ക്രൈംസ് ആക്ട് 1900 പ്രകാരം ന്യൂ സൗത്ത് വെയിൽസിൽ ഗർഭഛിദ്രം ക്രിമിനൽ കുറ്റമാണ്. നിലവിൽ ഗർഭഛിദ്രം ചെയ്യുന്ന സ്ത്രീകൾക്കും നടപ്പിലാക്കാൻ സഹായിക്കുന്ന ഡോക്ടർമാർക്കും പത്ത് വർഷം തടവ് ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.
എന്നാൽ ഇതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ബിൽ സ്വതന്ത്ര എം പി അലക്സ് ഗ്രീൻവിച്ച് ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
ബിൽ പാസായാൽ 119 വർഷങ്ങളായി സംസ്ഥാനത്ത് നിലനിന്നിരുന്ന നിയമമാണ് ഇല്ലാതാകുന്നത്.
ലിബറൽ ആരോഗ്യ മന്ത്രി ബ്രാഡ് ഹസാർഡും ക്രോസ്സ് പാർട്ടി എം പി മാരും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗർഭാവസ്ഥയുടെ 22 ആഴ്ചകൾ വരെ സ്ത്രീകൾക്ക് ഗർഭഛിദ്രം ചെയ്യാൻ അനുവാദം നൽകുന്നതാണ് പുതിയ ബിൽ.

Source: AAP
എന്നാൽ ഈ കാലയളവിന് ശേഷം ഗർഭഛിദ്രം നടപ്പാക്കണമെങ്കിൽ രണ്ട് ഡോക്ടർമാരുടെ സമ്മതം ആവശ്യമാണ്.
മാത്രമല്ല ഗർഭിണിയുടെ ശാരീരികവും സാമൂഹികവും മാനസികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാത്രമേ ഇത് നടപ്പിലാക്കുകയുള്ളു.
ഇതിനു പുറമെ ഒരു കുറ്റകൃത്യം കൂടി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുമതിയില്ലാത്തയാളാണ് ഗർഭഛിദ്രം നടപ്പാക്കുന്നതെങ്കിൽ ഇവർക്ക് ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കാം.
ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ NSW ടെയും NSW പ്രൊ-ചോയ്സ് അലയന്സിന്റെയും പിന്തുണയും ബില്ലിനുണ്ട്.
ഇതുവഴി ന്യൂ സൗത്ത് വെയിൽസിലെ സ്ത്രീകൾക്ക് തടസ്സം കൂടാതെ ഗർഭഛിദ്രം നടപ്പാക്കാനും ഡോക്ടർമാർക്ക് കൂടുതൽ വ്യക്തതയോടെ ഇത് നടപ്പിലാക്കാനും സാധിക്കുമെന്ന് ഗ്രീൻവിച്ച് പറഞ്ഞു.
ഈയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലിന് പൂർണ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രീൻവിച്ച് .
ഗർഭഛിദ്രം ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഓസ്‌ട്രേലിയയിലെ ഏക സംസ്ഥാനമാണ് ഇപ്പോൾ ന്യൂ സൗത്ത് വെയിൽസ്.
2018 ലാണ് ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള ബിൽ ക്വീൻസ്ലാൻറ് പാർലമെന്റിൽ പാസായത്. വിക്ടോറിയയിൽ 2008ലും ടാസ്മേനിയയിൽ 2013ലുമാണ് ഗർഭഛിദ്രം നിയവിധേയമാക്കിയത്.
എന്നാൽ ഗർഭാവസ്ഥയുടെ 16 ആഴ്ചകൾ വരെ മാത്രമേ ടാസ്മേനിയയിൽ ഗർഭഛിദ്രം നടപ്പാക്കാൻ അനുവാദമുള്ളൂ. അതിനു ശേഷം ഇത് നടപ്പാക്കാൻ ഡോക്ടമാരുടെ സമ്മതം ആവശ്യമാണ്.
വിക്ടോറിയയിൽ 24 ആഴ്ചകൾ വരെയും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 20 ആഴ്ചകൾ വരെയും നോർത്തേൺ ടെറിട്ടറിയിൽ 23 ആഴ്ചകൾ വരെയുമാണ് ഗര്ഭഛിദ്രത്തിനായി ആവശ്യപ്പെടാവുന്നത്.