കഴിഞ്ഞയാഴ്ച മുതൽ ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കിയിരിക്കുന്ന സിഡ്നിയിൽ, സാമൂഹിക കായികവിനോദങ്ങൾ അനുവദിച്ചിട്ടില്ല.
എന്നാൽ ഇത് വകവയ്ക്കാതെ വോളിബോൾ കളിക്കാനിറങ്ങിയ സംഘത്തിനാണ് പിഴശിക്ഷ ലഭിച്ചത്.
തെക്കുപടിഞ്ഞാറൻ സിഡ്നിയിലെ കാൻലി വെയ്ലിൽ ഒരു പാർക്കിൽ വോളിബോൾ കളിച്ച സംഘത്തെ, പട്രോളിംഗിനിറങ്ങിയ പൊലീസുദ്യോഗസ്ഥർ സമീപിക്കുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ ചിലർ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
എന്നാൽ സംഘത്തിലുണ്ടായിരുന്ന 14 പേരെ പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തു.
ഓടി രക്ഷപ്പെടുന്നതിനിടെ കാറിന്റെ താക്കോലും പേഴ്സും എടുക്കാൻ മറന്ന മറ്റൊരാളെയും പൊലീസ് പിന്നീട് കണ്ടെത്തി.
ഈ 15 പേർക്കും 1,000 ഡോളർ വീതമാണ് പിഴശിക്ഷ നൽകിയത്.
20 വയസിനും 63 വയസിനും ഇടയിലുള്ള പുരുഷൻമാരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ഒരു ഹോട്ടൽമുറിയിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച നാലു പേർക്കും പൊലീസ് പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഹോട്ടൽ മുറിയിലെ ബഹളത്തെക്കുറിച്ച് റിപ്പോർട്ട് കിട്ടിയതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഏറെ വർഷങ്ങളായി പരസ്പരം കാണാത്തതുകൊണ്ട് ഒരുമിച്ചിരുന്ന് മദ്യപിക്കാൻ വേണ്ടി മുറിയെടുത്തു എന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്.
ഈ നാലു പേർക്കും 1,000 ഡോളർ വീതമാണ് പിഴശിക്ഷ നൽകുന്നത്.
സിഡ്നിയിൽ ഞായറാഴ്ച 105 പേർക്ക് ഇത്തരത്തിൽ കൊവിഡ് നിയമലംഘനങ്ങളുടെ പേരിൽ നോട്ടീസ് നൽകി എന്ന് പൊലീസ് കമ്മീഷണർ മിക്ക് ഫുള്ളർ അറിയിച്ചു.
നിരവധി പേർക്ക് മാസ്ക് വയ്ക്കാത്തതിന് 200 ഡോളർ വീതമാണ് പിഴ നൽകിയത്.

NSW Police Commissioner Mick Fuller. Source: AAP
കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് അയൽക്കാരോ മറ്റുള്ളവരോ റിപ്പോർട്ട് ചെയ്യുന്നത് കൂടി വരികയാണെന്നും മിക്ക് ഫുള്ളർ പറഞ്ഞു.
ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം 3,000ലേറെ ഫോൺകോളുകളാണ് ഇത്തരത്തിൽ പൊലീസിന് കിട്ടിയത്.
കൊവിഡ് ബാധ രൂക്ഷമായ തെക്കുപടിഞ്ഞാറൻ സിഡ്നിയിൽ നിന്നായിരുന്നു ഇതിൽ കൂടുതലും.