വിക്ടോറിയയിൽ 16 വയസിന് മേൽ പ്രായമായവർക്ക് ഇനി മുതൽ ഫൈസർ വാക്‌സിൻ സ്വീകരിക്കാമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
വാക്‌സിനേഷൻ പദ്ധതി കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്.
ഓഗസ്റ്റ് 25 മുതൽ 18 മുതൽ 59 നുമിടയിൽ പ്രായമായവർക്ക് ഫൈസർ വാക്‌സിനോ ആസ്ട്രസെനക്ക വാക്‌സിനോ തെരഞ്ഞെടുക്കാം.
16നും 17നുമിടയിൽ പ്രായമായവർക്ക് ഫൈസർ ആണ് സ്വീകരിക്കാവുന്നത്.
എന്നാൽ 60 നു മേൽ പ്രായമായവർക്ക് ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിക്കാനാണ് സർക്കാർ നൽകുന്ന നിർദ്ദേശം.
18 വയസ്സിനും 39നുമിടയിൽ പ്രായമായവർക്ക് ആസ്ട്രസെനക്ക സ്വീകരിക്കാനായിരുന്നു സർക്കാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇനി മുതൽ ഇവർക്ക് ഫൈസറും തെരഞ്ഞെടുക്കാം.
അതിനാൽ, ഓഗസ്റ്റ് 25 മുതൽ ആസ്ട്രസെനക്ക വാക്‌സിൻ ബുക്ക് ചെയ്ത, 18 വയസ്സിനും 39നുമിടയിൽ പ്രായമായവർ ഫൈസർ വാക്‌സിൻ എടുക്കാനാണ് താല്പര്യപ്പെടുന്നതെങ്കിൽ, അപ്പോയിന്റ്മെന്റ് മാറ്റിയെടുക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ല.
പകരം, വാക്‌സിനേഷനായി എത്തുമ്പോൾ ഫൈസർ വാക്‌സിനാണ് വേണ്ടതെങ്കിൽ അത് ആവശ്യപ്പെടാവുന്നതാണ്.
നാളെ (ബുധനാഴ്ച) രാവിലെ ഏഴു മണി മുതൽ സർക്കാർ നടത്തുന്ന വാക്‌സിനേഷൻ ഹബുകളിൽ വാക്‌സിനേഷൻ ബുക്ക് ചെയ്യാം.
അതിനിടെ, സംസ്ഥാനത്ത് 50 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 39 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നെന്ന് പ്രീമിയർ അറിയിച്ചു.
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 60 ലക്ഷം പേർ വാക്‌സിൻ സ്വീകരിച്ചതായി പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
അതായത്, സംസ്ഥാനത്ത് 60 ശതമാനം പേർ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു. 30 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞതായി പ്രീമിയർ അറിയിച്ചു.
ഇത് ഒരു നാഴികക്കല്ലാണെന്നും, അതിനാൽ വാക്‌സിൻ സ്വീകരിക്കാൻ മുന്പോട്ടു വന്നവർക്ക് നന്ദി അറിയിക്കുന്നതായും പ്രീമിയർ പറഞ്ഞു
മാത്രമല്ല,രണ്ട് ഡോസും സ്വീകരിക്കുന്നവർക്ക് സെപ്‌റ്റംബർ മുതൽ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് പ്രീമിയർ അറിയിച്ചു.
ഇത് സംബന്ധിച്ച കാര്യം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞു.
എന്നാൽ 70 ശതമാനം പേരും രണ്ട് ഡോസും സ്വീകരിച്ചാൽ മാത്രമേ പൂർണമായും ഇളവുകൾ നടപ്പാക്കുകയുള്ളു എന്നും പ്രീമിയർ വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ എട്ട് മണി വരെയുള്ള 24 മണിക്കൂറിൽ മാത്രം 48,761 പേരാണ് സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത്.
കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ വാക്‌സിനേഷനാണ് ന്യൂ സൗത്ത് വെയിൽസിൽ റെക്കോർഡ് ചെയ്തതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അതിനിടെ, ന്യൂ സൗത്ത് വെയിൽസിൽ 753 പ്രാദേശിക കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 49 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീമായിരുന്നു.
സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രദേശത്തും തെക്ക് പടിഞ്ഞാറൻ പ്രദേശത്തുമാണ് കൂടുതൽ കേസുകൾ.