"സംസ്ഥാനത്തെ വാക്‌സിനേഷൻ നിരക്ക് 80 ശതമാനമാകുമ്പോൾ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സ്വാതന്ത്ര്യം ലഭിക്കില്ല."
വാർത്താസമ്മേളനം നിർത്തലാക്കുന്നതായി പ്രഖ്യാപിച്ച പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ തിങ്കളാഴ്ച വീണ്ടും വാർത്താസമ്മേളനത്തിനെത്തി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കുള്ള ഇളവുകൾ ഇന്ന് (തിങ്കളാഴ്ച) മുതൽ നടപ്പിലാക്കിത്തുടങ്ങി.
രോഗബാധ കൂടുതലുള്ള 12 പ്രാദേശിക കൗൺസിൽ മേഖലകൾക്ക് പുറത്ത് താമസിക്കുന്ന രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച അഞ്ച് പേർക്ക് കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം.
ഈ പ്രാദേശിക കൗൺസിൽ മേഖലകളിൽ ഉള്ള രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് രണ്ട് മണിക്കൂർ ഉല്ലാസത്തിനായി കെട്ടിടത്തിന് പുറത്ത് ഒത്തുചേരാം.
എന്നാൽ അഞ്ച് കിലോമീറ്റർ പരിധി ബാധകമാണ്.
നിയന്ത്രണങ്ങളിൽ ഇളവ് നടപ്പിലാക്കിയെങ്കിലും ജാഗ്രതയോടെ വേണം ഒത്തുചേരലെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് 80 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് പ്രീമിയർ അറിയിച്ചരുന്നു. ഇതിനുള്ള മാർഗരേഖ സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
എന്നാൽ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഈ ഇളവുകൾ ബാധകമല്ലെന്ന് പ്രീമിയർ ആവർത്തിച്ചു വ്യക്തമാക്കി.
വാക്‌സിൻ നിരക്ക് 80 ശതമാനം ആകുന്നതുവരെ വാക്‌സിൻ സ്വീകരിക്കാത്തവർക്ക്, മറ്റുള്ളവർക്കൊപ്പം ഈ ഇളവുകൾ ലഭ്യമാകുമെന്ന് കരുതേണ്ടെന്ന് പ്രീമിയർ പറഞ്ഞു. മാത്രമല്ല, വാക്‌സിൻ നിരക്ക് 80 ശതമാനം ആയാലും വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഈ സ്വാതന്ത്ര്യം ലഭിക്കില്ലെന്നും പ്രീമിയർ ഊന്നി പറഞ്ഞു.
സംസ്ഥാനത്ത് 1,257 പ്രാദേശിക വൈറസ് ബാധയാണ് പുതുതായി സ്ഥിരീകരിച്ചത്. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
90 വയസിന് മേൽ പ്രായമായ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും, 80നു മേൽ പ്രായമായ മൂന്ന് പുരുഷന്മാരും, 60നു മേൽ പ്രായമായ ഒരു സ്ത്രീയുമാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് 16നു മേൽ പ്രായമായ 46.2 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. 78.5 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു.
വിക്ടോറിയ
വിക്ടോറിയയിൽ 473 വൈറസ്ബാധയാണ് സ്ഥിരീകരിച്ചത്. പുതുതായി കേസുകൾ പൊട്ടിപ്പുറപ്പെട്ട ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.
സംസ്ഥാനത്തെ നിർമ്മാണമേഖലയിൽ വൈറസ്ബാധ പടരുന്നതിനാൽ മേഖലയിൽ ജോലി ചെയ്യുന്നവർ കൊവിഡ് സുരക്ഷാ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തുമെന്ന് സർക്കാർ അറിയിച്ചു.
നാലാഴ്ചത്തേക്ക് നടത്തുന്ന പരിശോധന വർക് സെയ്ഫിന്റെയും വിക്ടോറിയൻ ബിൽഡിംഗ് അതോറിറ്റിയുടെയും പിന്തുണയോടെ ഇൻഡസ്ടറി എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപ്പാക്കും.
നിർമ്മാണ മേഖലയിൽ ഉള്ളവർക്ക് ഇന്ന് (തിങ്കളാഴ്ച) മുതൽ സെപ്റ്റംബർ 26 വരെ സംസ്ഥാനത്തെ നാല് പ്രധാന വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ബുക്കിംഗ് ഇല്ലാതെ വാക്‌സിൻ സ്വീകരിക്കാം.
ഇവർക്കായി 20,000 ഫൈസർ വാക്‌സിൻ അപ്പോയിന്റ്മെന്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ടെറിട്ടറിയിൽ 13 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ കുറഞ്ഞത് പത്ത് പേരെങ്കിലും സമൂഹത്തിൽ സജീവമായിരുന്നു.
ടെറിറ്ററിൽ രോഗംബാധിച്ച് ഒമ്പത് പേർ ആശുപത്രിയിലുണ്ട്. ഇതിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലും ഒരാൾ വെന്റിലേറ്ററിലുമാണ്.