എക്സ്റ്റസി (ecstasy) എന്ന് പൊതുവിൽ അറിയപ്പെടുന്ന MDMA എന്ന മയക്കുമരുന്ന് അടങ്ങുന്ന ഗുളികകളെക്കുറിച്ചാണ് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയത്.
സാധാരണ കാണുന്നതിലും ഉയർന്ന അളവിൽ MDMA അടങ്ങിയ ഗുളികകൾ സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നീല നിറത്തിലുള്ള ഈ ഗുളികകളിൽ, സൂപ്പർമാന്റെ ലോഗോയുമുണ്ട്.
പതിവായി ഇത്തരം ഗുളികകളിൽ കാണുന്നതിന്റെ ഇരട്ടി MDMA മയക്കുമരുന്നാണ് ഇതിലുള്ളത്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരണത്തിലേക്കും നയിക്കാവുന്ന ഗുളികകളാണ് ഇവയെന്ന് NSW പോയിസൻസ് ഇൻഫർമേഷൻ കേന്ദ്രത്തിന്റെ ആക്ടിംഗ് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ ആൻഡ്ര്യൂ ഡോസൻ ചൂണ്ടിക്കാട്ടി.
മാനസിക വിഭ്രാന്തി, അപസ്മാരം, താളം തെറ്റിയ ഹൃദയമിടിപ്പ്, ഉയർന്ന ശരീര താപനില എന്നിവയ്ക്കെല്ലാം MDMAയുടെ അധിക ഡോസ് കാരണമാകാം.
സാധാരണ ഡോസിലുള്ള ഒറ്റ എക്സ്റ്റസി ഗുളിക പോലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും, ഡോസ് ഉയരുമ്പോൾ അത് മരണകാരണമാകുന്ന രീതിയിലേക്ക് മാറാമെന്നും പ്രൊഫസർ ഡോസൻ പറഞ്ഞു.
മദ്യം, കൊക്കൈൻ, കഫീൻ തുടങ്ങിയവയ്ക്കൊപ്പം ഈ ഗുളിക കഴിച്ചാലും മാരകമാകാം. വേനൽക്കാലത്തെ ഉയർന്ന അന്തരീക്ഷ താപനിലയും ഈ മയക്കുമരുന്നുകൊണ്ടുള്ള അപകട സാധ്യത കൂട്ടുന്നുണ്ട്.
സിഡ്നിയിൽ നടന്ന ഒരു സംഗീത നിശയ്ക്കിടെയാണ് ഇത്തരത്തിൽ കൂടിയ അളവിലെ മയക്കുമരുന്നുള്ള ഗുളികകൾ പോലീസ് പിടിച്ചെടുത്തത്. ഇത് കൂടുതൽ വ്യാപകമായി പ്രചാരത്തിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു.
മയക്കുമരുന്ന് ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ ട്രിപ്പിൾ സീറോ (000) വിളിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.