ന്യൂ സൗത്ത് വെയിൽസിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്ന 825 കേസുകൾ. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം രാജ്യത്ത് തന്നെ ഒരു പ്രദേശത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.
രോഗം ബാധിച്ചവരിൽ കുറഞ്ഞത് 96 പേർ രോഗം പടരാൻ സാധ്യതയുള്ള സമയത്ത് സമൂഹത്തിൽ സജീവമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
- ഓസ്‌ട്രേലിയയിൽ ഒരു പ്രദേശത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണ് NSWലെ പുതിയ കണക്കുകൾ.
- ഉൾനാടൻ വിക്ടോറിയയിൽ ലോക്ക്ഡൗൺ
- വിക്ടോറിയയിൽ ചൈൽഡ് കെയർ സേവനങ്ങളിൽ നിയന്ത്രണം
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. 80 വയസിന് മുകളിൽ പ്രായമുള്ള ഒരു വ്യക്തിയും 90 വയസിന് മുകളിൽ പ്രായമുള്ള ഒരാളും മരിച്ചവരിൽ ഉൾപ്പെടുന്നു. ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 90 വയസിന് മുകളിൽ പ്രായമായുള്ള ഒരു സ്ത്രീയും മരിച്ചു.
കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വാക്‌സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണം കൂടുന്ന കാര്യം പ്രതീക്ഷ നൽകുന്നതായി പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു. നിലവിൽ കാണുന്ന വാക്‌സിനേഷൻ നിരക്ക് തുടരാൻ കഴിഞ്ഞാൽ വാക്‌സിനേഷൻ ഡെഡ് ലൈനുകൾ പാലിക്കാൻ കഴിയുമെന്ന് പ്രീമിയർ പറഞ്ഞു.
അതിനായി ഈ ലോക്ക്ഡൗൺ സമയം പരമാവധി ആളുകളും വാക്‌സിനേഷൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു.
അതെ സമയം ലോക്ക്ഡൗൺ വിരുദ്ധ റാലി നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് 1500 പോലീസ് ഉദ്യോഗസ്ഥരെ സിഡ്‌നി CBDയിൽ വിന്യസിച്ചിട്ടുണ്ട്.
കേസുകൾ കുത്തനെ ഉയർന്നതിന് പിന്നാലെ സിഡ്‌നിയിലെ വീട്ടിലിരിക്കാനുള്ള നിർദ്ദേശം സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുകയാണ്. പന്ത്രണ്ടോളം ഹോട്സ്പോട്ടുകളിൽ രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെ കർഫ്യു ഉൾപ്പടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
NSW ൽ തിങ്കളാഴ്ച്ച മുതൽ വീടിന് പുറത്ത് (വ്യായാമം ചെയ്യുമ്പോൾ ഒഴിച്ച്) മാസ്ക് നിർബന്ധമായിരിക്കും.
ഉൾനാടൻ വിക്ടോറിയയിൽ ലോക്ക്ഡൗൺ
ഇന്ന് (ശനിയാഴ്ച്ച) ഒരു മണിമുതൽ ഉൾനാടൻ വിക്ടോറിയയിൽ ലോക്ക്ഡൗൺ നടപ്പിലാക്കുന്നതായി പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പ്രഖ്യാപിച്ചു.മേഖലയിൽ ഇപ്പോൾ കർഫ്യു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രീമിയർ പറഞ്ഞു.
ഉൾനാടൻ പ്രദേശമായ ഷേപ്പർട്ടണിൽ കൊവിഡ് വ്യാപനം നിയന്ത്രണത്തിൽ കൊണ്ടുവരാൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വിക്ടോറിയയുടെ ഉൾനാടൻ പ്രദേശത്തും ലോക്ക്ഡൗൺ നടപ്പിലാക്കുന്നതെന്ന് പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് 61 പുതിയ പ്രാദേശിക രോഗബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ 39 പേർ സമൂഹത്തിൽ സജീവമായിരുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പുതിയ കേസുകളിൽ 48 എണ്ണം മാത്രമാണ് നിലവിലുള്ള കേസുകളുമായി ബന്ധമുള്ളതായി ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
ഷേപ്പർട്ടണിൽ 16 കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ കേസുകൾ ഞായറാഴ്ച്ചത്തെ കണക്കുകളിലായിരിക്കും ഉൾപ്പെടുത്തുക.
ചൈൽഡ് കെയർ സേവനങ്ങൾക്ക് നിയന്ത്രണം
ചൈൽഡ് കെയർ സേവനം പെർമിറ്റുള്ളവർക്ക് മാത്രമായി പരിമിതിപ്പെടുത്തുന്നതായി പ്രീമിയർ വ്യക്തമാക്കി.
അനുമതിയുള്ള തൊഴിലാളികളുടെ കുട്ടികൾക്കും വൾനറിബിൾ വിഭാഗത്തിലുള്ള കുട്ടികൾക്കും മാത്രമായിരിക്കും ചൈൽഡ് കെയർ സേവനം ഉപയോഗിക്കാൻ അനുമതി ഉണ്ടാവുക.
യുവാക്കളെയും ചെറിയ കുട്ടികളെയും ഡെൽറ്റ വകഭേദം വളരെയധികം ബാധിക്കുന്നതായി കാണുന്നുവെന്ന് പ്രീമിയർ പറഞ്ഞു. 2021 ൽ വൈറസിന്റെ വ്യാപനത്തിലും ഡെൽറ്റ വകഭേദത്തിലും കാണുന്ന ഒരു പ്രവണതയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താലാണ് ചൈൽഡ് കെയർ സേവനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

