സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയാത്തതിനെത്തുടർന്ന് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ്.
ഗ്രെയ്റ്റർ സിഡ്നി മേഖലയിൽ സ്റ്റേ ഹോം നിർദ്ദേശം ജൂലൈ 16 വരെയാണ് നീട്ടിയത്. നാല് കാരണങ്ങൾക്ക് മാത്രമാണ് ഇവിടെയുള്ളവർക്ക് പുറത്തിറങ്ങാവുന്നത്.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് 38 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചത്.
ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.
40,000 ത്തിനടുത്ത് നടത്തിയ പരിശോധനകളുടെ ഫലമായാണ് 38 കേസുകൾ കണ്ടെത്തിയത്. ഇതിൽ 11 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിനുണ്ടായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
ബുധനാഴ്ചത്തെ രോഗബാധിതരുടെ എണ്ണം ആശങ്കാജനകമാണെന്നും ജനങ്ങൾ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു.
ബന്ധുക്കളെക്കളെയും സുഹൃത്തുക്കളെയും ഓൺലൈൻ ആയി ബന്ധപ്പെടാൻ ശ്രമിക്കണമെന്നും, നേരിട്ട് കാണുന്നത് ഒഴിവാക്കണമെന്നും പ്രീമിയർ ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗബാധ ഇനിയും പടർന്നാൽ പ്രാദേശികമായി കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.
Bossley Park, Smithfield, Fairfield, Glenfield, West Hoxton Park, Greenacres, St Johns Park, Bonnyrigg, Bankstown, Roselands എന്നിവിടങ്ങളിലാണ് കേസുകൾ കൂടുതലായി കണ്ടുവരുന്നത്.
നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനക്ക് മുൻപോട്ടു വരണമെന്നും പ്രീമിയർ അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ജോലിക്ക് പോകരുതെന്ന് ചീഫ് ഹെൽത്ത് ഓഫീസർ കേറി ചാൻറ് പറഞ്ഞു.
സംസ്ഥാനത്ത് ഉറവിടം കണ്ടെത്താത്ത 12 കേസുകളുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ.
സംസ്ഥാനത്ത് 40 കോവിഡ് രോഗികളാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 30നു മേൽ പ്രായമുള്ള ഒരാൾ ഉൾപ്പെടെ 11 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ന്യൂ സൗത്ത് വെയിൽസിൽ ബുധനാഴ്ച 27 കേസുകൾ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധ വീണ്ടും രൂക്ഷമായ ജൂൺ 16 മുതലുള്ള കണക്ക് പ്രകാരം 396 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.