ആവശ്യമായവർക്ക് സാമ്പത്തിക സഹായവും ഭക്ഷണവും നൽകാൻ സെയിന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ധനസമാഹരണം നടത്തുന്നുണ്ട്. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവർക്ക് അടിയന്തര ഹാമ്പറുകൾ നൽകാൻ ഫുഡ്ബാങ്കും ശ്രമിക്കുന്നുണ്ട്. ഇതിലേക്കും നിങ്ങൾക്ക് സംഭാവന ചെയ്യാം.
തട്ടിപ്പുകൾ
വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ മുതലെടുത്ത് പണം തട്ടുന്ന നിരവധി ചാരിറ്റികൾ ഉണ്ടെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതിനാൽ നിങ്ങൾക്ക് നേരിട്ട് പരിചയമില്ലാത്തവർക്ക് പണമോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ഓൺലൈൻ അക്കൗണ്ട് വിവരങ്ങളോ നൽകരുതെന്നും ACCC അറിയിച്ചു.
സംഭാവന നല്കണമെന്നുള്ളവർക്ക് ഓസ്‌ട്രേലിയൻ ചാരിറ്റീസ് രജിസ്റ്റർ പരിശോധിച്ച് വിശ്വസനീയമായ സംഘടനകൾ ഏതെന്ന് കണ്ടെത്താം.
Residents of NSW can stay across the latest weather updates and warnings via the Australian Bureau of Meteorology and through the NSW SES.