പോര്‍ട്ട് മക്വാറിയിലെ വീട്ടിനുള്ളിലാണ് വൈക്കം സ്വദേശിയായ ജോംസന്‍ ജേക്കബിനെ (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. നവംബര്‍ 28നായിരുന്നു മൃതദേഹം കണ്ടത്.
നഴ്‌സായി ജോലി ചെയ്തിരുന്ന ജോംസന്‍ ജേക്കബിന്റെ കുടുംബം കേരളത്തിലാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം ശേഖരിക്കുന്നതിനായി ധനസമാഹരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോംസന്റെ സുഹൃത്തുക്കളും പോര്‍ട്ട് മക്വാറിയിലെ മറ്റു മലയാളികളും.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചിലവും സംസ്കാരം നടത്തുന്നതിനുള്ള ചിലവിനുമായാണ് ധനസമാഹരണം നടത്തുന്നതെന്ന് ഇത് തുടങ്ങിയ ഡോ. റോഷൻ എബ്രഹാം പറയുന്നു.
പോർട്ട് മക്വാറിയിൽ നിന്ന് മാത്രമല്ല ഓസ്‌ട്രേലിയയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരും സഹായിക്കുന്നുണ്ടെന്ന് ജോംസന്റെ ബന്ധുകൂടിയായ മെജോ വർഗീസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾക്കും മറ്റുമായി പാര്‍ലമെന്റംഗം ലെസ്ലി വില്യംസുമായും, ഇന്ത്യൻ കോൺസുലേറ്റുമായും ചർച്ചകൾ നടത്തിവരികയാണെന്നും മെജോ പറഞ്ഞു. പ്രദേശത്തെ പള്ളിയുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ജോംസന്റെ മരണവാർത്ത വീട്ടിലെല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണെന്ന് ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ കുട്ടൻ ജോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. മൃതദേഹം നാട്ടിലെത്താൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും എടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ജോസ് കുട്ടൻ സൂചിപ്പിച്ചു.
ഒരു വർഷം മുൻപ് ക്വീൻസ്ലാന്റിൽ നിന്നും പോർട്ട് മക്വാറിയിൽ എത്തിയ ജോംസൺ ഒരു ഏജ്ഡ് കെയറിൽ സീനിയർ രജിസ്റ്റേർഡ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. തൊഴിൽ വിസയിലായിരുന്ന ഇദ്ദേഹം പെർമനന്റ് റെസിഡൻസി ലഭിക്കാനായുള്ള കാത്തിരിപ്പിലായിരുന്നവെന്ന് മെജോ സൂചിപ്പിച്ചു.
നവംബർ 28ന് ടൗൺവില്ലിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്ന ജോംസനെക്കുറിച്ച് അവിടെയുള്ള സുഹൃത്തുക്കൾക്ക് വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മെജോ പറയുന്നു.
ഭാര്യയും മൂന്നര വയസുള്ള മകനും അടങ്ങുന്നതാണ് ജോംസന്റെ കുടുംബം.