അത്യാവശ്യ കാര്യങ്ങള്‍ക്കായല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴയാണ് മിക്ക സംസ്ഥാനങ്ങളും നല്‍കുന്നത്.
ഏതൊക്കെ സാഹചര്യങ്ങളില്‍ വീട്ടില്‍ നിന്ന് ഇറങ്ങാം എന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകളും നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈസ്റ്റര്‍ അവധിക്കാലം കൂടി കണക്കിലെടുത്ത് ഇത് പരിശോധിക്കാന്‍ പൊലീസും സജീവമാണ്. പല ഭാഗത്തും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പൊലീസ് പരിശോധന നടത്തുന്നുണ്ട്.
നൂറു കണക്കിന് പേര്‍ക്കാണ് ഓരോ സംസ്ഥാനങ്ങളിലും പിഴയടക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് ഇത്തരത്തില്‍ തടഞ്ഞു നിര്‍ത്തിയത് ഒരു ഫെഡറല്‍ മന്ത്രിയെയാണ്.
വെറ്ററന്‍ അഫയേഴ്‌സ്- പ്രതിരോധ സേനാംഗ ചുമതല വഹിക്കുന്ന ഡാരന്‍ ചെസ്റ്റര്‍ എം പിയാണ് ഈ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്.
വിക്ടോറിയയിലെ ഗിപ്സ്ലാന്റ് സീറ്റില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ഡാരന്‍ ചെസ്റ്റര്‍, ഒരു ദിവസത്തെ പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് കാറില്‍ മടങ്ങുകയായിരുന്നു.
കാന്‍ബറയില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സ് വഴി വിക്ടോറിയയിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍, NSWലെ കൂമയില്‍ വച്ചാണ് പൊലീസ് അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തിയത്.
വിക്ടോറിയന്‍ നമ്പര്‍ പ്ലേറ്റുള്ള കാറുമായി ന്യൂ സൗത്ത് വെയില്‍സിലൂടെ ഡ്രൈവ് ചെയ്തതുകൊണ്ടാണ് ഇതെന്ന് ഡാരന്‍ ചെസ്റ്റര്‍ ചൂണ്ടിക്കാട്ടി.
വിക്ടോറിയന്‍ നമ്പരുള്ള കാറില്‍ ന്യൂ സൗത്ത് വെയില്‍സ് വഴി യാത്ര ചെയ്യുന്നതിനെക്കുറിച്ച് പൊലീസ് ഓഫീസര്‍ ചോദിച്ചപ്പോഴാണ് താന്‍ പാര്‍ലമെന്റംഗമാണ് എന്ന കാര്യം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Minister for Veterans Affairs Darren Chester. Source: AAP
ജോബ് കീപ്പര്‍ പേയ്‌മെന്റ് പാക്കേജ് നല്‍കുന്നതിനുള്ള നിയമം പാസാക്കാനായി ബുധനാഴ്ച പാര്‍ലമെന്റ് ഒരു ദിവസത്തേക്ക് ചേര്‍ന്നിരുന്നു.
ഇക്കാര്യം പറഞ്ഞപ്പോള്‍ ലൈസന്‍സ് പരിശോധിച്ച ശേഷം പൊലീസ് ഓഫീസര്‍ തന്നെ യാത്ര തുടരാന്‍ അനുവദിച്ചെന്നും ഡാരന്‍ ചെസ്റ്റര്‍ വ്യക്തമാ്ക്കി.
താന്‍ ഷോര്‍ട്‌സും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്നും, പാര്‍ലമെന്റംഗമാണെന്ന് പൊലീസ് ഓഫീസര്‍ക്ക് മനസിലാകാന്‍ ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും അദ്ദേഹം എ ബി സിയോട് പറഞ്ഞു.
'വീട്ടിലിരിക്കുക' എന്ന സന്ദേശം പാലിക്കുന്നു എന്നുറപ്പാക്കാന്‍ സജീവമായി രംഗത്തുള്ള പൊലീസിനെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്റര്‍ സന്ദേശം അവസാനിപ്പിച്ചത്.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന മന്ത്രി ഡോണ്‍ ഹോര്‍വിന്‍ ഹോളിഡേ ഹോമില്‍ അവധി ആഘോഷിക്കാന്‍ പോയത് വിവാദമായിരിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം.
ഈസ്റ്റര്‍ അവധി ആഘോഷിക്കാന്‍ പുറത്തിറങ്ങരുത് എന്ന് സംസ്ഥാന സര്ക്കാര്‍ കര്‍ശനമായി ജനങ്ങളോട് ആവശ്യപ്പെടുന്നതിനിടെയാണ് സംസ്ഥാന മന്ത്രി തന്നെ സെന്‍ട്രല്‍ കോസ്റ്റിലെ ഹോളിഡേ ഹോമിലേക്ക് പോയത്. മന്ത്രിയോട് എത്രയും വേഗം തിരിച്ചെത്തണം എന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ സംഭവവുമായി താരതമ്യം ചെയ്തുകൊണ്ടാണ് ട്വിറ്ററില്‍ ജനങ്ങള്‍ ഡാരന്‍ ചെസ്റ്ററോട് പ്രതികരിച്ചതും. ഫെഡറല്‍ മന്ത്രിയെ തടഞ്ഞു നിര്‍ത്തിയ പൊലീസ് ഓഫീസര്‍ക്ക് വ്യാപകമായ അഭിനന്ദനമാണ് ട്വിറ്ററില്‍ ലഭിക്കുന്നത്.

Source: SBS