NSWൽ ഡെൽറ്റ വൈറസ്ബാധ പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
172 പുതിയ കേസുകളിൽ 60 പേരും രോഗമുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.
ലോക്ക്ഡൗൺ തുടരുന്നതിനിടയിലും സിഡ്നിയുടെ കൂടുതൽ മേഖലകളിലേക്ക് വൈറസ്ബാധ പടരുന്നതായാണ് സർക്കാർ വ്യക്തമാക്കിയത്.
മൂന്നു കുടുംബങ്ങളിലുള്ള ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ബ്ലാക്ക്ടൗണിലെ ഒരു അപ്പാർട്ടമെന്റ് സമുച്ചയം ലോക്ക്ഡൗൺ ചെയ്തു.
50ലേറെ അപ്പാർട്ട്മെന്റുകളുളള അഞ്ചു നില സമുച്ചയമാണ് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണിലാക്കിയത്. ഡെവിറ്റ് സ്ട്രീറ്റിലുള്ള ഇവോൾവ് ഹൗസിംഗിന്റെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ജീവിക്കുന്ന എല്ലാവരും ക്ലോസ് കോൺടാക്ടാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഈ അപ്പാര്ട്ട്മെന്റിലുള്ളവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സർക്കാർ തന്നെ എത്തിക്കുമെന്നും പശ്ചിമസിഡ്നി ലോക്കൽ ഹെൽത്ത് ഡിസ്ട്രിക്ട് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡ്ബാധയുമായി 169 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ 46 പേരാണ് ICUവിലുള്ളത്.
ലിവർപൂൾ ആശുപത്രിയുമായി ബന്ധപ്പെട്ടും പുതിയ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. രണ്ട് നഴ്സുമാരും ഒരു നഴ്സിംഗ് വിദ്യാർത്ഥിയും എട്ട് രോഗികളും ഉൾപ്പെടെയാണ് ഇത്.
സംസ്ഥാനത്തെ ലോക്ക്ഡൗൺ അടുത്തയാഴ്ച മുതൽ എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രീമിയർ അറിയിച്ചു. ഈ തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കും.
സിഡ്നിക്കാർക്ക് അടുത്ത ചില ആഴ്ചകൾ കൂടി കടുപ്പമേറിയ ജീവിതമായിരിക്കുമെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.
വിക്ടോറിയക്കാർക്ക് ആശ്വാസം
വിക്ടോറിയയിൽ പത്ത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തെങ്കിലും, രണ്ടാഴ്ച നീണ്ടുനിന്ന ലോക്ക്ഡൗൺ പിൻവലിക്കുന്നതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.
എന്നാൽ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി ചില നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും പ്രീമിയർ വ്യക്താക്കി. വീടു സന്ദർശനത്തിനുള്ള വിലക്കും മാസ്ക് നിർബന്ധിതമായി തുടരുന്നതുമാണ് ഇതിൽ ഏറ്റവും പ്രധാനം.
സ്കൂളുകളുടെ പ്രവർത്തനം ബുധനാഴ്ച മുതൽ തുടങ്ങും.
ബുധനാഴ്ച മുതൽ വിക്ടോറിയയിലെ ജീവിതം ഇങ്ങനെയാകും:
- വീടുകളിൽ സന്ദർശനം പാടില്ല
- കെട്ടിടങ്ങൾക്കകത്തും പുറത്തും മാസ്ക് നിർബന്ധമായിരിക്കും
- അഞ്ചു കിലോമീറ്റർ യാത്രാ നിയന്ത്രണം പൂർണമായും പിൻവലിച്ചു
- റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ജിമ്മുകൾ എന്നിവ തുറക്കാം. നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന പരിധി ബാധകം.
- എല്ലാ കുട്ടികൾക്കും സ്കൂളുകളിലേക്ക് തിരിച്ചെത്താം
- സാമൂഹിക കായികവിനോദങ്ങൾ പുനരാരംഭിക്കാം
NSWലെ അതിർത്തിപ്രദേശങ്ങളിൽ അനുവദിച്ചിരുന്ന ബബ്ൾ സമ്പ്രദായം മരവിപ്പിച്ച വിക്ടോറിയൻ സർക്കാർ, ഇവിടെ നിന്നുള്ളവർക്ക് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

ഡെൽറ്റ വൈറസിനെ കീഴക്കിയെന്നുള്ള വിജയപ്രഖ്യാപനമോ, അവകാശവാദമോ അല്ല ഇതെന്നും, വിക്ടോറിയക്കാർ നിയന്ത്രണങ്ങൾ പാലിച്ചതുകൊണ്ട് കിട്ടുന്ന ആശ്വാസമാണെന്നും പ്രീമിയർ പറഞ്ഞു.

