ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. പ്രദേശത്ത് ലോക്ക്ഡൗൺ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ചൊവ്വാഴ്ച പുതുതായി 18 കേസുകൾ കൂടി സ്ഥിരീകരിച്ചു.
ഇതിൽ രണ്ട് പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിലുണ്ടായിരുന്നു. മറ്റുള്ളവർ ഐസൊലേഷനിലാണ്.
സിഡ്‌നിയുടെ വടക്ക്- പടിഞ്ഞാറൻ പ്രദേശത്തുള്ള ബക്കാം ഹിൽസിലെ സമ്മിറ്റ് കെയർ ഏജ്ഡ് കെയറിൽ ജോലി ചെയ്യുന്ന ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രണ്ട് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവിടെ താമസിക്കുന്ന അഞ്ച് പേർക്കും കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു.
ഇതോടെ ഏജ്ഡ് കെയർ ക്ലസ്റ്ററിലെ രോഗബാധയുടെ എണ്ണം എട്ട് ആയി.
തിങ്കളാഴ്ച സംസ്ഥാനത്ത് 35 കേസുകളാണ് സ്ഥിരീകരിച്ചത്.
അതേസമയം, ഗ്രെയ്റ്റർ സിഡ്നി, ബ്ലൂ മൗണ്ടൻസ്, സെൻട്രൽ കോസ്റ്റ്, വൊള്ളോംഗോങ്, ഷെൽഹാർബർ എന്നിവിടങ്ങളിൽ ജൂലൈ ഒമ്പതിന് ലോക്ക്ഡൗൺ അവസാനിക്കുമോ എന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനം അറിയിക്കുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറാജ്കളിയൻ അറിയിച്ചു.
ലോക്ക്ഡൗൺ ഫലം കണ്ടിട്ടുണ്ടെന്നും അടുത്തയാഴ്ച എങ്ങനെയായിരിക്കുമെന്ന കാര്യം ബുധനാഴ്ച വ്യക്തമാക്കുമെന്നും പ്രീമിയർ പറഞ്ഞു.
സംസ്ഥാനത്ത് രോഗം ബാധിച്ച് 26 പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ ആറ് പേർ തീവ്രപരിചരണ വിഭാഗത്തിലും രണ്ട് പേർ വെന്റിലേറ്ററിലുമാണ്.
ക്വീൻസ്ലാന്റിലും പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി ഒരു കേസാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുള്ളയാൾക്കാണ് വൈറസ്ബാധ.
ഇതിനിടെ കെയിൻസിലെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് രക്ഷപ്പെട്ട 32 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
കെയിൻസിലുള്ള ഒരു വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. സിഡ്നി സ്വദേശിനിയായ ഇവർക്കെതിരെ പോലീസ് ക്രിമിനൽ കുറ്റത്തിന് കേസെടുത്തു.